വിശ്വാസപരിശീലകരുടെ വിശ്വാസ്യത

പി.ആര്‍. ജോസ്, ചൊവ്വൂര്‍

സത്യദീപം ലക്കം 48 'വരികള്‍ക്കിടയില്‍' ഫാ. മുണ്ടാടന്‍ എഴുതിയ 'ഇന്നത്തെ വിശ്വാസ പരിശീലകര്‍ മാറ്റത്തെ ഇഷ്ടപ്പെടണം' എന്ന ലേഖനം എല്ലാ വിശ്വാസപരിശീലകരും വായിക്കേണ്ടതാണ്. ഇത്തരം പ്രായോഗികസത്യങ്ങള്‍ വെളിപ്പെടുത്തിയ ലേഖകനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍. വിശ്വാസപരിശീലകന്‍റെ ജീവിതം ക്രിസ്തുജീവിതത്തിന്‍റെ പരിഛേദമാകണം. കേരളത്തിലെ ഇടവകകളിലെല്ലാം വിശ്വാസപരിശീലനം ഭംഗിയായി നടത്തുന്നുണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം. പക്ഷേ, അതിന്‍റെ ഫലം വളരെ കുറവാണ്. കുറ്റകൃത്യങ്ങളിലും പ്രത്യേകിച്ചു സൈബര്‍ കുറ്റകൃത്യങ്ങളില്‍ കത്തോലിക്കായുവജനങ്ങളുടെ പങ്കു വലുതാണ്. എന്നാല്‍ അവരെല്ലാം വിശ്വാസപരിശീലനം നേടിയവരായിരിക്കും.

ഇടവകയിലെ വിശ്വാസപരിശീലകര്‍ അതേ ഇടവകയില്‍ത്തന്നെ താമസിക്കുന്നവരാണ്. അതുകൊണ്ട് അവരെക്കുറിച്ചു വിദ്യാര്‍ത്ഥികള്‍ക്കു നന്നായി അറിയാം. അവരില്‍ ഒരു ന്യൂനപക്ഷമെങ്കിലും അയല്‍പക്കക്കാരുമായി ശണ്ഠ കൂടുന്നവരോ മദ്യപിച്ചു കുടുംബാന്തരീക്ഷം തകര്‍ക്കുന്നവരോ ആത്മാര്‍ത്ഥതയില്ലാതെ ജോലി ചെയ്യുന്നവരോ കൈക്കൂലിക്കാരോ പരദൂഷണം നടത്തുന്നവരോ ക്ഷമിക്കാത്തവരോ ആയിരിക്കും. സ്വന്തം അപ്പനെയോ അമ്മയെയോ നോക്കാത്തവരുമുണ്ടാകാം. അങ്ങനെയുള്ളവര്‍ ദൈവവചനം, കൂദാശ, സഭാനിയമങ്ങളൊക്കെ പഠിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ അതെല്ലാം ഉള്‍ക്കൊള്ളുമെന്നു തോന്നുന്നുണ്ടോ? ലേഖകന്‍ സൂചിപ്പിച്ചതുപോലെ ക്രിസ്തുസന്ദേശം ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്കേ വിശ്വാസപരിശീലനം അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിര്‍വഹിക്കാനാകൂ. കുടം കമിഴ്ത്തി ബലമുപയോഗിച്ചു വെള്ളത്തില്‍ താഴ്ത്തിയാലും അല്പംപോലും വെള്ളം കുടത്തില്‍ കയറുകയില്ലെന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org