സംഭവങ്ങളിലെ യാഥാര്‍ത്ഥ്യം

ഫാ. ആന്‍റണി എലവുംകുടി

സത്യദീപത്തില്‍ കത്തുകള്‍ കോളത്തില്‍ ജെയിംസ് കുടമാളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ചു യഥാര്‍ത്ഥ വിവരങ്ങള്‍ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു.
"അമ്പതു വര്‍ഷം മുമ്പ് ഒരു ഇടവക വികാരിക്കു കേരളത്തില്‍ വധശിക്ഷ വിധിക്കപ്പെട്ടു. സമര്‍ത്ഥനായ അഭിഭാഷകന്‍റെ പരിശ്രമത്താല്‍ ഹൈക്കോടതി സംശയത്തിന്‍റെ ആനുകൂല്യം നല്കി വെറുതെ വിട്ടു. 25 വര്‍ഷം മുമ്പുനടന്ന അഭയ വധക്കേസിന്‍റെ വിധി ഇനിയും വരാനിരിക്കുന്നു."
രണ്ടു സംഭവങ്ങളാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യത്തേതു ബഹു. ബെനഡിക്ട് അച്ചനെ സംബന്ധിക്കുന്നതാണ്. അദ്ദേഹത്തിനു വധശിക്ഷ വിധിച്ച മജിസ്ത്രേട്ട് തോട്ടുവാക്കാരനാണ് (ഈ സ്ഥലം കോടനാടിനടുത്താണ്). ഹൈക്കോടതിയില്‍ അച്ചനുവേണ്ടി വാദിച്ചത് അഡ്വ. ചാരിയാണ്. ഈ സംഭവത്തില്‍ 'കുമ്പസാരരഹസ്യം' ഉണ്ട്. അതിനാലാണു യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍ ബെനഡിക്ട് അച്ചനു സാധിക്കാതെ വന്നത്. കേസ് നടക്കുമ്പോള്‍ പത്രങ്ങള്‍ സഭയെ വിശേഷിച്ചു പുരോഹിതന്മാരെക്കുറിച്ച് ആക്ഷേപിച്ചെഴുതി.
ബെനഡിക്ട് അച്ചന്‍ റിട്ടയര്‍ ചെയ്തു ചങ്ങനാശ്ശേരി പ്രീസ്റ്റ് ഹോമില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം ഒരു സ്ത്രീ അദ്ദേഹത്ത കാണാനെത്തി. കൂടെ രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ആ സ്ത്രീ അച്ചനോട് ഇപ്രകാരം കറ്റസമ്മതം നടത്തി. "ബഹു. അച്ചാ, മറിയക്കുട്ടിയെ കൊന്നത് എന്‍റെ ഭര്‍ത്താവാണ്. എന്‍റെ കൂടെയുള്ള ഈ കുട്ടികള്‍ ഞങ്ങളുടെ പേരക്കിടാങ്ങളാണ്. ഇവര്‍ മന്ദബുദ്ധികളായിത്തീര്‍ന്നിരിക്കുന്നു. അച്ചന്‍ ഞങ്ങളോടു ക്ഷമിക്കണം." ഈ വാര്‍ത്ത ദീപികയില്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോരമയില്‍ ചെറിയൊരു വാര്‍ത്ത കണ്ടു. ബെനഡിക്ട് അച്ചനെയും വൈദികരെയും പൊതുവേ ആക്ഷേപിച്ച ഇതര പത്രങ്ങള്‍ എന്നാല്‍ ഈ കൂടിക്കാഴ്ചയും ആ സ്ത്രീയുടെ കുറ്റസമ്മതവും റിപ്പോര്‍ട്ട് ചെയ്തില്ല. അടുത്തതായി അഭയാക്കേസിനെക്കുറിച്ചു പറയാം. അതുമായി ബന്ധപ്പെട്ടിട്ടുള്ളതു രണ്ടു വൈദികരാണ്. ഒരാളുടെ പേരേ ഞാന്‍ ഓര്‍മിക്കുന്നുള്ളൂ – ബഹു. പൂത്തൃക്കയച്ചന്‍. കേസ് നടക്കുമ്പോള്‍ അവര്‍ ബഹു. അച്ചന്മാര്‍ക്കെഴുതി. എനിക്കും കിട്ടി പ്രസ്തുത കത്ത്. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: "ഞങ്ങള്‍ നിരപരാധികളാണ്. വിളിച്ചവന്‍ ഞങ്ങളെ കാത്തുകൊള്ളും എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." വിളിച്ചവന്‍ എന്നതിന്‍റെ സൂചന അവരുടെ ദൈവവിളിയാണല്ലോ. തമ്പുരാന്‍ കര്‍ത്താവ് അവരെ സംരക്ഷിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org