Latest News
|^| Home -> Letters -> സിനഡാലിറ്റിയില്ലാത്ത സിനഡ്?

സിനഡാലിറ്റിയില്ലാത്ത സിനഡ്?

സ്‌കറിയ തെക്കേടത്ത്, ബാംഗ്ലൂര്‍


ഡിക്‌റ്റേറ്റ് (Dictate) എന്ന പദത്തിന് ആജ്ഞാപിക്കുക, കല്പിക്കുക, അനുശാസിക്കുക എന്നെല്ലാമാണ് അര്‍ത്ഥം. ഒരാളുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ മറ്റൊരാള്‍ നിര്‍ബന്ധപൂര്‍വ്വം തന്റെ അഭിപ്രായവും, ആശയവും, അധികാരവും അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഡിക്‌റ്റേറ്റ് (Dictate) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിക്‌റ്റേറ്റര്‍ (Dictator) എന്നതിന് ഏകാധിപതി, സ്വേച്ഛാധിപതി എന്നെല്ലാം അര്‍ത്ഥമുണ്ട്.

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ നടന്ന സീറോ മലബാര്‍ സഭയുടെ സിനഡില്‍ ഒരു സിനഡ് പിതാവ് മറ്റൊരു സിനഡ് പിതാവിനോട് പ്രസംഗത്തിനിടയില്‍ പറഞ്ഞ ഒരു വാചകമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ‘…പിതാവ് എന്നോട് ഡിക്‌റ്റേറ്റ് (Dictate) ചെയ്യരുത്.’ തന്റെ അഭിപ്രായം പറയാന്‍ അനുവദിക്കാതെ, തന്നെ കേള്‍ക്കാന്‍ സന്നദ്ധതയില്ലാതെ, തന്നെ മനസ്സിലാക്കാതെ, ‘ഇങ്ങനെ ചെയ്‌തേ പറ്റൂ, അതേ നടക്കൂ’ എന്ന് കര്‍ക്കശമായി ആക്രോശിച്ചുകൊണ്ടിരുന്ന ഒരു അതിരൂപതാദ്ധ്യക്ഷനോട് നിവൃത്തികേടുകൊണ്ട് പറയേണ്ടിവന്ന ഒരു പാവം മെത്രാന്റെ വാക്കുകളാണിവ. (ഇതു പറഞ്ഞ മെത്രാന്‍ അടുത്തദിവസം തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിവേല്‍പ്പിച്ചെങ്കില്‍ പരസ്യമായി മാപ്പു ചോദിച്ചു. പക്ഷെ, ആജ്ഞാപിച്ചയാള്‍ക്ക് യാതൊരു ഖേദവുമില്ല, എന്നാണ് അകത്തളങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്). വൈദികര്‍ മീറ്റിംഗ് കൂടരുത്, അഭിപ്രായപ്രകടനം നടത്തരുത്, നിവേദനത്തില്‍ ഒപ്പുവെക്കരുത്, ഒപ്പുവച്ചവര്‍ മാപ്പപേക്ഷ എഴുതി നല്‍കുക, ഒപ്പിട്ട കടലാസുകള്‍ കീറിക്കളയുക, ഇത് ചെയ്യാത്തവര്‍ക്കു നേരെ സ്ഥലംമാറ്റ ഭീഷിണി, ഒപ്പിട്ടവര്‍ക്ക് ഭീഷിണിക്കത്ത്, സൈബര്‍ പോരാളികളെക്കൊണ്ടുള്ള ആക്രമണങ്ങള്‍ സ്വന്തം രൂപതയില്‍ വൈദികരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേള്‍ക്കാന്‍ സഭ നിഷ്‌കര്‍ഷിക്കുന്ന കാനോനിക സമിതികള്‍ വിളിച്ചുകൂട്ടില്ല, മാര്‍പാപ്പയ്ക്ക് അപ്പീല്‍ പോകരുതെന്ന നിര്‍ദേശം കൊടുക്കുക, തന്റെ സ്വന്തം വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ സിനഡില്‍ ഇങ്ങനെ ആജ്ഞാപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

