കോവിഡ് കാല കുര്‍ബാനകള്‍

കോവിഡ് കാല കുര്‍ബാനകള്‍

നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം എന്ന കര്‍ദി. റോബര്‍ട്ട് സാറാ ഒപ്പിട്ട കത്തിന്റെ അടിസ്ഥാനത്തില്‍ ഫാ. അറങ്ങാശ്ശേരി ലോനപ്പന്‍ MST യുടെ ലേഖനം സത്യദീപത്തില്‍ (13.01.2021) വായിച്ചു. കോവിഡ് കാലത്തെ കുര്‍ബാനകളെപ്പറ്റി ചിലതു പറയണം എന്ന് കരുതിയത് പറയാന്‍ ഇതൊരവസരമാക്കുകയാണ്. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഏതു സാഹചര്യത്തിലും സ്ഥിരമായി കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ഒരു വ്യക്തിയാണ് ഞാനും. അതില്‍ വലിയ സന്തോഷവും അനുഭവിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 2020 മുതല്‍ അല്പം വേദനയോടുകൂടി തന്നെയാണെങ്കിലും കൊറോണ വൈറസ് അതിനു ഭംഗം വരുത്തി. എങ്കിലും ഒരു ദിവസം പോലും മുടക്കം വരുത്താതെ ലൈവ് കുര്‍ബാനകള്‍ റീത്ത്, ഭാഷ, സഭാ വ്യത്യാസമില്ലാതെ കണ്ടുപോന്നിരുന്നു.
ദേവാലയം ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും, വിശുദ്ധ കുര്‍ബാന ആരാധനക്രമത്തിന്റെ ആഘോഷവും, സഭയുടെ പ്രവര്‍ത്തനങ്ങളുടെ അത്യുച്ച കോടിയും ആണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും ഓണ്‍ലൈനില്‍കൂടി ലൈവ് ആയി കുര്‍ബാനയിലും, മറ്റ് ആരാധനകളിലും, ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നത്. അവര്‍, ഉദാസീനരോ, അവിശ്വാസികളോ ആണെന്ന് കരുതുന്നത് അപക്വമാണെന്നാണ് എന്റെ തോന്നല്‍. അങ്ങനെയുള്ളവരും സമൂഹത്തില്‍ കണ്ടേക്കാം.
ഇക്കാലത്ത് പല സ്ഥലങ്ങളില്‍ നടക്കുന്ന കുര്‍ബാനകള്‍, വചന പ്രഘോഷണങ്ങള്‍ എന്നിവ ദേശ, ഭാഷ, റീത്ത്, സഭാ വ്യത്യാസങ്ങളില്ലാതെയാണ് അനുഭവിച്ചു സന്തോഷിക്കുന്നത്. അതെല്ലാം നമ്മുടെ സീറോ മലബാര്‍ സഭയിലെ ആചാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മിശ്രമായ അഭി പ്രായങ്ങളാണ് ഉളവാക്കുന്നത്.
നമ്മുടെ കുര്‍ബാനകള്‍ ഓരോ സ്ഥലത്തും വ്യത്യസ്ത രീതിയിലും, നീട്ടിയും, കുറുക്കിയുമുള്ള പ്രാര്‍ത്ഥനകള്‍, വ്യത്യസ്തമായ ശരീര ഭാഷകള്‍, കുര്‍ബാനയില്‍ പ്രാര്‍ത്ഥനകള്‍ സമ്പൂര്‍ണമാണെങ്കിലും ആവര്‍ത്തന വിരസതയുള്ള ധാരാളം കൂട്ടി ച്ചേര്‍ക്കലുകള്‍, മേലധ്യക്ഷന്മാരെ സ്മരിക്കാതിരിക്കല്‍, കുര്‍ബാന പുസ്തകം ബലി പീഠത്തില്‍ തുറക്കാതിരിക്കല്‍, അരൂപിയിലുള്ള കുര്‍ബാന സ്വീകരണം ചൊല്ലാ തിരിക്കല്‍ എന്നിവയെല്ലാം ഇക്കാലത്ത് ശ്രദ്ധിച്ചതാണ്. അതുപോലെ തന്നെ അതി വിശിഷ്ട സ്ഥലമായ മദ്ബഹ, ഇന്ന് യോഗത്തിന്റെ സ്റ്റേജ് ആയി ഉപയോഗിക്കുന്നതും പതിവായിരിക്കുന്നു.
നമ്മുടെ ദേവാലയങ്ങളില്‍ ഇടവകക്കാരല്ലാത്ത പലരും കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്താറുണ്ട്. അവരെല്ലാം പൂര്‍ണ കുര്‍ബാന കാണാന്‍ ആഗ്രഹിക്കുന്നവരും, സമാപന ആശിര്‍വാദം സ്വീകരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍ നാം കുര്‍ബാന സ്വീകരണം കഴിഞ്ഞാല്‍ കുര്‍ബാന പൂര്‍ണമാക്കാതെ, സമാപന ആശിര്‍വാദം നല്‍കാതെ അറിയിപ്പുകള്‍, സമ്മാന വിതരണം, യാത്രയയപ്പു മുതലായ സംഗതികള്‍ ചെയ്യുന്നത് മൂലം പലരും സമാപന ആശിര്‍വാദം സ്വീകരിക്കാതെ നിരാശയോടെ ആണ് പോകുന്നത്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം സഭാ സംവിധാനം ആലോ ചനകള്‍ നടത്തുന്നത് നല്ലതാണ്.
നമ്മുടെ വചന പ്രഘോഷണങ്ങളെ നാം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ബൈബിള്‍ വചനങ്ങളെ സാമൂഹ്യജീവിതവുമായും, ഇന്നത്തെ ലോകത്തിലെ തിന്മകളുമായും ബന്ധപ്പെടുത്തി തിരുത്തലുകള്‍ക്ക് വിശ്വാസികളെ പ്രചോദിപ്പിക്കുകയും, അനുതാപത്തിന്റെ വഴിയിലേക്ക് അവരെ എത്തിക്കുവാനുമാണ് ഉപയോഗിക്കേണ്ടത്.
ധാരാളം നല്ല പ്രസംഗങ്ങള്‍ കേട്ടും, പഠിച്ചും മാത്രമേ വചന പ്രഘോഷണത്തിനു പുറപ്പെടാവൂ. വചന പ്രഘോഷണത്തെ വളരെ സീരിയസ് ആയി കാണണം. തമാശകളും, അടുക്കള കഥകളും പറഞ്ഞു മനുഷ്യനെ രസിപ്പിക്കാനുള്ളതല്ല വചന പ്രഘോഷണം എന്ന് എല്ലാവരും തിരിച്ചറിയണം.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org