വിശ്വാസം യുക്തിസഹമായിരിക്കട്ടെ

കെ.എന്‍. ജോര്‍ജ്, മലപ്പുറം

സത്യദീപം 40-ാം ലക്കത്തില്‍ തോമസച്ചന്‍ "രക്ഷിക്കുന്ന സ്നേഹം" എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനമാണ് ഈ കത്തിനാധാരം. "ഇന്നലത്തെ അറിവ് ഇന്നത്തേയ്ക്കു പോരാ" എന്ന കാള്‍റെയ്നറുടെ മനോഭാവം ഉപയോഗിച്ചുകൊണ്ടാണ് അച്ചന്‍ ഫാ. ജൊസ്സോ പഗോളയുടെ "Jesus an Historical Approximation" എന്ന ഗ്രന്ഥത്തിലെ ചില സത്യങ്ങള്‍ നമ്മോടു പയുന്നത്. അതും ഞാനൊന്നും പറഞ്ഞില്ലേ എന്ന മട്ടില്‍. ഉദാഹരണത്തിന് അച്ചന്‍ പറയുന്നതു നോക്കുക. "പാപികള്‍ക്കു പകരക്കാരനായല്ല ദൈവം യേശുവിനെ കാണുന്നത്. ആരുടെയും പാപം ദൈവം യേശുവില്‍ കെട്ടിവയ്ക്കുന്നില്ല. യേശു ദൈവത്തിന്‍റെ ബലിയല്ല. കയ്യാഫാസും പീലാത്തോസുമാണു യേശുവിനെ ബലിയാടാക്കുന്നത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതനെന്ന നിലയില്‍ അദ്ദേഹത്തിന് ഇങ്ങനെ മാത്രമേ പറയുവാന്‍ കഴിയൂ. കാരണം കത്തോലിക്കാവിശ്വാസികളായ നാം, നിഖ്യാ വിശ്വാസപ്രമാണമെന്ന വര്‍ണക്കണ്ണാടിയിലൂടെയാണു യേശുവിനെ കാണുന്നത്. അതിനു യോജ്യമല്ലാത്തതെല്ലാം നമുക്കു ദൈവനിന്ദയും പാഷണ്ഡതയുമാണ്. എന്നാല്‍ ഫാ. പഗോള സ്പഷ്ടമായി പറയുന്നു. യേശു പ്രഘോഷിച്ച പിതാവു കരുണയുടെ മൂര്‍ത്തിമത്ഭാവമാണ്. രക്തം ചിന്തിയുള്ള ഒരു ബലിയും അവിടുന്ന് ആഗ്രഹിക്കുന്നില്ല. അത് അവിടുത്തേയ്ക്കു സ്വീകാര്യവുമല്ല. എങ്കിലും തോമസച്ചന് അത്രയെങ്കിലും പറയുവാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കാം. ഫാ. പഗോള നമ്മോട് ആവശ്യപ്പെടുന്നതു നിര്‍ജ്ജീവമായ വിശ്വാസത്തില്‍ നിന്നും പ്രവര്‍ത്തനനിരതമായ ഒരു വിശ്വാസത്തിലേക്കു പരിവര്‍ത്തനപ്പെടുവാനാണ്. മതത്തില്‍ മാറ്റത്തിനു പ്രസക്തിയുണ്ടോ?

ഫാ. പഗോള അനാവരണം ചെയ്ത യേശുവും പങ്കുവച്ച ആശയങ്ങളും നമ്മോട് ഒരു ആത്മപരിശോധന ആവശ്യപ്പെടുന്നു. സര്‍വാശ്ലേഷിയാകേണ്ട സഭ ഇന്നു പല കാരണങ്ങള്‍ പറഞ്ഞു സഭയുടെ വാതിലുകള്‍ മനുഷ്യമക്കള്‍ക്കു മുമ്പില്‍ അടച്ചിടുന്നു. ഇങ്ങനെയുള്ളവരെയാണു യേശു ചേര്‍ത്തു പിടിച്ചിരുന്നതെന്ന കാര്യം സൗകര്യപൂര്‍വം സഭ വിസ്മരിക്കണം. ഇതിനെല്ലാം മാറ്റമുണ്ടായെങ്കിലേ സഭ പുഷ്കലമാവുകയുള്ളൂ. അതിനായി നമുക്കു ഫാ. പഗോള കാണിച്ചുതരുന്ന യേശുവിനെ സ്വീകരിക്കാം, അവനോടൊപ്പം സഞ്ചരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org