ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്മാര്‍

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്മാര്‍

നാളെയിലെ പൗരന്മാരാണ് ഇന്നത്തെ കുട്ടികള്‍. ഈ പൗരസഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരണചക്രം തിരിക്കേണ്ടത്. ഈ പൗരന്മാര്‍ എങ്ങനെയാണോ അതനുസരിച്ചായിരിക്കും രാജ്യത്തിന്റെ അവസ്ഥ. കുട്ടികള്‍ അച്ചടക്കമില്ലാത്തവരായി തീരുന്നതില്‍ മാതാപിതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സഭാ ഹൈരാര്‍ക്കിക്കും പങ്കുണ്ട്.

ടിവിയും വീഡിയോ ഗെയിമും കുട്ടികളെ വഴി തെറ്റിക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ ചാനലുകള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശം കിട്ടുവാന്‍ ഇടയാക്കും. വന്യമൃഗങ്ങളുടെ ജീവിതം കാണിക്കുന്ന ചാനലുകള്‍ കുട്ടികളില്‍ ക്രൂരത വളര്‍ത്താന്‍ ഇടയാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കുടുംബപ്രാര്‍ത്ഥനയും എല്ലാവരും ഒന്നിച്ചുള്ള ഭക്ഷണവും ടിവി സീരിയലുകള്‍ കവര്‍ന്നെടുക്കുകയാണ്. ഫലമായി പരസ്പരമുള്ള ആശയവിനിമയം പോലും നഷ്ടപ്പെടുന്നു. ദൃശ്യ മാധ്യമങ്ങളോടുള്ള അമിത താത്പര്യം നിയന്ത്രിക്കേണ്ടതു തന്നെയാണ്. മൊബൈലിനോടുള്ള അമിത താത്പര്യവും പഠനത്തോടുള്ള വിമുഖതയ്ക്കു വലിയ അളവില്‍ കാരണമാകുന്നുണ്ട്.
കുട്ടികളുടെ അച്ചടക്കമില്ലായ്മയ്ക്ക് കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന അനാവശ്യ നിയമങ്ങളും കാരണമാകുന്നുണ്ടെന്നു പറയണം. കുട്ടികളെ തല്ലാന്‍ പാടില്ലെന്ന നിയമം നടപ്പാക്കിയത് അബദ്ധമാണെന്നാണ് അഞ്ചു കുട്ടികളുടെ പിതാവായ എന്റെ അഭിപ്രായം. ഈ നിയമം നടപ്പാക്കിയിട്ടും പഠിക്കാതിരിക്കുന്നതിനു കുട്ടികളെ വെയിലത്തു നിറുത്തുന്നതും സ്‌കെയില്‍ കൊണ്ട് അടിക്കുന്നതും ചട്ടകം ചൂടാക്കി തുടയില്‍ വയ്ക്കുന്നതുമൊക്കെയായ വാര്‍ത്തകള്‍ നാം കാണുന്നു. മാതൃകാപരമല്ലാത്ത വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നതിന് നടപടി എടുക്കുവാന്‍ മുന്‍പുള്ള നിയമങ്ങള്‍ മതിയാകും. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്തും ചെയ്യാനുള്ള മനോഭാവം കുട്ടികളില്‍ ഉളവാക്കിയേക്കാം.

കുട്ടികള്‍ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠിപ്പിക്കുവാന്‍സിബിഎസ്ഇ, ഐസിഎസ്ഇ തന്നെ വേണം എന്നായിരിക്കുന്നു. പഠനത്തേക്കാള്‍ പ്രധാനം സ്റ്റാറ്റസ് ആണ്.

മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. ട്യൂഷന് അമിതപ്രാധാന്യം കൊടുത്ത് കുട്ടികള്‍ക്ക് പിരിമുറുക്കം സൃഷ്ടിക്കാതിരിക്കണം. ഓഫീസു ജോലികഴിഞ്ഞു വീട്ടിലെത്തി കുട്ടികളെ പഠിപ്പിക്കുന്ന വരുണ്ട്. ഓഫീസ് ജോലികളിലെ പിരിമുറുക്കം കുട്ടികളിലായിരിക്കും അവര്‍ പ്രതി ഫലിപ്പിക്കുക. ഇതു വിപരീതഫലം ഉളവാക്കും. മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന പ്രവണതയും നല്ലതല്ല. അത് അവരില്‍ അപകര്‍ഷതയുളവാക്കും. അതുപോലെ സമ്മാനങ്ങള്‍ വാദ്ഗാനം ചെയ്ത് കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കരുത്.

സഭയില്‍ നിന്നു കുട്ടികള്‍ അകലുന്നതില്‍ ഹൈരാര്‍ക്കിക്കും പങ്കുണ്ട്. കുട്ടികളെ വളരെ നേരം പള്ളികളില്‍ പിടിച്ചിരുത്തുന്നതു കൊണ്ട് അവര്‍ പള്ളിയോട്, സഭയോട് അടുക്കുമെന്ന ധാരണ തെറ്റാണ്. മിക്കയിടത്തും ആദ്യകുര്‍ബാന സ്വീകരിക്കുന്നതിനുള്ള ഒരുക്കം ഒരുമാസമാണ്. തീര്‍ന്നില്ല ചിലയിടത്ത് സ്ഥൈര്യലേപനം അടുത്ത വര്‍ഷമാണ്. അതിനും വേണം ഒരുമാസത്തെ പരിശീലനം. കുര്‍ബാനക്കിടയ്ക്ക് കുട്ടികളെ പരസ്യമായി ശകാരിക്കുന്നത് ചില വികാരിമാര്‍ക്ക് ഒരു നിയോഗമാണ്. ബലിവസ്ത്രങ്ങള്‍ അണിഞ്ഞ് കുട്ടികള്‍ക്കിടയിലേക്കു ഇറങ്ങി വന്ന് കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന വൈദികരുമുണ്ട്. വി. ബലിയുടെ ചൈതന്യം കളയാതെ ഇക്കാര്യങ്ങളൊക്കെ മതാധ്യാപകരെ ഏല്‍പ്പിക്കുന്നതല്ലേ ഉത്തമം?

ഒ.ജെ. പോള്‍, പാറക്കടവ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org