കല്ലേറ് കൊള്ളുമ്പോള്‍

സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം

സെപ്തംബര്‍ 4-ലെ സത്യദീപത്തില്‍ 'കല്ലറിയേണ്ടതാരേ?' എന്ന ശ്രീ തോമസ് പി.വി. തൃശൂരിന്‍റെ കത്ത് വായിച്ചപ്പോള്‍ ബഹുമുഖ പ്രതിഭയും തെളിവാര്‍ന്ന ചിന്തയുടെ ആള്‍രൂപവുമായ മേല്‍പ്പട്ടക്കാരന്‍ എഴുതിയ ലേഖനത്തെ 'മൂന്ന് പേര്‍ ചേര്‍ന്ന് 'വിറളി പിടിച്ച്' വായിച്ചതായി പരാമര്‍ശിച്ചു കണ്ടു. അങ്ങനെ വിറളി പിടിച്ചവരില്‍ ഒരാളാണ് വീണ്ടും ഈ കത്ത് എഴുതുന്നത്. നമ്മള്‍ ഒരാള്‍ക്കു നേരേ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ നമ്മുടെതന്നെ നേരെയാണ് തിരിയുന്നത് എന്ന് അറിയാത്ത വായനക്കാരനല്ലല്ലോ അങ്ങ്; കത്തിലെ 'മേല്‍പ്പട്ടക്കാരന്‍' കോളമെഴുത്തിലൂടെ പറഞ്ഞതും ചോദിച്ചതും കൃത്യമായ കാര്യങ്ങളായിരുന്നു. അതിനെ അപ്പോഴും ഇപ്പോഴും അഭിനന്ദിക്കുന്നു. പക്ഷേ ബഹുമുഖ പ്രതിഭയായ കോളം എഴുത്തുകാരന്‍ ഒരു മേല്‍പ്പട്ടക്കാരനും സീറോ മലബാര്‍ സഭയുടെ സുപ്രധാന ചുമതലക്കാരനും ആയിരിക്കുമ്പോള്‍ തന്‍റെ അധികാരപരിധിയില്‍ നടന്ന ചില പുഴുക്കുത്തുകള്‍ കാണാതെ അതിമിടുക്കനാകാന്‍ ശ്രമിക്കുന്നത് കണ്ടിട്ടായിരിക്കും, എന്നെപ്പോലെ രണ്ടു പേര്‍ക്കു കൂടി അദ്ദേഹത്തിന്‍റെ ധാര്‍മ്മികതയുടെ ശോഷണം ചൂണ്ടികാണിക്കേണ്ടി വന്നത്. കത്തെഴുതിയ ആള്‍ ബഹുമുഖ പ്രതിഭ എന്നു വിശേഷിപ്പിച്ചപ്പോള്‍ മാര്‍ ജോസഫ് പ്ലാംപാനിയെ വീണ്ടും വിവാദ കേന്ദ്രമാക്കിയോ എന്ന് സംശയിച്ചുപോകുന്നു. ആഗസറ്റ് 30-ന് സമാപിച്ച സീറോ മലബാര്‍ സഭാ സിനഡില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി മാര്‍ ആന്‍റണി കരിയില്‍ പിതാവിനെയും അവിടെത്തെ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യാ രൂപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെ ഫരീദാബാദ് സഹായ മെത്രാനായും നിയമിച്ചുകൊണ്ടുള്ള പൗരസ്ത്യ തിരുസംഘത്തിന്‍റെ കല്പനയുടെ പകര്‍പ്പ് 'അതേപടി' പ്രസിദ്ധീകരണത്തിന് നല്കണമെന്ന് കര്‍ദിനാള്‍ സാന്ദ്രി പിതാവ് പരാമര്‍ശിച്ചത് എന്തുകൊണ്ടായിരിക്കണം എന്ന് വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ ശ്രീ തോമസ് പി.വി.ക്ക് മനസ്സിലായിക്കാണും എന്നു കരുതുന്നു.

നമ്മുടെ ആത്മീയ നേതൃത്വത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് നല്ലതിനായി കരുതുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org