“നല്ലവെള്ളി”യുടെ നല്ല പാഠങ്ങള്‍

“നല്ലവെള്ളി”യുടെ നല്ല പാഠങ്ങള്‍

ജസ്റ്റിസ് കുര്യന്‍ ജോസഫ്
(സുപ്രീം കോടതി ജഡ്ജി)

ഞാന്‍ ഹിമാചല്‍ പ്രദേശില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ എന്‍റെ സഹപ്രവര്‍ത്തകരായിരുന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ സുഹൃത്തുക്കള്‍ ദുഃഖവെള്ളിയാഴ്ച രാവിലെ എന്നെ ഫോ ണില്‍ വിളിച്ച് "ഹാപ്പി ഗുഡ് ഫ്രൈഡേ" എന്ന് ആശംസിക്കുമായിരുന്നു. ഇപ്പോഴും ആ പതിവ് അവര്‍ തുടരുന്നുണ്ട്. ഗുഡ് ഫ്രൈഡേ – നല്ല വെള്ളിയാഴ്ച – എന്നതിന്‍റെ അര്‍ത്ഥം അവര്‍ക്കു വ്യക്തമാക്കി കൊടുക്കാന്‍ ഞാന്‍ പരിശ്രമിച്ചി ട്ടുണ്ട്. അപരന്‍റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും രക്ഷയ്ക്കും വേണ്ടി സ്വജീവന്‍ പോലും ബലികഴിക്കുന്ന സ്നേഹത്തിന്‍റെ പ്രകടനമാണത്. സ്നേഹം അതിന്‍റെ പരകോടിയില്‍ വെളിവാക്കപ്പെട്ട ദിനമാണ് നല്ല വെള്ളിയാഴ്ച. എന്‍റെ നന്മയ്ക്കും എന്‍റെ രക്ഷയ്ക്കും വേണ്ടി ജീവിതത്തില്‍ എല്ലാം ദൈവഹിതാനുസാരം പൂര്‍ത്തിയാക്കി ജീവന്‍ തിരിച്ചേല്‍പ്പിച്ച പുണ്യദിനം.
ദുഃഖവെള്ളി എനിക്ക് ഒരുപാട് ഓര്‍മ്മകളുടെ ദിനം കൂടിയാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്, ഞാന്‍ ഹിമാചല്‍ പ്രദേശിലായിരിക്കുമ്പോള്‍ എനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കാം. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ്, നാട്ടില്‍ നിന്നു വിദേശത്തേക്ക് പുറപ്പെട്ട എന്‍റെ ബന്ധുവായ ഒരു പെണ്‍കുട്ടി വിമാനത്താവളത്തില്‍ പൊലീസ് പിടിയിലായി. ലീവു കഴിഞ്ഞ് ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു ആ കുട്ടി. ആരോ കൊടുത്ത കേസിന്‍റെ പേരിലായിരുന്നു അറസ്റ്റ്. എന്നാല്‍ കുറ്റമൊന്നും ചെയ്യാത്ത നിരപരാധിയായ തന്നെ രാത്രിസമയത്ത് പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ ആ കുട്ടി ആകെ ഭയന്നുവശായി. പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം അവള്‍ എന്നെ ഫോണില്‍ വിളിച്ചു. നിയമം നിയമത്തിന്‍റെ വഴിക്കു മാത്രമേ നീങ്ങൂ എന്നു ഞാന്‍ പറഞ്ഞു. ആ രാത്രി പൊലീസ് സ്റ്റേഷനില്‍ തങ്ങണം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം നേടണം.
ഇതെല്ലാം കേട്ടതേ ആ കുട്ടി ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. താന്‍ തെറ്റുകാരിയല്ലെന്നും നിരപരാധിയാണെന്നും അവള്‍ ആണയിട്ടുകൊണ്ടിരുന്നു. ആ ഘട്ടത്തില്‍ അപ്പോഴത്തെ സാഹചര്യം ഉള്‍ക്കൊള്ളാനും അതിനോടു പൊരുത്തപ്പെടാനും പെസഹാ വ്യാഴാഴ്ചയിലെ ക്രിസ്തുവിനെ ധ്യാനിക്കാനും ആ കുട്ടിയെ ഉപദേശിച്ചു. പെസഹാ രാത്രിയിലാണ് യേശുവിനെ ബന്ധിക്കുന്നത്. പ്രഭാതം വരെ കല്‍ത്തുറുങ്കില്‍ അവനെ പാര്‍പ്പിച്ചു. എല്ലാവര്‍ക്കും നന്മ മാത്രം ചെയ്ത യേശു, ഒരു കുറ്റവും ചെയ്യാത്തവന്‍ തടവറയുടെ ഏകാന്തതയില്‍ ആ രാത്രി മുഴുവന്‍ ചെലവഴിച്ചു. ആ ഈശോയുടെ കൂടെ വേദനയുടെ രാത്രി പങ്കിടാന്‍ ഞാന്‍ ആ കുട്ടിയോടു പറഞ്ഞു.
