പാറമേല്‍ പണിയപ്പെട്ട കത്തോലിക്കാസഭ

ജോണ്‍ കുന്നത്തറ, കാക്കനാട്

വളരെ ഹൃദയവ്യഥയോടെ എഴുതിയ ഈ പ്രതികരണം ഒരാഴ്ച കഴിഞ്ഞിട്ടും ഫെയര്‍ ചെയ്യാതെ വച്ചിരിക്കുകയായിരുന്നു. കാരണം, അയച്ചാല്‍ ഇതു വെളിച്ചം കാണാന്‍ സാദ്ധ്യതയില്ല എന്ന മനോഗതം ബലപ്പെട്ടിരുന്നു. മാര്‍ച്ച് 7-ാം തീയതിയിലെ മാതൃഭൂമിയില്‍ ബഹു. പോള്‍ തേലക്കാട്ടച്ചന്‍ "തീക്കട്ട ഉറമ്പരിക്കുമ്പോള്‍" എന്ന ശീര്‍ഷകത്തില്‍ എഴുതിയിരുന്ന ലേഖനമാണ് ഇതു ഫെയര്‍ ചെയ്തു സത്യദീപത്തിന് അയച്ചുതരാന്‍ പ്രേരണയായത്.
ബഹു. പോള്‍ തേലക്കാട്ടച്ചന്‍റെ ആ ലേഖനം വായിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി. അദ്ദേഹം ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എഴുതി: "കാപട്യം കാണിക്കുന്ന ഭക്തരേക്കാള്‍ സത്യസന്ധരായ നിരീശ്വരരാണ് ഭേദമെന്ന്."
ഇത്തരം വികട വിഗ്രഹങ്ങള്‍ രൂപപ്പെടുന്നതിന്‍റെ പിന്നാമ്പുറങ്ങളില്‍ സഭാനേതൃത്വത്തിന്‍റെ അനാസ്ഥ തള്ളിക്കളയാനാവില്ല. എക്സ്ട്രാ റിലീജിയസ് ആക്ടിവിറ്റീസുമായി നിയോഗിക്കപ്പെടുന്ന സമര്‍പ്പിതരുടെ മേല്‍ സഭാനേതൃത്വത്തിന്‍റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകണം.
ഒരു വൈദികന്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നത് അദ്ദേഹത്തിന്‍റെ കുടുംബമഹിമകൊണ്ടോ അഗാധമായ പാണ്ഡിത്യമോ മറ്റു യോഗ്യതകളോ കൊണ്ടല്ല. മറിച്ച്, ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍ എന്ന നിലയിലാണ്.
ഒരു പ്രതികരണം എന്ന നിലയില്‍ കൂടുതല്‍ എഴുതാന്‍ പരിമിതികളുണ്ട്. എങ്കിലും ഒരു മുതിര്‍ന്ന വിശ്വാസി എന്ന നിലയില്‍ സഭാനേതൃത്വത്തോട് ഒരപേക്ഷയുണ്ട്; മാപ്പു പറഞ്ഞു തീര്‍ക്കുന്ന തരത്തില്‍ ഈ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതു ഭൂഷണല്ല. അത്രകണ്ട് ആഴത്തില്‍ വിശ്വാസികളെ ഇതു സ്പര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയങ്ങളെ അതിജീവിക്കാന്‍ വിശദീകരണയോഗങ്ങള്‍ നടത്തുന്നതു പോലെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനും വിശ്വാസരാഹിത്യത്തിലേക്കു വഴുതിവീണുപോകാതെ ചേര്‍ത്തുനിര്‍ത്താനും ഊര്‍ജ്ജസ്വലങ്ങളായ സ്റ്റഡി ക്ലാസ്സുകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നത് അഭികാമ്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org