സ്‌തോത്രക്കാഴ്ച, കെട്ടുതെങ്ങ്, പിടിനെല്ല്, പിടിയരി…..

സ്‌തോത്രക്കാഴ്ച, കെട്ടുതെങ്ങ്, പിടിനെല്ല്, പിടിയരി…..

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ 'ചരിത്ര ജാലക'ത്തില്‍ വിവരിക്കുന്നതനുസരിച്ച് സാമ്പത്തിക ശേഷി കുറവായിരുന്ന ദേവാലയങ്ങളിലെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു കെട്ടു തെങ്ങ്, പിടിനെല്ല്, പിടിയരി, പള്ളിയിലെ സ്‌തോത്രക്കാഴ്ച, നടവരവ്, ഭണ്ഡാര വരവ്, പസാരം, കുഴിക്കാണം എന്നിവ.
വിശ്വാസിസമൂഹം ചോര നീരാക്കി അദ്ധാനിച്ചതിന്റെ ഓഹരിയും ദശാംശവും സംഭാവനകളും, അവകാശികള്‍ ഇല്ലാത്തതിനാല്‍ പാവങ്ങള്‍ക്കു നല്‍കുമെന്നു വിശ്വസിച്ചു വ്യക്തികളും കുടുംബങ്ങളും കൈമാറിയ വസ്തുവകകളും കൂടാതെ ഇന്നത്തെ പുത്തന്‍ വരുമാന സ്രോതസ്സുകളും വന്നു ചേര്‍ന്നപ്പോള്‍ സഭകളും സന്യാസിനി സമൂഹങ്ങളും ദേവാലയങ്ങളും വളരെ സമ്പന്നമായി. ശരിക്കും ഈ സ്വത്തെല്ലാം പാവങ്ങള്‍ക്കു വേണ്ടി ദൈവം തന്നതല്ലേ? സഭാ സ്വത്തിന്റെ ചരിത്രം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്. "വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു" (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:44-45).
കര്‍ത്താവിന്റെ സഭയുടെ സ്വത്തിന്റെ ചരിത്രം ഇതായിരിക്കേ ദശാംശം മാത്രം പാവങ്ങള്‍ക്കു നല്‍കിയാല്‍ മതിയോ? സഭകളുടെയും സ്ഥാപനങ്ങളുടെയും ആസ്തി വര്‍ദ്ധിപ്പിക്കാനും സഭാംഗങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടിയാണോ ഇതെല്ലാം ദൈവം തന്നത്? അപ്പനായ ദൈവത്തോട് വിളിക്കപ്പെട്ട മക്കള്‍ ചെയ്യുന്നത് ചതിയല്ലേ?
കത്തോലിക്കാ സഭയുടെ സ്വത്ത് എന്നത് പൊതു സ്വത്താണ്. അത് ആരുടെയും തന്നിഷ്ടത്തിന് ഉപയോഗിക്കാനുള്ളതല്ല. ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി കയ്യടിച്ചു പാസ്സാക്കി ചെലവഴിക്കാന്‍ സഭ ജനാധിപത്യ സംവിധാനമല്ല. പ്രാര്‍ത്ഥനയില്‍ ദൈവാത്മാവിന്റെ പ്രേരണയില്‍ തീരുമാനമെടുക്കേണ്ട ദൈവാധിപത്യമാണ് സഭയില്‍ നടപ്പാകേണ്ടത്. ഇനിയുള്ള കാലം ആഡംബര ദേവാലയ-മേട നിര്‍മ്മാണങ്ങളും ധൂര്‍ത്തിന്റെ പെരുന്നാളുകളും ഊട്ടു സദ്യകളും നാം ഉപേക്ഷിക്കണം. ആ പണം ഉപയോഗിച്ചു പട്ടിണി കിടക്കുന്നവന് അന്നം നല്‍കണം. സഭകളുടെ 'മിച്ചഭൂമി' യില്‍ തെരുവില്‍ അലയുന്നവര്‍ക്ക് അഭയസ്ഥാനമൊരുക്കാം. സ്വന്തമായി ഭവനമില്ലാത്ത നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാം.

ജോസ്‌മോന്‍, ആലുവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org