ആ കുട്ടിയെ സംബന്ധിച്ച് ഇത് ഒഴിവാക്കാനാവാത്ത ഒരു കടന്നുപോകലാണ്. തനിക്ക് എന്തിനീ അവസ്ഥ വന്നു എന്നാണവള്‍ വിലപിച്ചത്. ഈ ചോദ്യം യേശുവും ചോദിച്ചതാണ്. തനിക്കു നേരിടേണ്ടി വന്ന വ്യഥകളുടെയും സംഘര്‍ഷങ്ങളുടെയും പാരമ്യത്തില്‍ "കഴിയുമെങ്കില്‍ ഈ പാനപാത്രം എടുത്തു മാറ്റണമെ" എന്നു പ്രാര്‍ത്ഥിച്ച യേശു കുരിശില്‍ കിടന്നു കൊണ്ട് "എന്‍റെ ദൈവമേ, എന്തുകൊണ്ടെന്നെ ഉപേക്ഷി ച്ചു" എന്നു നിലവിളിക്കുന്നുണ്ട്. ബന്ധിതനും പരിഹാസ്യനും നിന്ദിതനുമായി കല്‍ത്തുറുങ്കില്‍ കഴിച്ചുകൂട്ടിയ ആ രാത്രിപോലെ ന മ്മുടെ ജീവിതത്തിലും കഠിന വ്യഥകളുടെ ഇരുണ്ട ദിനങ്ങള്‍ വന്നു ചേരാം. യേശുവിനെ ചേര്‍ത്തണച്ചു അവനെ ധ്യാനിച്ചുകൊണ്ടു മാത്രമേ അതിനോടു സമരസപ്പെടാനാകൂ. ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടിയുണ്ട് എന്ന വചനത്തിനു മാത്രമേ ഏകാന്തതയുടെ ഇരുണ്ട രാത്രിയില്‍ ആശ്വാസം തരാനാകൂ. കുരിശിന്‍റെ വഴിയിലെ ഒന്നാം സ്ഥലത്തെ ധ്യാനചിന്തയില്‍ "മറ്റുള്ളവര്‍ എന്നെ അന്യായമായി പീഡിപ്പിക്കുമ്പോഴും നിര്‍ദയമായി വിമര്‍ശിക്കുമ്പോഴും തെറ്റുകാരനായി വിധിക്കുമ്പോഴും" എന്ന മനോഹരമായ ചിന്തയുണ്ട്. ആ മകളുടെ കാര്യത്തില്‍ ഈ ഒന്നാം സ്ഥലത്തെ ധ്യാനചിന്തകള്‍ കരുത്താകണം എന്നു ഞാന്‍ ഉദ്ദേശിച്ചു. അപ്രകാരം പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും കഴിഞ്ഞാലേ തന്‍റെ ജീവിതത്തില്‍ ദുഃഖവെള്ളിയാഴ്ച നല്ല വെള്ളിയാഴ്ചയാകുകയുള്ളൂ എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചു. നീതിമാനെ സംബന്ധിച്ചിടത്തോളം സ്വയം ശപിച്ചും മറ്റുള്ളവരെ പഴിച്ചും തള്ളി നീക്കേണ്ട ഒന്നല്ല ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും ദുഃഖവെള്ളിയാഴ്ച. യേശുവിനോടു ചേര്‍ന്നു പ്രാര്‍ത്ഥിച്ചു കരുത്തു നേടി സത്യത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്‍റെ രാത്രിയാണ് അത്.
