നഴ്സിങ്ങ് സമരത്തിന്‍റെ കാണാപ്പുറങ്ങള്‍

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഫാ. ജിമ്മി പൂച്ചക്കാട്ടിന്‍റെ 'നഴ്സിങ്ങ് സമരത്തിലെ ചിന്താധാരകള്‍" (ലക്കം 50) എന്ന ലേഖനത്തോട് എന്‍റെ ചിന്തകള്‍കൂടി പങ്കുവയ്ക്കട്ടെ.

എന്താണു യേശുക്രിസ്തുവിന്‍റെ തൊഴില്‍ നയം? മത്താ. 20:1-16 ഇതു വ്യക്തമാക്കുന്നുണ്ട്. ആദ്യം വന്നവനും അവസാനം വന്നവനും ഒരേ കൂലിയാണു കൊടുത്തത്. കാരണം മറ്റൊന്നുമല്ല, അവസാനം വന്നവനും അവന്‍റെ കുടുംബത്തെ പോറ്റാന്‍ ഒരു ദിവസത്തെ മുഴുവന്‍ വേതനം തന്നെ വേണമെന്നു യേശുക്രിസ്തുവിനു മനസ്സിലായി. പക്ഷേ, നമുക്ക് അതു മനസ്സിലാകുന്നില്ല.

എങ്ങനെ നോക്കിയാലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആശുപത്രികള്‍ നടത്തുന്നതു ക്രൈസ്തവരാണ്. അതില്‍ത്തന്നെ പലതും നമ്മുടെ ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും വളരെ സ്തുത്യര്‍ഹമായി നേതൃത്വം നല്കുന്നവയാണ് എന്നത് അഭിമാനകരമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനം വിജയകരമാകണമെങ്കില്‍ അര്‍പ്പണചാതുര്യവും അറിവും നിറഞ്ഞ നഴസ്ുമാരുടെ സേവനം അത്യന്താപേക്ഷിതമാണ്.

നമ്മുടെയെല്ലാം കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും നഴ്സായിരിക്കും. എന്നിട്ടും അവരുടെ ന്യായമായ ആവശ്യം കണ്ടില്ലെന്നു നടിച്ചു. ഈ സമീപനം കാരണം ഈ വിഷയത്തില്‍ ക്രൈസ്തവരും വിശ്വാസികളും അഭ്യുദയകാംക്ഷികളും സഭയും യേശുക്രിസ്തുവും സാമൂഹ്യമാധ്യമങ്ങളില്‍ അവഹേളനത്തിനു പാത്രമായി.
തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പരിഹരിക്കണമെന്നു വി. മത്തായിയുടെ സുവിശേഷം 18:15 മുതലുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്. അതാണു യേശുക്രിസ്തുവിന്‍റെ നിര്‍ദ്ദേശം. കോടതിയും സര്‍ക്കാരുമൊന്നുമല്ല നമ്മുടെ മാര്‍ഗം. നാം അവരിലും മുകളില്‍ നടക്കേണ്ടവരാണ് എന്ന ബോദ്ധ്യം നമുക്കുണ്ടാകണം. കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്നതു ക്രൈസ്തവര്‍ മാത്രമല്ലായെങ്കിലും അപമാനിതരായതു ക്രൈസ്തവര്‍ മാത്രം. കാരണം ലോകം ക്രിസ്ത്യാനിയില്‍നിന്നും പ്രതീക്ഷിക്കുന്നതു വില പേശുന്ന കച്ചവടത്തിന്‍റെ പ്രത്യയശാസ്ത്രമല്ല മറിച്ചു സ്വയം ഇല്ലാതായി മറ്റുള്ളവര്‍ക്കു കൊടുക്കുന്ന യേശുവിന്‍റെ സ്നേഹമാണ്, ത്യാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org