ഉദയംപേരൂര്‍ സൂനഹദോസ്

സെലിന്‍ പോള്‍, തൊടുപുഴ

പീറ്റര്‍ കണ്ണമ്പുഴ ഉദയംപേരൂര്‍ സൂനഹദോസിനെപ്പറ്റി സത്യദീപത്തിലെഴുതിയ ലേഖനം വളരെയേറെ ചരിത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും വിജ്ഞാനപ്രദവുമായിരുന്നു.

മേല്‍ജാതിക്കാരുടെ കണ്‍വെട്ടത്ത്, താഴ്ന്ന ജാതിക്കാരുടെ നിഴല്‍പോലും പതിക്കാന്‍ പാടില്ല. അതുപോലെ പൊതുവീഥിയോ കുളമോ കിണറോ ആരാധനയോ നിഷിദ്ധമായിരുന്നു. മണ്ണില്‍ കുഴിച്ച കുഴിയില്‍ (കുമ്പിളില വച്ച്) വിളമ്പിയ ഭക്ഷണം കഴിക്കാന്‍ മാത്രം അവകാശമുണ്ടായിരുന്ന ഒരു കാലത്താണ്, അവര്‍ണരും മനുഷ്യരാണെന്നും എല്ലാവരും ദൈവമക്കളും ദൈവത്തിന്‍റെ മുമ്പില്‍ തുല്യരുമാണെന്നും സൂനഹദോസ് പഠിപ്പിച്ചത്. ഈ വിപ്ലവകരമായ പ്രഖ്യാപനങ്ങളുടെ അനുരണനങ്ങളാണു പില്‍ക്കാലത്തു കേരളസമൂഹത്തിലുണ്ടായ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞത്.

അതുപോലെതന്നെ കേരളത്തിലെ അയഞ്ഞ ലൈംഗിക വ്യവസ്ഥയ്ക്കെതിരായും സൂനഹദോസ് നിലപാടെടുത്തു. ഏക ഭാര്യാത്വം, ദാമ്പത്യവിശ്വസ്തത എന്നീ മൂല്യങ്ങളെ ആധാരമാക്കിക്കൊണ്ട് ഒരു പുരുഷന് ഒരു സ്ത്രീയും, ഒരു സ്ത്രീക്ക് ഒരു പുരുഷനും എന്ന കുടുംബവ്യവസ്ഥ നിലവില്‍ വന്നു. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശവും അര്‍ഹമായ വിഹിതവും നല്കണമെന്നും സൂനഹദോസ് നിഷ്കര്‍ഷിച്ചു. വിവാഹകാര്യങ്ങള്‍ക്കു വധൂവരന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വില കല്പിക്കണമെന്നും നിര്‍ബന്ധവിവാഹങ്ങള്‍ പാടില്ലായെന്നും സൂനഹദോസില്‍ തീരുമാനമുണ്ടായി. ശൈശവിവാഹം നിരോധിച്ചു.

1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയ 'മെനേസിസ്' മെത്രാപ്പോലീത്തയ്ക്കു വെറും 35 വയസ്സ് പ്രായം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. 400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു സൂനഹദോസ് വിളിച്ചുചേര്‍ക്കാനും ഇത്രയും വിപ്ലവകരമായ തീരുമാനങ്ങളെടുക്കാനും സാധിച്ചത് ഇന്നു ചിന്തിക്കുമ്പോള്‍ വളരെ അത്ഭുതകരമായിട്ടാണു തോന്നുന്നത്. ഇങ്ങനെ കാലത്തിനു മുമ്പേ ചിന്തിക്കാനും ധീരമായ നടപടികളെടുക്കാനും കഴിവുള്ള പിതാക്കന്മാരെയാണു നമ്മുടെ കേരളസഭയ്ക്ക് ഇന്നാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org