ഇന്ത്യയുടെ മതേതര ജനാധിപത്യം അപകടത്തിലേക്കോ?

തോമസ് മുളയ്ക്കല്‍, ബങ്കളൂരു

ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരെ നിര്‍ബന്ധിതമായി മതംമാറ്റിയത് ഇറ്റലിയില്‍നിന്നുള്ള ഏജന്‍റുമാരാണെന്നും ഛത്തീസ്ഗഡ് കോണ്‍ഗ്രസ്സ് ഭരണത്തിലിരുന്നപ്പോള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനംപോലെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് 'ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവര്‍' നടത്തിയിരുന്നതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണയോഗത്തില്‍ പരാമര്‍ശിച്ചതായി വാര്‍ത്ത വരികയുണ്ടായി.

യോഗി ആദിത്യനാഥ് അറിയപ്പെടുന്ന 'തീവ്ര ഹിന്ദുത്വ' വാദിയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിതമായാല്‍ രാഷ്ട്രത്തെ നയിക്കുവാന്‍ ഏറെ യോഗ്യനായ വ്യക്തിയാണ് ഇദ്ദേഹം. യോഗി ലോക് സഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ബി.ജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു മുന്‍കൂട്ടി പ്രവചിക്കുകയുണ്ടായി. രാമക്ഷേത്രനിര്‍മാണത്തിനുവേണ്ടി സുപ്രീംകോടതി വിധി കാത്തിരിക്കേണ്ടതില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം ഈയിടെ പ്രഖ്യാപിച്ചു.

യു.പി. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനപ്പെട്ടതാണു മതപരിവര്‍ത്തനം നിരോധിക്കുക, ഗോവധനിരോധനം നടപ്പാക്കുക, ഗോസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, അലഹബാദ്, ഫൈസാബാദ് തുടങ്ങിയ സിറ്റികളുടെ പേരു ഹിന്ദുത്വമാക്കുക, മാംസവും മദ്യവും നിരോധിക്കുക തുടങ്ങിയവ. ക്രിസ്ത്യന്‍ മിഷനറിമാരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ കാലത്തുതന്നെ ആരംഭിച്ചതാണ്. ഡച്ചുകാരും ബ്രിട്ടീഷുകാരും അതു തുടര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ഇന്ത്യയില്‍ നടന്നുവന്ന സതി, ശൈശവ വിവാഹം, ശിശുഹത്യ, മന്ത്രവാദം, ജാതിവ്യവസ്ഥ, അമാനുഷികമായ കര്‍മാദികള്‍ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അവര്‍ സമൂഹത്തെ ബോധവാന്മാരാക്കി. അവരെ തുടര്‍ന്നുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും ഉന്നമനത്തിനു കാരണമായി. തദ്ഫലമായി അനേകം പേര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. യോഗി പറയുന്നതുപോലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇറ്റലിക്കാരല്ല, അവര്‍ ഇന്ത്യക്കാര്‍തന്നെയാണ്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയതോടെ ഇറ്റലിക്കാരുടെ കാലം കഴിഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കുക എന്നതാണു യോഗി ആദിത്യനാഥിന്‍റെ ലക്ഷ്യം. ആരാണ് രാജ്യത്തിന്‍റെ മതേതര ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയെന്നു ജനം തിരിച്ചറിയണമെന്നും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാകുമെന്നും ബിജെപി വിട്ടു പുറത്തുവന്ന വാജ്പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയും മുന്നിറിയിപ്പു നല്കിയത് ഓര്‍മിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org