ക്രൈസ്തവരുടെ പാപങ്ങളും ശ്രദ്ധിക്കേണ്ടവയും

ക്രൈസ്തവരുടെ പാപങ്ങളും ശ്രദ്ധിക്കേണ്ടവയും

ദൈവത്തിന്റെ രണ്ടു നിയമങ്ങളും ക്രിസ്തുവിന്റെ രണ്ടു കല്‍പനകളും ലംഘിക്കുന്നതാണ് ആധുനിക ലോകത്തിലെ പാപം. ലോകത്തിലെ എല്ലാ പാപങ്ങളും ഇവയില്‍ സംഗ്രഹിക്കാം. ദൈവത്തിന്റെ ഒന്നാമത്തെ കല്‍പന അദ്ധ്വാനിച്ചു നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം നേടണമെന്നാണ്. വൈറ്റ് കോളര്‍ ജോലി മാത്രം അന്വേഷിക്കുന്നവര്‍ അദ്ധ്വാനത്തിനു മടിയുള്ളവരാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായ വിപ്ലവം ഉണ്ടാകുന്നതുവരെ കോടാനുകോടി വര്‍ഷങ്ങളില്‍ മനുഷ്യന്‍ മണ്ണില്‍ ജോലി ചെയ്താണ് അന്നം നേടിയിരുന്നത്. ഇന്നും മനുഷ്യന്‍ ഭക്ഷിക്കുന്നതും ഭൂമി ഉല്‍പാദിപ്പിക്കുന്ന വിളവില്‍ നിന്നാണ്. തൊഴില്‍ ചെയ്യാന്‍ തയ്യാറാകാത്തവര്‍ ദൈവകല്‍പന ലംഘിക്കുന്നവരാണ്.
ഏതു ജോലിയും ചെയ്യാന്‍ താത്പര്യപ്പെടുന്നത് മുസ്ലീം മതവിശ്വാസികളാണ്. ഏറ്റവും താഴ്ന്നതും ചെറുതും ഭാരമുള്ളതും പ്രൗഡി ഇല്ലാത്തതുമായ ജോലി ചെയ്യുന്നതില്‍ അവര്‍ മടി കാണിക്കുന്നില്ല. കച്ചടം ചെയ്യുന്നതിലും കാലികളെ വളര്‍ത്തുന്നതിലും മടുപ്പില്ലാത്ത മുസ്ലീംങ്ങള്‍ ഇന്നു സമ്പന്നരും മുന്നോക്ക സമുദായക്കാരുമായി വളരുകയാണ്. അദ്ധ്വാനിക്കുന്നവന്റെ കൂടെ ദൈവം നില്‍ക്കും.
ദൈവത്തിന്റെ രണ്ടാമത്തെ കല്‍പന പെറ്റുപെരുകി ഭൂമുഖം നിറയണം എന്നതാണ്. കുടുംബ ജീവിതത്തിനും മക്കളെ ജനിപ്പിക്കുന്നതിനും പ്രാധാന്യം കൊടുക്കണമെന്നു സാരം. മനഃപൂര്‍വ്വം പ്രസവിക്കാത്ത സ്ത്രീകള്‍ പാപം ചെയ്യുന്നു. പ്രകൃതി നിയമവും ദൈവികനിയമവും മാനുഷിക നിയമങ്ങള്‍ കൊണ്ടു തടസ്സപ്പെടുത്താനാകില്ല. കുട്ടികളുടെ എണ്ണം മനഃപൂര്‍വ്വം കുറയ്ക്കുന്നവരും പാപം ചെയ്യുന്നു. ഉയിരെടുക്കുന്നതുപോലൊരു പാപമില്ല, ഉയിരു നല്‍കുന്നതു പോലൊരു പുണ്യവുമില്ല. മക്കളെ ജനിപ്പിക്കുമ്പോള്‍ ഒരാള്‍ ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാകുകയും ജീവിത പങ്കാളിയോടുള്ള ബന്ധം സുദൃഢമാക്കുകയും ചെയ്യും.
മക്കളെ ജനിപ്പിക്കുന്ന കാര്യത്തില്‍ ഹൈന്ദവരും ക്രൈസ്തവരും പിറകിലാണ്. ഇത് അവരുടെ നാശത്തിനു അവര്‍ ഉണ്ടാക്കി വയ്ക്കുന്ന വിനയാണ്. മക്കളെ ജനിപ്പിക്കുന്നതില്‍ മാതൃക നല്‍കുന്നത് മുസ്ലീം മതവിശ്വാസികളാണ്. നന്നേ ചെറുപ്പത്തില്‍ വിവാഹിതരാകുകയും കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതില്‍ അവര്‍ ദൈവകല്‍പന പാലിക്കുന്നവരാകു ന്നു.
