സിസ്റ്റര്‍ റാണി മരിയ ഭാരതസമര്‍പ്പിതരിലെ ആദ്യരക്തസാക്ഷിയോ?

ടി.പി. ജോസഫ് തറപ്പേല്‍, ചെങ്ങളം

നവംബര്‍ 1-ാം തീയതിയിലെ ലക്കം 13 സത്യദീപത്തില്‍ ഒരു പിശക് കണ്ടു. പ്രത്യേകിച്ചും എഡിറ്റോറിയലില്‍ ആയതിനാല്‍ അതു ശ്രദ്ധയില്‍പ്പെടുത്താനാണ് ഇതെഴുതുന്നത്. സി. റാണി മരിയ ഭാരതത്തിലെ ആദ്യ വനിതാരക്തസാക്ഷി എന്നതും സീറോ മലബാര്‍ സഭയുടെ ആദ്യ രക്തസാക്ഷി എന്നതും ശരി. ഭാരതത്തിലെ സമര്‍പ്പിതര്‍ക്കിടയില്‍ നിന്നുള്ള ആദ്യരക്തസാക്ഷി എന്നു പറയുന്നതു ശരിയല്ല. ബോംബെയ്ക്കടുത്ത് ഇന്നത്തെ വസായ് രൂപതയില്‍ ജനിച്ച, ഫ്രാന്‍സിസ്കന്‍ സഭാംഗമായ വി. ഗൊണ്‍സാലോ ഗാര്‍ഷിയാണു ഭാരതത്തിലെ സമര്‍പ്പിതര്‍ക്കിടയിലെയും ഭാരതത്തിലെതന്നെയും പ്രഥമ പ്രഖ്യാപിത രക്തസാക്ഷിയും പ്രഥമ പ്രഖ്യാപിത വിശുദ്ധനുമെല്ലാം. എന്‍റെ ഈ കുറിപ്പിനാധാരം പുണ്യ സ്മരണാര്‍ഹനായ വരാപ്പുഴ മുന്‍ മെത്രാപ്പോലീത്ത ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ 2008 ഒക്ടോബര്‍ 17-നു ദീപിക സപ്ലിമെന്‍റില്‍ വന്ന ലേഖനമാണ്.

വി. ഗൊണ്‍സാലോ ഗാര്‍ഷ്യ 1556-ലോ '57-ലോ വസായ് രൂപതയിലെ ബസെയ്നില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1579-ല്‍ ജപ്പാനിലെ നാഗസാക്കിയില്‍ വച്ചു കുരിശിലേറ്റപ്പെട്ടു രക്തസാക്ഷിത്വം വരിച്ചു. 1627-ല്‍ എട്ടാം ഉര്‍ബന്‍ മാര്‍പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും ഫെബ്രുവരി 5-ാം തീയതി തിരുനാളായി നിശ്ചയിക്കുകയും ചെയ്തു. 1862-ല്‍ ഒമ്പതാം പിയൂസ് മാര്‍പാപ്പ ഗാര്‍ഷ്യയെയും സഹരക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു. അങ്ങനെ അദ്ദേഹം ഭാരതസഭയിലെ പ്രഥമ പ്രഖ്യാപിത രക്തസാക്ഷിയും പ്രഖ്യാപിത വിശുദ്ധനുമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org