വായിക്കേണ്ടവര്‍ വായിച്ചിരുന്നെങ്കില്‍!

വിനോദ് ജോസഫ്, കരിമണ്ണൂര്‍

സത്യദീപ (ലക്കം 19) ത്തിലെ 'ഖജനാവല്ല ഹൃദയമാണു പ്രശ്നം' എന്ന ടോം ജോസിന്‍റെ ലേഖനം ഏറെ കാലികവും ചിന്തനീയവുമാണ്. സാധാരണക്കാരില്‍ സാധാരണക്കാരുടെ വീക്ഷണത്തില്‍ നിന്നുകൊണ്ടു സമൂഹത്തിന്‍റെ സമസ്ത മേഖലകളെയും വിലയിരുത്താന്‍ ശ്രമിക്കുന്ന ലേഖനം വളരെ നന്നായിരുന്നു. ഒപ്പം ഒരു ചിന്തകൂടി ഉണ്ടായി; ഇത്തരം ലേഖനങ്ങള്‍ വായിക്കേണ്ടവര്‍ വായിക്കുന്നുണ്ടോയെന്ന ആശങ്കയാണത്. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും ഭരണാധികാരികളുമൊക്കെ ഇത്തരം പൊതുതാത്പര്യചിന്തകളും വിലയിരുത്തലുകളും വായിച്ചെങ്കില്‍, രാജ്യതാത്പര്യം എന്ന തരത്തിലുള്ള പൊതുവികസനങ്ങളും അഴിമതി രഹിത ഭരണരീതികളും പച്ചപിടിക്കുമായിരുന്നല്ലോ. വികസനം പ്രസംഗിക്കുമ്പോള്‍ സ്വതന്ത്രഭാരതത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വികാരം തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ പുരോഗതിയിലേക്കെത്തില്ലല്ലോ.

ലേഖകന്‍ പറയുന്നതുപോലെ പൊതുപ്രവര്‍ത്തകരുടെ സ്വാര്‍ത്ഥതയും കെടുകാര്യസ്ഥതയും ധനമോഹവും മാന്യതയില്ലായ്മയുമൊക്കെ നമ്മളെ കാര്‍ന്നുതിന്നുകയാണല്ലോ. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ ജനങ്ങളില്‍നിന്നകലുന്നു. മുമ്പിലും പിറകിലും സെക്യുരിറ്റി വാഹനങ്ങളുടെ അകമ്പടിയോടെ, ആംബുലന്‍സിനെയും ഫയര്‍ഫോഴ്സിനെയും വെല്ലുന്ന ഹോണടികളോടെ, സിഗ്നലുകളെയെല്ലാം തത്കാലത്തേയ്ക്കു സ്റ്റില്ലാക്കി, തിരക്കിനിടയിലൂടെ ചീറിപ്പായുന്ന ജനപ്രതിനിധി ആര്‍ക്കുവേണ്ടിയാണ് ഇത്രമാത്രം പരക്കം പായു ന്നത്. ഈ ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനു നന്ദി പറയട്ടെ. ഇത്തരം ചിന്തകള്‍ സമൃദ്ധമായിട്ടെത്തുന്ന പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷനും അതുവഴിയുള്ള വായനാശീലങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ സഭയും സമൂഹവും മുന്നോട്ടുവരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org