ദീപം പറയ്ക്കു കീഴില്‍ വയ്ക്കാതിരിക്കുക

Published on

സത്യജിത്ത്, വടുതല

2019 ജനുവരി 9-ലെ 'പ്രതികാരത്തെ സ്ഫുടം ചെയ്തെടുക്കുന്നവര്‍' എന്ന എഡിറ്റോറിയല്‍ വായിച്ചു. നിശ്ചലമായ ശരീരത്തോടെ തന്‍റെ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സൈമണ്‍ ബ്രിട്ടോയുടെ ഇച്ഛാശക്തിയെ ആദരവോടെ കാണുന്നു. 35 വര്‍ഷം മുമ്പ് എറണാകുളത്തെ വിവിധ കോളജുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു വ്യക്തിയാണു ഞാന്‍. അന്നത്തെ ഈ അക്രമസംഭവങ്ങള്‍ക്കുശേഷം കാലാകാലങ്ങളായി പത്രമാധ്യമങ്ങളില്‍ വരുന്ന പല കാര്യങ്ങളും എന്നെപ്പോലെ പ്രത്യേക രാഷ്ട്രീയ ചായ്വുകളില്ലാത്തവര്‍ക്ക് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

ഒന്നാമതായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ഇരയാണു സൈമണ്‍ ബ്രിട്ടോ എന്നാണു പറയുന്നത്. 65-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. 35 വര്‍ഷം മുമ്പ് അദ്ദേഹം 30 വയസ്സുള്ള ഒരാളായിരിക്കണം. പത്രങ്ങള്‍ പറയുന്ന പ്രതികള്‍ ഡിഗ്രി വിദ്യാര്‍ത്ഥികളാണെങ്കില്‍ പ്രായം ഏകദേ ശം 22 കാണും. ബ്രിട്ടോ മഹാരാജാസ് വിദ്യാര്‍ത്ഥിയാണെന്ന മട്ടിലാണു മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചത്. ബ്രിട്ടോ മഹാരാജാസില്‍ ഒരു വര്‍ഷംപോലും പഠിച്ചിട്ടില്ലെന്നു മന്ത്രി തോമസ് ഐസക് എടുത്തുപറയുന്നുണ്ട്.

തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്ത ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കെഎസ്യു ക്കാരെ ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണു സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റത് എന്നാണ്. സത്യം എന്തുമാകട്ടെ ഈ കേസിലെ പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയോ? എന്തു ശിക്ഷയാണ് അതിനു നല്കിയത്? കോടതിവിധിയുടെ സത്യാവസ്ഥ അറിയാനുള്ള ജിജ്ഞാസ പലര്‍ക്കും ഉണ്ടായിരിക്കും എന്നു ഞാന്‍ കരുതുന്നു. 35 വര്‍ഷം മുമ്പു നടന്ന ഒരു സംഭവം നേരില്‍ കണ്ടപോലെ വര്‍ണിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സംശയങ്ങള്‍ ചോദിച്ചത്. റേറ്റിംഗിനും സര്‍ക്കുലേഷനുംവേണ്ടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃ ഷ്ടിക്കുന്നതിനെ സത്യദീപം അതേപടി അനുകരിക്കുന്നതു ശരിയാണോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org