വിഷുവും ദുഃഖവെള്ളിയും ഒരുമിച്ചപ്പോള്‍…

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

2017-ലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു ഒരേ ദിനത്തില്‍ ഒന്നിച്ചുവന്നെത്തിയ വിഷുവും ദുഃഖവെള്ളിയും! ആഘോഷത്തിമിര്‍പ്പിന്‍റെയും പടക്കധ്വനിയുടെയും മഹാസമ്മേളനമാണു വിഷു. ക്രൈസ്തവലോകത്തിനു ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്നേഹബലിയുടെയും ശോകച്ഛവി ദുഃഖവെള്ളി പ്രദാനം ചെയ്യുന്നു.

ആഘോഷത്തിന്‍റെ വിഷു കൊണ്ടാടുന്നവര്‍, ദുഃഖത്തിന്‍റെ വെള്ളിയാഴ്ച ആചരിക്കുന്നവരോട് താദാത്മ്യം പ്രാപിച്ചെന്ന വണ്ണം, വെടി-പടക്കങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ ദുഃഖവെള്ളിയുടെ ചൈതന്യം പ്രഭാതം മുതല്‍ പ്രദോഷംവരെ കാണാനുണ്ടായിരുന്നു. വേറിട്ടു നില്ക്കുന്ന, എത്ര മനോഹരമായ ഒരു ചൈതന്യവിശേഷം! ഈസ്റ്റര്‍ കുര്‍ബാനമദ്ധ്യേ വൈദികന്‍ പ്രസംഗസമയം ഇത് എടുത്തുപറഞ്ഞു ഹിന്ദുസഹോദരങ്ങളോടു സ്നേഹബഹുമാനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ പള്ളിയിലെ ആരാധനാസമൂഹത്തിനു ചാരിതാര്‍ത്ഥ്യവും!

ഇതൊരു വലിയ അടയാളമാണ്, തെളിവാണ്. കേരളീയര്‍, മലയാളികള്‍ ഒരുമ കാണിക്കാന്‍ മനസ്സും സന്നദ്ധതയുമുള്ളവരാണ്. ഈ വര്‍ഷത്തെ വിഷു-ദുഃഖവെള്ളി അനുഭവത്തിന്‍റെ അര്‍ത്ഥം ആഴത്തില്‍ നാം മനസ്സിലാക്കി ഈ ചൈതന്യം നിലനിര്‍ത്താന്‍ സഹകരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org