പൊലീസ് സ്റ്റേഷനിലായ ആ പെണ്‍കുട്ടിയോട് ഞാനൊരു വചനം കൂടി പങ്കുവച്ചു. വി. മത്തായിയുടെ സുവിശേഷം 27-ാം അദ്ധ്യാ യത്തിലെ 18-ാം വചനം. "അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പിച്ചു കൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു." ഈ ലോകത്ത് ഇന്നു നാം കാണുന്ന പല സംഘര്‍ഷങ്ങളുടെയും വൈരാഗ്യങ്ങളുടെയും മൂലകാരണം, അസൂയയാണ്. ഞാന്‍ ജഡ്ജിയായിട്ട് 17 വര്‍ഷങ്ങളായി. ഞാന്‍ കൈകാര്യം ചെയ്ത കേസുകള്‍ വിലയിരുത്തുമ്പോള്‍ നല്ലൊരു പങ്കു കേസുകള്‍ക്കു പിന്നിലും അസൂയയുടെ പശ്ചാത്തലമാണു കണ്ടിട്ടുള്ളത്. മനുഷ്യന്‍റെ ധാര്‍ഷ്ട്യവും അസൂയയുമാണ് കലഹങ്ങള്‍ക്കു കാരണം. ഏതു മാര്‍ഗ്ഗത്തിലൂടെയും അപരനെ വലിച്ചു താഴെയിടാനും എതിര്‍ത്തു തോല്‍പിക്കാനും കേസില്‍ കുടുക്കാനുമൊക്കെ പ്രേരകമാകുന്നതിനു പിന്നിലെ പ്രധാന കാരണം അസൂയ മാത്രമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അസൂയാലുക്കളാകുന്ന സന്ദര്‍ഭങ്ങള്‍ കണ്ടിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളോടും തിരിച്ചും അസൂയ ഉണ്ടാകുന്നു. സഹോദരങ്ങള്‍ തമ്മിലും ബന്ധുജനങ്ങള്‍ തമ്മിലുമുള്ള അസൂയ, അയല്‍പക്ക ബന്ധങ്ങളിലുള്ള അസൂയ…. ഇത് മാരകമായ തിന്മയും പാപവുമാണ്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട പെണ്‍കുട്ടിക്കും അസൂയയുടെ ഫലം നിമിത്തം ഏറെ സഹിക്കേ ണ്ടി വന്നു. എന്നാല്‍ ആത്യന്തികമായി സത്യം വിജയിക്കുമെന്ന് അവളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. യേശുവിന്‍റെ ജീവിതത്തിലും ഇതു ദൃശ്യമാണ്. എത്രമാത്രം പരിഹാസ്യനും നിന്ദ്യനുമായി ജനമധ്യത്തില്‍ അവഹേളിതനായിട്ടാണ് ക്രിസ്തുവിനു നില്‍ക്കേണ്ടി വന്നത്. എന്നാല്‍ സത്യത്തിന്‍റെ വിജയമാണ് അവിടുത്തെ കുരിശില്‍ നാം കാണുന്നത്. സത്യത്തിന്‍റെ വിജയം കാണാന്‍ ഏറെ ക്ലേശിക്കേണ്ടിവരും, സഹിക്കേണ്ടിവരും. തളരാതെ തകരാതെ പിടിച്ചു നി ന്നാല്‍ മാത്രമേ നമ്മുടെ നിലപാടുകള്‍ ശരിയാണെന്നും സത്യമാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനാകൂ. സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ധൈര്യവും തന്‍റേടവും ആര്‍ജ്ജിക്കേണ്ടത് ദുഃഖവെള്ളിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവില്‍ നിന്നാണ്. ഈ ധൈര്യം ചോര്‍ന്നു പോകുന്നിടത്താണ് അസത്യവും അധര്‍മ്മവും തലപൊക്കുന്നത്. സമൂഹത്തിലെ പല തിന്മകള്‍ക്കും അപചയങ്ങള്‍ക്കും കാരണം തെറ്റിനെതിരെ നാം പ്രതികരിക്കാത്തതാണ്. സ്വന്തം കാര്യം മാത്രം നോക്കി സ്വാര്‍ത്ഥതയുടെ തുരുത്തുകളില്‍ ഒതുങ്ങുമ്പോള്‍ സത്യം മരിക്കുകയും അധര്‍മ്മം വ്യാപിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നവരും ആത്മഹത്യ ചെയ്യുന്നവരുമൊക്കെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ കരുത്തില്ലാത്തവരാണ്.
