ഹാഗിയ സോഫിയയുടെമേല്‍ മുഴുങ്ങുന്ന മരണമണി

ചരിത്രത്തെ തമസ്‌കരിക്കുകയെന്നത് ഇക്കാലയളവില്‍ ഒരു പ്രവണതയായി മാറിയിരിക്കുന്നു. അമേരിക്കയില്‍ തുടങ്ങി ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലൂടെ തുര്‍ക്കിയിലെയ്ക്കും ഈ പ്രവണത എത്തിച്ചേര്‍ന്നിരിക്കുന്നു. ചരിത്രം സൃഷ്ടിച്ചവരുടെ സ്മാരകങ്ങള്‍ നശിപ്പിക്കുകയും നദിയിലൊഴുക്കുകയും ചെയ്യുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍, അവിടെയുള്ള ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്രിസ്തീയ ബസിലിക്കയായ ഹാഗിയ സോഫിയായുടെ (പരിശുദ്ധജ്ഞാനം) മ്യൂസിയം പദവി എടുത്തുകളഞ്ഞ് മോസ്‌കാക്കി മാറ്റുവാന്‍ അനുവാദം നല്കിയിരിക്കുന്നു. തുര്‍ക്കിയുടെ പരമോന്നതകോടതിയും ഈ തീരുമാനത്തെ അംഗീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.

ബൈസന്റെയിന്‍ വാസ്തുശില്പകലയാലും നിര്‍മ്മാണചാതുര്യത്താലും കലാവിരുതിനാലും അതിമനോഹരമാണ് ദൈവമാതാവിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ ഹാഗിയ സോഫിയ ബസിലിക്ക. 'പരിശുദ്ധ ജ്ഞാനം' എന്നാണ് ഹാഗിയ സോഫിയ എന്ന ഗ്രീക്കുപദങ്ങളുടെ അര്‍ത്ഥം. കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ജസ്റ്റീനിയന്‍ ഒന്നാമന്‍ രാജാവാണ് ഈ ദേവാലയം നിര്‍മ്മിച്ചതെന്ന് എ.ഡി. 500-565 ല്‍ ജീവിച്ചിരുന്ന കേസറിയായിലെ പ്രോകോപിയുസ് എന്ന പ്രമുഖ ബൈസന്റെയിന്‍ ചരിത്രകാരന്‍ 'ദെ എദിഫിചിസ്' (On buildings) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഒരു ഐക്കണ്‍ ആയി ഈ ദേവാലയം വര്‍ത്തിച്ചിരുന്നു.

ഹാഗിയ സോഫിയ ദൈവാലയം ഏകദേശം 900 വര്‍ഷക്കാലത്തോളം ബെസന്റെയിന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. അവിടെയായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് താമസിച്ചിരുന്നത്; പല സാര്‍വ്വത്രിക സൂനഹദോസുകളും വിളിച്ച് ചേര്‍ക്കപ്പെട്ടത്; പല ചക്രവര്‍ത്തിമാരുടെയും കിരീടധാരണം നടത്തിയത്; പ്രൗഢഗംഭീരമായ പ്രദക്ഷിണങ്ങളും സായാഹ്നപ്രാര്‍ത്ഥനകളും നടത്തിയിരുന്നത്. എന്നാല്‍ 1453 മെയ് 29-ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഓട്ടോമാന്‍ തുര്‍ക്കികള്‍ കീഴടക്കുകയും മുഹമ്മദ് സുല്‍ത്താന്‍ ഹാഗിയ സോഫിയ ദൈവാലയത്തെ മോസ്‌കായി പ്രഖ്യാപിക്കുകയും ചെയ്തു. തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പുരോഗമനവാദിയും രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റുമായിരുന്ന മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് 1934 ല്‍ ഹാഗിയ സോഫിയായെ മ്യൂസിയമായി പ്രഖ്യാപി ച്ചു.

ഈ മ്യൂസിയം ചരിത്രസ്മാരകമായും ബൈസന്റെയിന്‍-റോമന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ തുടങ്ങി അത്താതുര്‍ക്ക് വരെയുള്ള കാലഘട്ടത്തിന്റെ ഓര്‍മച്ചെപ്പായും ഇക്കാലയളവുവരെ നിലകൊള്ളുകയായിരുന്നു. ഇപ്രകാരം മ്യൂസിയമായി നിലകൊണ്ട ഹാഗിയ സോഫിയയെ മോസ്‌കാക്കി മാറ്റാനുള്ള പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഉത്തരവ് ചരിത്രത്തെ തമസ്‌കരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ്. 1985-ല്‍ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇതിനെ വീണ്ടും മോസ്‌കാക്കി മാറ്റുന്നതിനെ യുനെസ്‌കോ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. തുര്‍ക്കിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാഗിയ സോഫിയയെ മോസ്‌കാക്കി മാറ്റുന്നതിനെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായ ബര്‍ത്തലോമിയ ഒന്നാമനും ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും റഷ്യന്‍ പാത്രിയാര്‍ക്കീസായ സിറിലും അപലപിച്ചിട്ടുണ്ട്. ബര്‍ത്തലോമിയ ഒന്നാമനെ സംബന്ധിച്ച് പൗരസ്ത്യവും പാശ്ചാത്യവും സംഗമിക്കുന്ന വിശുദ്ധ ഇടമാണ് ഹാഗിയ സോഫിയാ. ഓര്‍മയുടെ തമസ്‌കരണം ഇരു സംസ്‌കാരങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കും. അതേസമയം ഹാഗിയ സോഫിയായെ മ്യൂസിയമായി നിലനിര്‍ത്തിയിരുന്നെങ്കില്‍, ക്രിസ്തുമതവും ഇസ്‌ലാം മതവും തമ്മിലുള്ള ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രകാശഗോപുരമായി ഇത് വര്‍ത്തിക്കുമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഹാഗിയ സോഫിയാ മ്യൂസിയത്തെ മോസ്‌കാക്കി മാറ്റുന്നത് ക്രിസ്തുമതത്തിനു നേരെയുള്ള ഭീഷണിയായി റഷ്യന്‍ പാത്രിയാര്‍ക്കീസ് സിറില്‍ വിലയിരുത്തുന്നു.

ചരിത്രത്തെ തമസ്‌കരിക്കാനോ ഇല്ലാതാക്കാനോ മാറ്റുവാനോ കഴിയുകയില്ല. തന്മൂലമാണ് പ്രമുഖ തുര്‍ക്കി നേതാക്കളും ചരിത്രകാരന്മാരും പ്രസിഡന്റിന്റെ ഈ തീരുമാനത്ത അപലപിച്ചിരിക്കുന്നത്. വര്‍ത്തമാനകാലഘട്ടത്തില്‍ ആധിപത്യം ഉറപ്പിക്കാനായി ചരിത്രത്തെയും സ്മാരകങ്ങളെയും മ്യൂസിയങ്ങളെയും നശിപ്പിക്കുന്നതിന് കാലം മാപ്പുതരുകയില്ല.

ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മൗണ്ട് സെന്റ് തോമസ്, കാക്കനാട്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org