പറയാതെ വയ്യ

അന്ന ജോണ്‍, പെരുമ്പള്ളി

നമ്മുടെ സമൂഹം ഒരു വല്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നു. സമൂഹത്തിനു ദിശാബോധം നല്കേണ്ട അധികാരികള്‍ തന്നെ  ചോദ്യം ചെയ്യപ്പെടുന്നു. നമ്മുടെ എല്ലാ അധികാരസ്ഥാനങ്ങളിലും ധാര്‍മികമൂല്യമുള്ള ഇച്ഛാശക്തിയുള്ള, അര്‍പ്പണബോധമുള്ള കാരുണ്യവും സേവനസന്നദ്ധതയുമുള്ള ആളുകള്‍ കടന്നുവരേണ്ടിയിരിക്കുന്നു.
ഒരു പാലം പണിയുന്നതും പഞ്ചായത്ത് മെമ്പറെ തിരഞ്ഞെടുക്കുന്നതും വളരെ സൂക്ഷിച്ചുവേണം. രണ്ടും തലമുറകളെ ബാധിക്കും. നമ്മുടെ സഹോദരിമാരില്‍ ചിലരെങ്കിലും വിമര്‍ശനത്തിനു വിധേയരാകേണ്ടതുണ്ട്. വര്‍ത്തമാനകാലം വല്ലാത്ത അപകടം നിറഞ്ഞതാകുമ്പോള്‍ ഓരോ കുടുംബത്തിന്‍റെയും ജാഗ്രത സ്വയം ഏറ്റെടുക്കേണ്ട ബാദ്ധ്യത നമ്മുടെ സഹോദരിമാര്‍ക്കുണ്ട്. കാടു നശിക്കുമ്പോള്‍ സ്വാഭാവികമായും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും. കാട്ടിലെ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ നാം മാത്രം വിചാരിച്ചാല്‍ പോരല്ലോ. അതുകൊണ്ടാണു പറഞ്ഞതു കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്. തര്‍ക്കത്തിനില്ലെന്ന് അറിയിച്ചുകൊണ്ട് അഭിപ്രായം പറയട്ടെ – പുരുഷമേധാവിത്വവും അടിമത്തവും അനുഭവിച്ചു മണ്‍മറഞ്ഞ പാവം സ്ത്രീകളുടെ കണ്ണുനീരും രക്തവും വീണ മണ്ണിലാണു നാം ചവിട്ടിനില്ക്കുന്നത്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ അവരുടെ നിലവിളിക്കു വലിയ വില കൊടുക്കേണ്ടി വരും.
പീഡനമെന്ന വാക്കിന് എന്നും അര്‍ത്ഥം ഉണ്ടായിരിക്കണം. വെറും മുഴക്കം മാത്രമാക്കി മാറ്റരുത്. റേഷന്‍കടയില്‍ പോയ വഴി ക്രൂരമായി പീഡിപ്പിക്കപ്പെട്ട റീത്തയും പാവം സൗമ്യയും. അങ്ങനെ എത്രയെത്ര സ്ത്രീകള്‍, പെണ്‍കുട്ടികള്‍. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നില്‍നിന്നും തോണ്ടിയ ചെറുപ്പക്കാരനെ കൈകാര്യം ചെയ്യുന്നതു കാര്‍ഗില്‍ യുദ്ധംപോലെയാകണമെന്നില്ല. തീപാറുന്ന ഒരു നോട്ടം; അതു മതി അവന്‍ വെന്തുരുകാന്‍.
ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍ക്കും ബസ്സില്‍ സീറ്റു നല്കുന്നതു പുരുഷന്മാരാണെന്നു പലതവണ കണ്ടിട്ടുള്ളതാണ്. ആദരിക്കപ്പെടേണ്ടതു പുരുഷന്മാര്‍തന്നെയാണെന്ന് അപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. ചില നല്ല മനുഷ്യരുടെ നിരന്തര ശ്രമഫലമായാണു നാം ഇന്നനുഭവിക്കുന്ന നീതിയും നിയമങ്ങളും ലഭിച്ചത്. അതു നഷ്ടപ്പെടുത്തിക്കളയാന്‍ ശ്രമിക്കു ന്ന വെറും പെണ്ണുങ്ങളായി മാറുന്ന ചിലര്‍ സ്ത്രീകള്‍ക്ക് അപമാനമാണ്. ചിലരുടെയൊക്കെ മാനനഷ്ടക്കേസുകളുടെ വിലപേശല്‍ കാണുമ്പോള്‍ നഷ്ടപ്പെടാന്‍ മാനമെവിടെ എന്നു തോന്നിപ്പോകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org