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ നോക്കി "സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു" എന്നു ശതാധിപനും അയാളോടു കൂടെ ഉണ്ടായിരുന്നവരും ഏറ്റുപറയുന്നുണ്ട് (മത്താ. 27:54). സത്യം എന്നും വിജയിക്കുമെന്നും ആ വിജയം പ്രഘോഷിക്കപ്പെടുമെന്നും ഇതു വ്യക്തമാക്കുന്നു. ഇന്നു നമ്മുടെ സമൂഹത്തില്‍ അസത്യത്തിന്‍റെ അന്ധകാരം വ്യാപകമാകുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം പ്രകാശം ഇല്ലാതാകുന്നുവെന്നാണ്. വെളിച്ചം പരത്തിയാല്‍ ഇരുട്ട് അകലും. സമൂഹത്തില്‍ അന്ധകാരമുണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ വെളിച്ചം ലോകത്തില്‍ പ്രകാശിപ്പിക്കുമ്പോഴാണ് അന്ധകാരം ഇല്ലാതാകുന്നത്. തിന്മയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍, സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍, നീതിക്കുവേണ്ടി നിലവിളിക്കുന്നവന്‍റെ പക്ഷം ചേരുമ്പോള്‍ ഒക്കെ നാം അന്ധകാരത്തെ ദൂരീകരിച്ചു പ്രകാശം പരത്തുന്നവരായിത്തീരുകയാണ്. അന്ധകാരത്തിനുമേല്‍ പ്രകാശത്തിന്‍റെ വിജയം പ്രഘോഷിക്കുന്ന ഈ ചിന്തകള്‍ ദുഃഖവെള്ളിയില്‍ നമ്മുടെ ധ്യാനവിഷയമാകണം. പ്രകാശിക്കുന്നത് സ്നേഹിക്കുമ്പോഴാണ്. വയലാര്‍ പാടിയതുപോലെ "മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു, മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ദൈവം മരിക്കുന്നു" മനസ്സില്‍ ദൈവം മരിക്കാത്ത ദിവസമാണ് നല്ല വെള്ളി.
പീലാത്തോസ് എന്ന ന്യായാധിപനെക്കൂടി ഈ അവസരത്തില്‍ അനുസ്മരിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. നിസ്സഹായനായ ഒരു ന്യായാധിപനെയാണ് പീലാത്തോസില്‍ കാണാനാകുക. നമുക്കോരോരുത്തര്‍ക്കും ദൈവം കല്‍പിച്ചു തന്നിരിക്കുന്ന ഉത്തരവാദിത്വങ്ങളുണ്ട്. അതു നിര്‍വഹിക്കുന്നതിലൂടെ സമൂഹവും ദൈവവും നമ്മില്‍നിന്നു ചിലതു പ്രതീക്ഷിക്കുന്നുമുണ്ട്. ജഡ്ജിയായി നിയമിതനായപ്പോള്‍ ഞാനെടുത്ത പ്ര തിജ്ഞ ഇതാണ്: "ഭയമോ പക്ഷഭേദമോ കൂടാതെ, ആരോടും പ്ര ത്യേകമായ താത്പര്യമോ പ്രത്യേക വിരോധമോ കൂടാതെ നിക്ഷ്പക്ഷമായും നീതിപൂര്‍വകമായും എന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കും. ഭരണഘടനയെയും നിയമങ്ങളെയും ഞാന്‍ ഉയര്‍ത്തിപ്പിടിക്കും…."
നീതി നിഷേധിക്കപ്പെട്ട വ്യക്തിക്ക് നീതി പുനഃസ്ഥാപിച്ചു കൊടുക്കുക എന്നത് ന്യായാധിപന്‍റെ ഉത്തരവാദിത്വമാണ്. അതിനു നീതിപൂര്‍വമുള്ള വിചാരണ വേണം. പീലാത്തോസിന്‍റെ കാര്യത്തില്‍ ഇതു രണ്ടും സംഭവിച്ചില്ല. ആവിധത്തില്‍ ജനങ്ങളുടെ മുമ്പില്‍ നിസ്സഹായനാകുന്ന പീലാത്തോസ് നീതിയുടെ വലിയ പരാജയമാണ്.