സിനഡാലിറ്റി (Synodaltiy) ‘ഒരുമിച്ച് നടക്കലാ’ണ്. മുന്‍കൂട്ടി നിശ്ചയിച്ച അജണ്ട പ്രകാരം, എല്ലാ ഭരണസംവിധാനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കി വെച്ച്, അതിനുമാത്രം യോജിച്ച മുന്നൊരുക്കങ്ങള്‍ നടത്തി, വക്രബുദ്ധിയോടെ അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തി, ഒരു ഭാഗത്തിന്റെ ആശയങ്ങളും, ധാരണകളും, താല്പര്യങ്ങളും, മറ്റ് വിഭാഗത്തിന്റെ മേല്‍ അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും സന്നദ്ധതയില്ലാതെ കെട്ടിയേല്പിക്കുന്ന രീതി സിനഡാലിറ്റിയല്ല, ക്രൈസ്തവമല്ല.

നിരന്തരമായ അടിച്ചമര്‍ത്തലുകള്‍ക്കും, അഭിപ്രായസ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കും, സ്വേച്ഛാധിപത്യരീതികള്‍ക്കും പ്രസിദ്ധനായ ഒരു മെത്രാപ്പോലീത്താ, സ്വന്തം അതിരൂപതയിലെ വൈദികരുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ പോലും മാനിക്കാതെ, സിനഡിന്റെ അധികാരദണ്ഡ് സ്വയം ഏറ്റെടുത്ത്, ഏകീകരണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നീതിനിഷേധത്തിന്റെ വാക്കുകളാണ്, വനരോദനങ്ങളാണ് സിനഡില്‍ കേട്ടത്.

നവീകരിച്ച കുര്‍ബാന തക്‌സ അംഗീകരിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ കത്തിനെ പുറംതിരിയാനുള്ള നിര്‍ദ്ദേശമാക്കി ചുരുക്കി, പുറംതിരിഞ്ഞു നില്‍ക്കാനുള്ള തീയതി നിശ്ചയിക്കുന്ന സിനഡിന്റെ വിജയത്തിനായി ഒന്നരമാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനായജ്ഞം, സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ സോഷ്യല്‍ എഞ്ചിനീയറിംഗ്, വത്തിക്കാന്‍ പ്രതിനിധിയുടെ പ്രസംഗത്തെ വലിച്ചുനീട്ടി മുന്‍കൂട്ടി എടുത്ത തീരുമാനത്തിന് അനുകൂലമാക്കി തീര്‍ക്കുന്ന മീഡിയ കമ്മീഷന്‍, 50:50 അനുപാതത്തില്‍ നിശ്ചയിച്ചുറപ്പിച്ചിരുന്ന കാര്യം തീരുമാനിക്കാന്‍ പത്തുദിവസത്തെ സിനഡ് സമ്മേളനം, സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും എങ്ങനെയും അത് നടപ്പില്‍ വരുത്തിയേ തീരു എന്നും വ്യാഖ്യാനിക്കാനുള്ള മീഡിയ കമ്മീഷന്റെ വ്യഗ്രത, വസ്തുനിഷ്ഠമല്ലാതിരുന്ന പ്രസ്താവനയെ വിശദീകരിക്കാന്‍ വീണ്ടും പത്രപ്രസ്താവന, പഴുതടച്ച് കാര്യങ്ങള്‍ ഉറപ്പിക്കാന്‍ പുറത്തിറക്കിയ സഭാതലവന്റെ സിനഡ് തീരുമാനങ്ങളുടെ രേഖ, എല്ലാം പൂര്‍ത്തിയാക്കാനായി നിര്‍ബന്ധിത വായനയ്ക്കുള്ള സഭാതലവന്റെ ഇടയലേഖനം, ഇതിനെതുടര്‍ന്ന് പോര്‍വിളികളും വിഭാഗീയനടപടികളും അന്തര്‍നാടകങ്ങളും തുടരുന്നു. ഐക്യകണ്‌ഠേനയെന്ന് വാതോരാതെ പ്രഘോഷിക്കുന്നവരോട് ഒരു ലളിതമായ ചോദ്യം: അങ്ങനെ എളുപ്പത്തില്‍ ഒരു തീരുമാനമായിരുന്നെങ്കില്‍ എന്തിനാണ് ഈ വിഷയം പത്ത് ദിവസം ചര്‍ച്ച ചെയ്തത്? ഐക്യകണ്‌ഠേനയുള്ള തീരുമാനങ്ങള്‍ സാധാരണയായി കൈയടിച്ചോ കൈ പൊക്കിയോ പെട്ടെന്ന് എടുക്കാവുന്നതല്ലേ?

ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഈ കോലാഹലങ്ങള്‍? കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കധികം ശാന്തമായി അനുഷ്ഠിച്ചുപോന്ന ആരാധനാക്രമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമത്തില്‍ തമ്മില്‍ തല്ലുന്ന, ശിഥിലമാക്കപ്പെടുന്ന, വിഭജിക്കപ്പെടുന്ന സഭാഗാത്രത്തിന് ആര് ഉത്തരവാദിയാകും? ആരുടെയൊക്കെയോ പിടിവാശിക്കുവേണ്ടി ഈ വിഭാഗീയത അറിഞ്ഞുകൊണ്ട് വരുത്തിവെച്ചതല്ലെന്ന് എങ്ങനെ പറയാനാകും?

അഞ്ചുലക്ഷം വരുന്ന വിശ്വാസികള്‍ പതിറ്റാണ്ടുകളായി പിന്തുടരുന്ന ആരാധനാ രീതി തുടരാന്‍ അനുവദിക്കണമെന്ന് സിനഡിനോട് കരഞ്ഞപേക്ഷിക്കുന്ന ദുര്‍ബലനായ ഒരു മെത്രാപ്പോലീത്ത. പറഞ്ഞു തീരുംമുമ്പ് ആ അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ചാടിവീഴുന്ന മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന, കല്‍ദായ മൂശയില്‍ വാര്‍ത്തെടുത്ത പോരാളികള്‍. മുഴുവന്‍ സമയവും പകുതിസമയവും അള്‍ത്താരാഭിമുഖ കുര്‍ബാന ചൊല്ലുന്നവര്‍ ജനങ്ങളുടെ നേരെ തിരിയണം എന്ന് ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നവര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. മെത്രാന്മാരുടെ (വിശ്വാസികളുടെയല്ല) മൃഗീയ ഭൂരിപക്ഷം തങ്ങളുടെ രീതി ന്യൂനപക്ഷത്തിന്റെ മേല്‍ അധികാര ദുര്‍വിനിയോഗം നടത്തി അടിച്ചേല്‍പ്പിക്കുന്നതിലൂടെ സിനഡാലിറ്റിയുടെ പ്രസക്തി നഷ്ടമാകുന്നു. ജനാഭിമുഖ കുര്‍ബാന രീതി പിന്തുടരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ ആ രീതി പിന്തുടരാത്തവര്‍ക്ക് എന്താണ് കാര്യം? തന്റെ രൂപതയിലെ വിശ്വാസികളുടെ മനസ്സറിഞ്ഞ് ഒരു മെത്രാന് കൊടുക്കാമായിരുന്ന നിയമപരമായ ഒഴികഴിവു പോലും നിയമത്തിന്റെ ദുര്‍ വ്യാഖ്യാനത്തിലൂടെ തടഞ്ഞു വെയ്ക്കുന്നതാണോ സിനഡാലിറ്റി?

സിനഡിനെ നയിക്കേണ്ടത് പരിശുദ്ധാത്മാവാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സഭയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന അരൂപി പരിശുദ്ധാത്മാവല്ല. ഏകാധിപത്യത്തിന്റെ ശൈലി സഭയ്ക്ക് ചേരില്ല, ശാന്തമായി ചലിച്ചുകൊണ്ടിരുന്ന സഭാ സംവിധാനങ്ങളെ ഏകീകരണത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന അവസ്ഥയിലേക്ക് വിട്ടു കൊടുത്തുകൂടാ. വ്യക്തിപരമായ അഭീഷ്ടങ്ങളും താല്‍പര്യങ്ങളും സഭയുടെ പൊതു നന്മയ്ക്ക് ചേര്‍ന്നതല്ല. അഭിപ്രായസ്വാതന്ത്ര്യ നിഷേധവും, വ്യക്തിപരമായ അധിക്ഷേപങ്ങളും, ഭീഷണികളും, കടുംപിടുത്തങ്ങളും നാശത്തിന്റെ തുടക്കമാണ്, വ്യക്തിയുടെയും സഭയുടെയും സമൂഹത്തിന്റെയും. അത് കാലം തെളിയിക്കും.