സത്യദീപം വളരെ മനോഹരമായിരിക്കുന്നു

എബ്രാഹം വെള്ളൂര്‍

ജൂലൈ അവസാന ആഴ്ചയിലെ സത്യദീപം വളരെ മനോഹരമായിരിക്കുന്നു. അമ്പതു വര്‍ഷമായി ഞാന്‍ സത്യദീപം വായിക്കുന്നു. ബോബി ജോര്‍ജ്, ബ്രദര്‍ സിറില്‍ ഇവരുടെ ലേഖനങ്ങള്‍ തുടങ്ങി മോനിഷ് വൈക്കത്തിന്‍റെ അവലോകനം അടക്കം ഒന്നിനൊന്നു മെച്ചപ്പെട്ടതുതന്നെ.

"കോടതി വിധിക്കു മുമ്പേ മാധ്യമവിചാരണ പാടില്ല" എന്ന നിര്‍ദ്ദേശം നന്നായിരിക്കുന്നു. ചെറുകഥാമത്സരവിജയികളെ പരിചയപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. ഒന്നാംനിര ബെഞ്ചില്‍ ഇരിക്കാനുള്ള ആഗ്രഹം – ജീവിതത്തിന്‍റെ നശ്വരതയെ – തുറന്നു കാട്ടുന്നതില്‍ സന്ധ്യാ ജോര്‍ജ് അങ്ങേയറ്റം വിജയിച്ചിരിക്കുന്നു. എബിന്‍ സെബാസ്റ്റ്യന്‍റെ, "അമ്മ കൊടുത്ത വാക്ക്" നന്നായി. ജോര്‍ജ് പുല്ലാട്ടിന്‍റെ "മൊട്ടുവിനെ തെരുവിലിറക്കിയെങ്കില്‍", വൃദ്ധമന്ദിരം തേടുന്ന ഓരോ മക്കള്‍ ക്കുമുള്ള ഉപദേശംകൂടിയാണ്. ആന്‍ മരിയ റോസ് – ഓട്ടിസം ബാധിച്ച ആ കൊച്ചു കുട്ടിയെക്കൊണ്ട് അവിവേകം കാണിക്കുന്ന ഓരോ മാതാവിനും പിതാവിനും അവശ്യം വേണ്ട നിര്‍ദ്ദേശം കൊടുക്കുന്നു.

"പഞ്ചക്ഷതങ്ങള്‍കൊണ്ടു വീണ്ടെടുക്കപ്പെട്ട നമ്മള്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് നാഥന്‍റെ ജീവനെടുക്കുന്നു" എന്ന അലീന ജേക്കബിന്‍റെ വരികള്‍ ഹൃദയഹാരിയാണ്. സ്മൃതി അന്ന റെജിയും ഒരായുസ്സിന്‍റെ നൊമ്പരം വരച്ചുകാട്ടി. ജിമ്മി അച്ചന്‍ നഴ്സിങ്ങ് സമരത്തിന്‍റെ യഥാര്‍ത്ഥചിത്രം വിശദീകരിച്ചു. വളരെപേര്‍ അന്ധര്‍ ആനയെ അറിഞ്ഞതുപോലെ ഇന്നും ഇരുട്ടില്‍ തപ്പുന്നു. 2017 ജൂലൈ 3-ന് നമ്മുടെ കര്‍ദിനാള്‍ പിതാവിന്‍റെ ലേഖനംപോലും വായിക്കാത്തവരാണു സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തുവാരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org