യേശുവിന്റെ രണ്ടു നിയമങ്ങളില്‍ ഒന്ന് പരസ്പരം സ്‌നേഹിക്കുക എന്നതാണ്. എല്ലാ നിയമങ്ങളും ഈ നിയമപരിധിക്കുള്ളില്‍ വരുന്നതാണ്. സ്‌നേഹം എന്ന നിയമം പാലിക്കുന്നിടത്ത് പാപപരിഹാരം ലഭിക്കുന്നു എന്നു മാത്രമല്ല, എല്ലാ പ്രവര്‍ത്തികള്‍ക്കും ന്യായീകരണവുമുണ്ടാകും. ക്രൈസ്തവന്റെ സ്‌നേഹം പരിമിതമായി, സ്വാര്‍ത്ഥപരമായി, വ്യവസ്ഥാപരമായി ഒത്തു തീര്‍പ്പായി. പാരപണിയുന്നതിലും ദോഷം പറയുന്നതിലും ക്രൈസ്തവര്‍ മുമ്പിലായി. ഞാന്‍, എന്റെ ജീവിതപങ്കാളി, എന്റെ വീട്, എന്റെ മക്കള്‍, എന്നിവയ്ക്കപ്പുറത്ത് ഒരു ലോകമില്ലാത്തവനായി തീരുകയാണ് ക്രൈസ്തവന്‍. നന്മ ചെയ്യാന്‍ മാത്രം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനും തിന്മ നിരൂപിക്കാന്‍പോലും ഇടവരുത്താതെ അകന്നിരിക്കാനും സാധിക്കുമ്പോള്‍ സ്‌നേഹം ശക്തമാകുന്നു.
യേശുവിന്റെ രണ്ടാമത്തെ കല്‍പന സുവിശേഷം ലോകമെങ്ങും അറിയിക്കുക എന്നതാണ്. സുവിശേഷം എന്നു പറഞ്ഞാല്‍ ക്രിസ്തു എന്നാണ്. ക്രിസ്തു എല്ലായിടത്തും അറിയപ്പെടുക എന്നതാണു മുഖ്യം. മറ്റുള്ളവരെ ക്രിസ്തുവിലേക്കു കൊണ്ടുവരാത്തതും ക്രിസ്തുവിനെ കൊണ്ടുക്കൊടുക്കാത്തതുമാണു പാപം. വിശ്വാസികള്‍ സഭാ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണ്. സഭയിലെ മിഷന്‍പ്രവര്‍ത്തനം കുറയുമ്പോള്‍ സഭ വെറും സംഘടനയും കോര്‍പ്പറേറ്റും ക്രമേണ മാഫിയാ സംഘവുമാകുന്നു. പണം കൂട്ടിക്കൂട്ടി വയ്ക്കുന്ന "യോഹന്നാന്‍ സഭ," തമ്മില്‍ തല്ലിക്കീറുന്ന ഓര്‍ത്തഡോക്‌സ് യാക്കോബായ സഭ, പരസ്പരം ഏകോപനമില്ലാതെ ഭിന്നിച്ച് അകന്നു നില്‍ക്കുന്ന കേരള കത്തോലിക്കാ സഭ തുടങ്ങിയവ ക്രിസ്തുവിന്റെ കല്‍പനാലംഘന പരിധിയില്‍ വരും.
ക്രൈസ്തവര്‍ വളരെ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ കൂടിയുണ്ട്. ലോകമെങ്ങുമുള്ള ജിഹാദികളുടെ കടന്നാക്രമണം കാണാതെയും പ്രതികരിക്കാതെയും പോകരുത്. ക്രൈസ്തവസഭയെ പ്രതിരോധിക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്. കൈയ്യും കെട്ടി നിന്നാല്‍ കാലിനടിയിലെ മണ്ണ് ഉതിര്‍ന്നു പോകും. ക്രൈസ്തവര്‍ വിവാഹജീവിതത്തിനു പ്രാധാന്യം നല്‍കുകയും മക്കളുടെ എണ്ണത്തില്‍ തത്പരരാകുകയും വേണം. ഗ്രാജ്വേഷന്‍ കഴിയുമ്പോഴേക്കും (22-23) വിവാഹം കഴി ക്കാന്‍ തയ്യാറാകണം. കുട്ടികള്‍ എത്ര ഉണ്ടായാലും ദൈവപരിപാലനയില്‍ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ തയ്യാറാകണം. ഏതു സഭാ വിഭാഗത്തിലായാലും ക്രിസ്തുവാണു മുഖ്യം എന്നു ചിന്തിച്ചുകൊണ്ട് വിഭാഗീയതയും, റീത്തും പ്രാദേശികതയും ഒഴിവാക്കിക്കൊണ്ട് ഏകോപനത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരാന്‍ തയ്യാറാകണം. അതിനായി ഒരു 'കേരള ക്രിസ്ത്യന്‍ ഫെഡറേഷന്‍' ഉണ്ടാക്കി മുഴുവന്‍ ക്രൈസ്തവരെയും വിഭാഗീയതയില്ലാതെ ഒരു പ്ലാറ്റ്‌ഫോമില്‍ അണി നിരത്താന്‍ പഠിക്കണം.

ഫാ. ലൂക്ക് പൂത്തൃക്കയില്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org