യേശുവിന്‍റെ മണവാട്ടികള്‍

ടി.എ. ജോസ് കാട്ടൂര്‍

സന്ന്യാസിനികളുടെ ശാക്തീകരണത്തെക്കുറിച്ചും മറ്റും ആഗസ്റ്റ് 1-ലെ സത്യദീപത്തില്‍ ദീര്‍ഘമായ ലേഖനം എഴുതിയ ബഹു. വര്‍ഗീസ് പാലാട്ടിയച്ചന്‍ ജൂലൈ 25-ലെ സത്യദീപത്തില്‍ ബഹു. ഫാ. ജെയിംസ് കളത്തുങ്കല്‍ ഒ.എഫ്.എം. എഴുതിയ കത്തു മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നു തോന്നിപ്പോകുന്നു. അദ്ദേഹം തന്‍റെ ലേഖനത്തില്‍ 'സഭയിലെ സന്ന്യാസിനികള്‍ നാലാം നൂറ്റാണ്ടു മുതല്‍ കര്‍ത്താവിന്‍റെ മണവാട്ടികളായി സ്വയം സമര്‍പ്പണം ചെയ്തു സഭയില്‍ ശുശ്രൂഷ ചെയ്യുന്നു'വെന്ന് എഴുതിക്കണ്ടു. തന്നെയുമല്ല, '…ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ചു സഭയിലെ ദാസികളായി ശുശ്രൂ ഷ ചെയ്യുന്നവരാണെന്നും' ആ ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. സന്ന്യാസിനികളെക്കുറിച്ചു വൈദികര്‍ക്കുള്ള മനോഭാവം ഇതാണെങ്കില്‍ അവരെ ശാക്തീകരിക്കാന്‍ എങ്ങനെ സാധിക്കും? സന്ന്യാസിനികളുടെ മഠങ്ങളില്‍ പ്രശ്നങ്ങളുണ്ടായേക്കാം. അത് അവിടെ ചെല്ലുന്ന പുതുതലമുറ തന്നെ പരിഹരിക്കുമെന്നാണു തോന്നുന്നത്. ഇപ്പോള്‍ത്തന്നെ എത്രയോ മാറ്റങ്ങള്‍ അവിടെ ഉണ്ടായിരിക്കുന്നു. പക്ഷേ, മാറേണ്ടതു വൈദികര്‍ക്കു സന്ന്യാസിനികളോടുള്ള മനോഭാവമാണ്. അവര്‍ സഭയിലെ ദാസികളല്ല. വൈദികരെപ്പോലെതന്നെ ക്രിസ്തുവിനുവേണ്ടി സേവനം ചെയ്യുന്ന സമര്‍പ്പിതരാണ്.

എല്ലാ സന്ന്യാസികളും (വൈദികരും) ബഹു. ജെയിംസ് അച്ചന്‍റെ കത്തും അതുപോലെ സത്യദീപത്തില്‍ വന്നുകൊണ്ടിരിക്കുന്ന മറ്റു കത്തുകളും ലേഖനങ്ങളും മനസ്സിരുത്തി വായിക്കുമെങ്കില്‍ സന്ന്യസ്തരുടെ മനസ്സിലും സഭയിലും ഒരു നവോത്ഥാനത്തിന്‍റെ ആരംഭം കുറിക്കുമെന്നതു തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org