സൂനഹദോസും നവോത്ഥാനമൂല്യങ്ങളും

ടോമി ജോസഫ് അറയ്ക്കല്‍, ആലുവ

ഉദയംപേരൂര്‍ സൂനഹദോസിന്‍റെ ചരിത്രപരവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ചു ഡോ. പീറ്റര്‍ കണ്ണമ്പുഴ നടത്തിയ നിരീക്ഷണങ്ങള്‍ അതീവശ്രദ്ധ അര്‍ഹിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും ഉദയംപേരൂര്‍ സൂനഹേദാസിനെയും അതു വിളിച്ചുകൂട്ടിയ മെനേസിസ് മെത്രാപ്പോലീത്തയെയും ഇകഴ്ത്തുക എതാണ് പരമ്പരാഗത മാര്‍ത്തോമാ ക്രിസ്ത്യാനി ശൈലി. സൂനഹദോസിന്‍റെ കാനോനകള്‍ കേരള നവോത്ഥാന ചരിത്രത്തിനു നല്‍കിയ ഈടുറ്റ സംഭാവനകളെ തിരസ്കരിച്ചുകൊണ്ട് സ്വയം ശിക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും നാം സ്വീകരിക്കുന്നത്. അക്കാദമിക-ഗവേഷണ രംഗങ്ങളില്‍പ്പോലും ഈ പ്രവണത പ്രകടമാണ്. ഇതുമൂലം കേരള നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ കേന്ദ്ര ബിന്ദുവാകേണ്ടിയിരുന്ന ഒരു സംഭവത്തെ തമസ്കരിക്കുന്നതിലൂടെ അക്കാദമികലോകം അറിഞ്ഞോ അറിയാതേയോ കൂട്ടുനില്‍ക്കുകയായിരുന്നു. കേരളം ഇന്ന് കൊണ്ടാടുന്ന നവോത്ഥാന നായകര്‍ ജനിക്കുന്നതിനും വളരെ മുമ്പുതന്നെ സാമൂഹ്യമായ അനാചാരങ്ങള്‍ക്കും അടിമത്തത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അതിശക്തമായ നിലപാടുകള്‍ എടുക്കാന്‍ ഈ സൂനഹദോസിനു കഴിഞ്ഞു എന്ന വസ്തുതയിലേക്കാണു ഡോ. കണ്ണമ്പുഴ വെളിച്ചം പകരുന്നത്.

കേരളത്തിന്‍റെ അന്നത്തെ സാമുദായിക ചുറ്റുപാടില്‍ ജാതീയമായ ആനുകൂല്യങ്ങളുടെ ശീതള ഛായയില്‍ കഴിഞ്ഞിരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ അത് നഷ്ടപ്പെടുത്താനുള്ള വൈമനസ്യം കൊണ്ട് ഉദയംപേരൂര്‍ സൂനഹേദാസ് മുന്നോട്ടുവച്ച സാമൂഹ്യമുന്നേറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു തോല്‍പിച്ചത് ദുഃഖകരമായ വസ്തുതയാണ്. ജാതിവ്യവസ്ഥയുടെ ദുരൂഹമായ കാണാച്ചരടുകളുടെ സങ്കീര്‍ണതകള്‍ മനസ്സിലാക്കിയതുകൊണ്ടാകണം സൂനഹദോസിനുശേഷമുള്ള സഭാഭരണ സംവിധാനവും സൂനഹേദാസിന്‍റെ സാമൂഹ്യപ്രാധാന്യമുള്ള കാനോനകളെ മിക്കവാറും അവഗണിച്ചു കേവലം സഭാ സംബന്ധിയായ വിഷയങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയത്. സൂനഹേദാസ് മന്നോട്ടുവച്ച നവോത്ഥാനപരമായ ആശയങ്ങള്‍ കേരള സമൂഹത്തില്‍ പിന്നീട് ഏറ്റെടുത്തതു വിദ്യാഭ്യാസം നേടിയ ഇതര മതസ്ഥരായിരുന്നു എന്നത്, കാലം ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ നാം മടി കാണിച്ചതുകൊണ്ടുകൂടിയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനെ നവോത്ഥാനപരമായ മൂല്യങ്ങളിലേക്കു വെളിച്ചം വീശാന്‍ ഡോ. പീറ്റര്‍ കണ്ണമ്പുഴ കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു. ഇതിന്‍റെ തുടര്‍പഠനങ്ങള്‍ നമ്മുടെ സാമൂഹ്യമായ നിലപാടുകള്‍ക്ക് ഊര്‍ജ്ജം പകരുമെന്നു പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org