”മൗനമെന്ന മാരകപാപം”

”മൗനമെന്ന മാരകപാപം”

ഒക്‌ടോബര്‍ 14 ലെ സത്യദീപം എഡിറ്റോറിയലിനോടു നൂറുശതമാനവും യോജിക്കുന്നു. മോദി ഭരണത്തിലെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം സഭാ നേതൃത്വത്തിന് ഒരു മുന്നറിയിപ്പും. "നിലവിളിക്കുന്നവരോടൊപ്പം നിലയുറപ്പിക്കുമ്പോഴാണ് സഭ സത്യമായും ക്രിസ്തുവിന്റേതാകുന്നത്. താത്ക്കാലിക നേട്ടങ്ങളുടെ അപ്പക്കുട്ടകളെ അവഗണിച്ചും നട്ടെല്ലു തകര്‍ന്നവര്‍ക്കൊപ്പം നടുവളയ്ക്കാതെ നിലപാടുയര്‍ത്താന്‍ നസ്രായന്റെ നാവ് സഭയുടേതാകണം" – ശക്തമായ പ്രതികരണത്തിന് അഭിനന്ദനങ്ങള്‍.
സഭാ നേതൃത്വത്തിന്റെ മൗനം പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. മൗതികശരീരത്തിലെ ഓരോ അംഗത്തിനും ഉണ്ടാകുന്ന വേദനകള്‍ സഭാ ശരീരം മുഴുവനും അറിയണം. ലോകത്തിന്റെ പലഭാഗങ്ങളില്‍ സമര്‍പ്പിതരും അല്മായരുമായ അനേകം സഭാ മക്കള്‍ കൊല്ലപ്പെടുന്നതും മുറിവേല്‍പ്പിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും ക്രൈസ്തവ ദേവാലങ്ങള്‍ നശിപ്പിക്കുന്നതും സഭാ മക്കളെല്ലാവരും അറിയണം. കന്ദമാലിലെ പീഡനം പോലും ഇവിടെ സാധാരണക്കാര്‍ അറിഞ്ഞില്ല. മാധ്യമങ്ങളിലൂടെ എല്ലാവരും അറിയണമെന്നില്ല. കൊറോണ കഴിയുമ്പോള്‍ നമ്മുടെ ഇടവകകളില്‍, കൂട്ടായ്മകളില്‍ എല്ലാം സഭയ്‌ക്കെതിരെയുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണം. അവര്‍ പ്രതികരിക്കണം, പ്രാര്‍ത്ഥിക്കണം. നേതൃത്വം ശബ്ദമുയര്‍ത്തിയെങ്കിലേ അണികള്‍ക്ക് ഉണരാന്‍ പറ്റൂ. ഇപ്പോള്‍ തന്നെ നമ്മുടെ വിശുദ്ധ കുരിശിനെ അപമാനിച്ചിട്ട് നമുക്ക് എന്തുചെയ്യാന്‍ കഴിഞ്ഞു? എന്റെ കൗമാരപ്രായത്തില്‍ വിമോചന സമരത്തില്‍ ആവേശത്തോടെ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. ക്ഷമ ക്രൈസ്തവന്റെ ആയുധമാണ്. പക്ഷെ പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചേ പറ്റൂ.

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org