പുണ്യശ്ലോകന്‍ മാവുങ്കല്‍ അച്ചന്‍

അഗസ്റ്റിന്‍ ചെങ്ങമനാട്‌

മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചു മുന്നേറുന്നവര്‍ക്ക് അനുകരിക്കാനും ജീവിതമാതൃകയാക്കാനും അമാനുഷവ്യക്തിത്വത്തിന്റെ ഒരു വിശുദ്ധ രൂപമായിരുന്നു ജോസഫ് മാവുങ്കലച്ചന്‍.

സ്ത്രീകളുടെ ഉന്നമനത്തിനു നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹം വിഭാവനം ചെയ്ത ശ്രദ്ധേയ നേട്ടങ്ങളാണ്. അച്ചനെ ഉദരത്തില്‍ പേറിയ അമ്മയുടെ ജീവന്‍ അപകടത്തിലാണെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി ജീവന്‍ പണയംവച്ച അമ്മ ധീരയും യേശുവിന്റെ വിശ്വസ്തദാസിയുമായിരുന്നു. യാതൊരു ആപത്തും കൂടാതെ അമ്മ, അച്ചനെ പ്രസവിക്കുകയും ചെയ്തു. അതുകൊണ്ടാണ് സ്ത്രീശാക്തീകരണത്തിനായി അച്ചന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി, അവരുടെ ഉന്നമനത്തിനുവേണ്ടി, 'മാതൃസംഘം' എന്ന സംഘടനയ്ക്കു രൂപം കൊടുത്തു. ആ സംഘടന കേരളമാകെ പടര്‍ന്നുപന്തലിച്ചു.

അക്ഷരസ്‌നേഹിയും കവിപുംഗവനുമായ അച്ചന്‍ അവര്‍ക്കു അറിവും വെളിച്ചവും പകരാന്‍ ഒരു മാസികയും തുടങ്ങി. അതാണ് 'അമ്മ' മാസിക. മനസ്സില്‍ നിശ്ചയദാര്‍ഢ്യവും ഹൃദയത്തില്‍ ശുദ്ധിയും പ്രവര്‍ ത്തികളില്‍ ചടുലതയും ഉണ്ടെങ്കില്‍ ലക്ഷ്യം എളുപ്പം സാദ്ധ്യമാകും. പ്രഭാഷകന്‍, പത്രാധിപര്‍, എഴുത്തുകാരന്‍, പണ്ഡിതന്‍, ചിന്തകന്‍, കവിശ്രേഷ്ഠന്‍ എന്നീ നിലയില്‍ മലയാളത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രതിഭാധനനായിരുന്നു മാവുങ്കലച്ചന്‍. വിശുദ്ധിയുടെ വറ്റാത്ത ഉറവകളായി നിലകൊണ്ട് ജനമനസ്സുകളില്‍ നന്മകള്‍ വാരിവിതറിയ പുണ്യമായിരുന്നു അച്ചന്‍. കാരുണ്യത്തിന്റെ കര്‍മയോഗി. ഒരു വ്യക്തി വിദ്യാസമ്പന്നനെന്നു തിരിച്ചറിയുന്നത് അയാള്‍ക്കു നീളമുള്ള ബിരുദമുണ്ടോയെന്നു നോക്കിയല്ല. മറിച്ചു പെരുകുന്ന ഗുണം നോക്കിയാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്വഭാവഗുണമാണെന്ന് അച്ചന്‍ പറയുന്നു. കേരളസഭയ്ക്കു ത്യാഗോജ്ജ്വലസേവനം ചെയ്ത പുണ്യാത്മാക്കള്‍ വിസ്മൃതിയിലാണ്ടുപോയതില്‍ സഭാസമൂഹം ഖേദിക്കുന്നു; ദുഃഖിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org