അല്മായ പങ്കാളിത്തം വഴികളും വാതിലുകളും

തങ്കച്ചന്‍ തുണ്ടിയില്‍

അല്മായ പങ്കാളിത്തം വഴികളും വാതിലുകളും ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എഴുതിയ കുറിപ്പുകള്‍ വായിച്ചു. സന്ദര്‍ഭോചിതവും ഈ കാലഘട്ടത്തിലെ ഒരു പ്രവാചകശബ്ദമായും എനിക്കു തോന്നി. ഇടവകയിലെ ഇന്നത്തെ പ്രവര്‍ത്തനശൈലിയെപ്പറ്റിയുള്ള പഠനം വെളിപ്പെടുത്തുന്ന കാര്യം അദ്ദേഹം കുറിച്ചതില്‍ നിന്ന് ഏറിയാല്‍ പത്തു ശതമാനം പേരാണു സഭാശുശ്രൂഷകളില്‍ സജീവപങ്കാളികളാകുന്നത്. നാല്പതു ശതമാനം വരുന്ന പ്രബുദ്ധരായ അല്മായര്‍ സഭാജീവിതത്തോടു നിസ്സംഗത പുലര്‍ത്തുന്നു. "സഭാസംവിധാനത്തില്‍ അല്മായ പങ്കാളിത്തം സജീവമാക്കി ഇതിനൊരു മാറ്റവും ഉയിര്‍ത്തെഴുന്നേല്പും ഉണ്ടാകുന്നില്ലെങ്കില്‍ ഭാരതസഭയ്ക്കു കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടി വരും." ഇതിനുള്ള വഴികളും വാതിലുകളും അദ്ദേഹം നന്നായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

പവര്‍ ഇവാഞ്ചലൈസേഷന്‍ 2033 എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍വച്ചു നടന്ന കൂട്ടായ്മയില്‍ ഒരു അല്മായ സഹോദരന്‍ ക്ലാസ്സെടുത്തപ്പോള്‍ ഇപ്രകാരമൊരു വാക്ക് പറഞ്ഞപ്പോള്‍ സമൂഹത്തില്‍ വലിയ കയ്യടി ഉണ്ടായി: "ബഹുമാനപ്പെട്ട വൈദികരെ നിങ്ങള്‍ ഞങ്ങളെ കല്ലെറിയരുത്."

ആദിമസഭയില്‍ വിശ്വാസത്തിനുവേണ്ടി സഹിക്കുകയും രക്തസാക്ഷി ത്വം വരിക്കുകയും ചെയ്തവരില്‍ നല്ലൊരു ഭാഗം അല്മായരായിരുന്നുവെന്നു വി.സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റീത്തുകളുടെയും രൂപതകളുടെയും പേരില്‍ വിഘടിച്ചുനില്ക്കാതെ ആചാര-പാരമ്പര്യാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിലെ കത്തോലിക്കാ വിശ്വാസസമൂഹത്തെ ഒരൊറ്റ കാഴ്ചപ്പാടില്‍ കോര്‍ത്തിണക്കി ദേശീയ തലത്തില്‍ സഭാനേതൃത്വത്തിനു കരുത്തേകി അല്മായ സമൂഹത്തിന്‍റെ ഒരു നവനേതൃത്വനിര പടുത്തുയര്‍ത്തുവാനും സഭയില്‍ പുതിയൊരു അല്മായ മുഖം സൃഷ്ടിക്കാനുമുള്ള ശ്രമമാണു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നതെന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത് ആനന്ദകരമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org