ഒരു നീതിമാന്‍ ചെയ്യേണ്ട വലി യ ഉത്തരവാദിത്വം തന്‍റെ മുന്നില്‍ നീതിനിഷേധിക്കപ്പെട്ട ഒരുവനുണ്ടെങ്കില്‍ ആ വ്യക്തിക്കു നീതി പുനഃസ്ഥാപിച്ചു കൊടുക്കുക എന്നതാണ്. കുറ്റമില്ലാത്തവനാണെങ്കില്‍ കുറ്റക്കാരനല്ല എന്ന് വിധിക്കാന്‍ ന്യായാധിപന്‍ ബാധ്യസ്ഥനാണ്. കുറ്റവാളിയെന്നു കണ്ടാല്‍ കുറ്റം ചുമത്താനും സാധിക്കണം. പീലാത്തോസ് നിരപരാധിക്കു മുന്നില്‍ പക്ഷെ "നീതിമാന്‍റെ രക്തത്തില്‍ പങ്കില്ല" എന്നു പറഞ്ഞ് കൈകഴുകുകയാണു ചെയ്തത്. യേശു നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും കുറ്റക്കാരനല്ല എന്നു വിധിക്കാനോ മോചിപ്പിക്കാനോ അയാള്‍ക്കു കഴിയുന്നില്ല. ദൈവത്തെ മാനിക്കാതെ മനുഷ്യരെ മാത്രം ഭയപ്പെടുന്ന ഒരു ന്യായാധിപന്‍റെ ചിത്രമാണിവിടെ തെളിയുന്നത്. മനസ്സാക്ഷി മരവിച്ച ന്യായാധിപന്‍. നമ്മുടെ മനസ്സാക്ഷി ദൈവത്തിന്‍റെ കണക്കു പുസ്തകമാണ്. ദൈവത്തെ ഭയപ്പെടുകയും നിയമത്തെ മാനിക്കുകയും ചെയ്യുന്ന ന്യായാധിപന്‍ നീതിപൂര്‍വം വിധിക്കുന്നവനായിരിക്കും. യേശു നിരപരാധിയാണെന്നറിഞ്ഞിട്ടും ജനക്കൂട്ടത്തിന്‍റെ ആരവത്തില്‍ അവരുടെ പക്ഷം ചേരാനാണ് പീലാത്തോസ് തയ്യാറായത്. അത് അദ്ദേഹത്തിനു ഭവിച്ച ഗുരുതര വീഴ്ചയാണ്. മറ്റുള്ളവരെ അന്യായമായി കുരിശിലേറ്റുമ്പോഴും അവര്‍ക്കായി കുരിശു പണിയുമ്പോഴും ഇപ്രകാരം ഒരു പീലാത്തോസ് നമ്മില്‍ ആവസിക്കുകയാണെന്നു നാം മറക്കരുത്.
നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നീതിപൂര്‍വം നിര്‍വഹിച്ചില്ലെങ്കില്‍, കൃത്യവിലോപത്തിന്‍റെ വലിയ ദുരന്തങ്ങള്‍ വന്നു ചേരുമെന്ന പാഠവും പെസഹാക്കാലത്ത് നാം അനുസ്മരിക്കേണ്ടതുണ്ട്. സഹനത്തിന്‍റെ മഹത്ത്വവും സത്യത്തിന്‍റെ വിജയവും പ്രഘോഷിക്കുന്ന നമ്മുടെ കര്‍ത്താവിന്‍റെ കുരിശുമരണവും ഉയിര്‍പ്പും അതിരുകളില്ലാതെ സ്നേഹിക്കുകയും എല്ലാം വിട്ടുകൊടുക്കുകയും ചെയ്യുന്ന, അപരനുവേണ്ടി ജീവന്‍പോലും ഹോമിക്കുന്ന മഹാത്യാഗത്തിന്‍റെ പ്രതിഫലനവുമാണ്. "നല്ല വെള്ളിയാഴ്ച"യ്ക്കു ശേഷമുള്ള ഉയിര്‍പ്പ് സഹനത്തിലും സത്യത്തിലും വി ജയിച്ചവന്‍റെ ജീവനിലേക്കുള്ള ഉത്ഥാനമാണ്. ഈ ഉത്ഥാനാനുഭവമാണ് നമ്മുടെ ജീവിതത്തില്‍ അനുസ്യൂതം തുടരേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org