ജനാധിപത്യത്തെ ഭയപ്പെടുന്നവര്‍

Published on

അഡ്വ. ടി.ജെ. വര്‍ക്കി, കോഴിക്കോട്

സത്യദീപ (ലക്കം 18) ത്തിലെ പാംപ്ലാനി പിതാവിന്‍റെ "ജനാധിപത്യത്തെ ഭയപ്പെടുന്നവര്‍" എന്ന ലേഖനം ചിന്തനീയമായിരുന്നു! ഇന്ന് ഭാരതത്തില്‍ പറയാന്‍ പലരും മടിക്കുന്ന സത്യങ്ങള്‍!

മോണ്‍. ജോസഫ് പാംപ്ലാനി ബിഷപ്പാകുന്നു എന്നു കേട്ടപ്പോള്‍ ഒരു വിഷമം തോന്നി. ഇനി ആരാണു യഥാസമയം യഥോചിതമായി പ്രതികരിക്കാന്‍ എന്ന്? അദ്ദേഹവുമായുള്ള സത്യദീപം അഭിമുഖം വായിച്ചപ്പോള്‍ വിഷമം കുറഞ്ഞു. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: "പീഡനമുണ്ടാകുമ്പോള്‍ ആദ്യം കൊല്ലപ്പെടുന്നതു മെത്രാനാണ് എന്നതിന്‍റെ പ്രതീകമായിട്ടാണു ചുവന്ന അരക്കെട്ട്. അതിനാല്‍ ആവശ്യമുള്ളിടത്തൊക്കെ പ്രതികരണങ്ങള്‍ നടത്താന്‍ എനിക്കു സാധിക്കും."

"തനിക്കു സാധിക്കുമെന്ന്" പാംപ്ലാനി പിതാവ് ഈ ലേഖനത്തിലൂടെ തെളിയിച്ചിരിക്കുന്നു. എന്തു കഴിക്കണം, എന്തു ധരിക്കണം, എന്തു കാണണം, എന്തു പറയണം എന്നു സംഘപരിവാര്‍ നിശ്ചയിക്കുന്ന ഗുരുതരമായ സ്ഥിതിയെയാണു പിതാവ് ധീരമായി ചോദ്യം ചെയ്യുന്നത്. 'ദേശവിരുദ്ധത' എന്ന പദം തന്നെ പിതാവു പറയുന്നതുപോലെ ഒരു സംഘപരിവാര്‍ സൃഷ്ടിയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത പത്രങ്ങള്‍ക്കു സര്‍ക്കാര്‍ വക പരസ്യം നല്കില്ലെന്നത് ജനാധിപത്യത്തിന്‍റെ മരണമണിയാണ്!

പിതാവു സംശയിക്കുന്നതുപോലെ വസ്തുനിഷ്ഠവും മതനിരപേക്ഷവുമായ ജനാധിപത്യത്തെ ഭരണകൂടം ഭയപ്പെടുന്നു എന്നാണു വസ്തുതകള്‍ കാണിക്കുന്നത്. ഇന്ത്യയുടെ ഇരുണ്ട യുഗം നീളാതെയും കൂടുതല്‍ ഇരുളാതെയും കഴിയാന്‍ നമുക്കു കണ്ണിലെണ്ണയൊഴിച്ചു നോക്കിയിരിക്കുകയും യഥാവസരം പ്രവര്‍ത്തനസജ്ജരാകുകയും ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org