വട്ടോലിയച്ചന്‍റെ ‘കന്യാസ്ത്രീ സമരത്തിന്‍റെ” അലയൊലികള്‍

തോമസ് പി.വി., കിഴക്കുംപാട്ടുകര, തൃശൂര്‍

12.12.2018-ലെ സത്യദീ പം വാരികയില്‍ (92:19), "എന്‍റെ ആത്മീയത എന്‍റെ പ്രവര്‍ത്തനം" എന്ന ഉദ്ധരണി തലക്കെട്ടാക്കി, ശ്രീമതി ലിറ്റി ചാക്കോ എഴുതിയ കുറിപ്പ് കണ്ടു. പ്രധാനമായും രണ്ടു കാര്യങ്ങളാണു ലേഖിക അതില്‍ പരാമര്‍ശിക്കു ന്നത്. ആദ്യത്തേത്, ഫാ. ഷിജു വട്ടോലി (വട്ടോലിയച്ചന്‍) ആദരണീയനും അനുകരണീയനുമാണ്, എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നതാണ്.

"കന്യാസ്ത്രീ സമരത്തെക്കുറിച്ച് ആധികാരികമായി പറയുവാന്‍ എനിക്ക് ഒന്നും അറിയില്ല" എന്ന മുഖവുരയോടെയാണ് ലേഖനം തുടങ്ങുന്നത്. അപ്പോള്‍ "കന്യാ സ്ത്രീ സമരത്തിന്" മുമ്പുള്ള വട്ടോലിയച്ചന്‍റെ പ്രവര്‍ത്തനങ്ങളെയാണോ ലേഖിക ശ്ലാഘിക്കുന്നത്? അതോ "കന്യാസ്ത്രീ സമരം"കൂടി കണ്ടതിനുശേഷമാണോ ഈ നിഗമനം? ലേഖികയ്ക്ക് ബോദ്ധ്യപ്പെടാത്ത, അറിവില്ലാത്ത കാര്യത്തിന് ഒരാള്‍ സമരം ചെയ്താല്‍ അയാള്‍ക്കു പിന്തുണയുമായി പിന്നാലെ പോവുകയാണോ ചെയ്യുക?

ഒരു സ്ത്രീ, അതു കന്യാസ്ത്രീയോ സാധാരണക്കാരിയോ ആകട്ടെ, പീഡനത്തിന് ഇരയായി എന്നു വ്യക്തിപരമായി ബോദ്ധ്യപ്പെട്ടാല്‍ ഒരു വൈദികന്‍, തന്നെ ഏ ല്പിച്ച പൗരോഹിത്യ ദൗത്യത്തിനു ഭംഗം വരാത്തവിധം, അവര്‍ക്കുവേണ്ടി സ്വന്തം നിലയില്‍ കോടതിയില്‍ സാക്ഷി പറയുവാനോ സ്വകാര്യ സമ്പാദ്യം ഉപയോഗിച്ചു കേസ് നടത്തിപ്പിനായി അവരെ സാമ്പത്തികമായി സഹായിക്കുവാനോ അവകാശമുണ്ട്. അതിനു കാത്തിരിക്കാതെ കത്തോലിക്കാസമൂഹത്തെ താറടിച്ചു കാണിക്കുംവിധം പരസ്യനിലപാടെടുത്തതു മാന്യതയാണോ?

പടിപ്പുരയ്ക്കലിരുന്നു മാറത്തടിച്ച് ആളുകളെ കൂട്ടുന്ന വട്ടോലിയച്ചന്മാരല്ല, നാലുകെട്ടിനകത്തുനിന്നു സമചിത്തതയോടെ പ്രശ്നപരിഹാരം കണ്ടെത്തി മുറിവുണക്കുന്ന നിസ്വാര്‍ത്ഥരായ സഭാസ്നേഹികളാണ് സഭാസമൂഹത്തിനു രക്ഷകരായിരുന്നിട്ടുള്ളത്.

അച്ചന്‍റെ ചെയ്തികളെ മഹത്ത്വവത്കരിക്കുന്നതിനിടയില്‍ സഭയ്ക്കെതിരെ ഒളിയമ്പുകള്‍ തൊടുക്കുന്നതാണു രണ്ടാമത്തെ കാര്യം. ഇന്നത്തെ നമ്മുടെ സഭയുടെ മുഖം അതീവസുന്ദരമാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. നമ്മുടെ കുടുംബങ്ങളിലുള്ളവരും അവിടെനിന്നു പോയവരും ചേര്‍ന്നതല്ലേ സഭാസമൂഹം? അവിടത്തെ രൂപമോ വൈരൂപ്യമോ അല്ലേ സഭയിലും പ്രതിഫലിക്കുക? ഇത്രയധികം അവഹേളനമേല്ക്കാന്‍ മാത്രം കത്തോലിക്കാസമൂഹം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നോര്‍ത്തപ്പോള്‍ ഉണ്ടായ വേദനയില്‍ ഇത്രയും കുറിച്ചതാണ്. കടുത്ത വാക്കുകള്‍ ഉപയോഗിച്ചെന്നു തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org