സഭയ്ക്കിത് എന്തുപറ്റി?

സഭയ്ക്കിത് എന്തുപറ്റി?

അഡ്വ. ലൈജു സി. എടക്കളത്തൂര്‍, തൃശ്ശൂര്‍

കഴിഞ്ഞ ലക്കത്തില്‍ ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനുമായുള്ള അഭിമുഖത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനം ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച സത്യദീപത്തെ അനുമോദിക്കുന്നു. നമ്മുടേത് പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ പക്വമതികളും നിഷ്പക്ഷരും ഏറെ നിരാശയോടെ, പങ്കുവെയ്ക്കുന്ന ആശങ്കകളാണ് ശ്രീ. സതീശന്റെ വാക്കുകളില്‍ നിഴലിക്കുന്നത്.

രാഷ്ട്രീയസാമൂഹ്യ മണ്ഡലങ്ങളില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിഷയങ്ങളില്‍ ഏറെ പക്വതയോടെയും, സമചിത്തതയോടെയും പ്രതികരിക്കുന്ന കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം, അതില്‍ പ്രത്യേകിച്ച് സീറോ മലബാര്‍ സഭ, അടുത്ത ക്കാലത്ത് നടത്തിയിട്ടുള്ള ചില പ്രതികരണങ്ങള്‍ സഭയുടെ പ്രൗഢമായ പാരമ്പര്യത്തിനും, കുലീനതയ്ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ പോലും അത് അവതരിപ്പിക്കുമ്പോള്‍ അപര മതവിദ്വേഷം ജനിപ്പിക്കാതിരിക്കാന്‍ അനന്യസാധാരണമായ ജാഗ്രത സഭാപിതാക്കന്മാര്‍ പ്രകടിപ്പിക്കാറുണ്ട്. അത് കേരളത്തിലെ പൊതു സമൂഹത്തില്‍ ക്രൈസ്തവരുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഐക്യ കേരളത്തില്‍ ക്രൈസ്തവ സമൂഹത്തില്‍നിന്ന് രണ്ട് മുഖ്യമന്ത്രിമാര്‍ ദീര്‍ഘകാലം ഭരിച്ചതും യാദൃശ്ചികമല്ല.

പക്ഷേ, അടുത്തക്കാലത്ത് സഭാനേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ വെള്ളാപള്ളിയോട് മല്‍സരിക്കാനാണോ എന്ന് തോന്നും. ഇത് ആദ്യം പ്രകടമായി തോന്നിയത് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ പ്രതികരണങ്ങളിലാണ്. റിപ്പോര്‍ട്ട് പഠിക്കണമെന്ന് നിര്‍ദ്ദേശിച്ച ഒരു എം.പി.യുടെ ശവഘോഷയാത്ര നടത്തിയതും, നേതൃത്വം കൊടുത്തതും യഥാര്‍ത്ഥത്തില്‍ പട്ടം കിട്ടിയ അച്ചന്മാരായിരുന്നുവെന്നത് ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന സംഗതിയാണ്.

ദീപിക പത്രത്തിന്റെ കച്ചവടം മൂലം സഭയ്‌ക്കേറ്റ മുറിവും മറക്കാനാവില്ല.

അടുത്തക്കാലത്തെ വിവാദപ്രതികരണങ്ങളും, സഭ പൊതുസമൂഹത്തില്‍ ഒറ്റപ്പെടാനേ സഹായിച്ചിട്ടുള്ളൂ എന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്. വിവാഹത്തിനുവേണ്ടി മാത്രം കത്തോലിക്കാ സഭയിലേക്ക് മതംമാറ്റം നടത്തിയിട്ടുള്ള ഇതര മതസ്ഥരുടെ എണ്ണം അത്ര ചെറുതാണെന്ന് ആരും കരുതരുത്. അപക്വമായ പ്രതികരണങ്ങള്‍ മതമാറ്റ നിരോധന നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവരുടേയും, 'ഘര്‍ വാപ്പസ്സി' വാദക്കാരുടേയും പ്രചരണങ്ങള്‍ക്ക് ശക്തി പകരുകയേയുള്ളൂ.

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊതുവായി ശക്തമായി നിലപാട് സ്വീകരിക്കുകയും പ്രചരണം നടത്തുകയും ചെയ്യുക എന്നല്ലാതെ അതിന് മതത്തിന്റെ നിറം ചാര്‍ത്തുന്നത് വിപരീതഫലമേ സൃഷ്ടിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ നാം മറ്റുള്ളവരെ അനുകരിക്കുകയല്ല വേണ്ടത്, നമ്മുടെ പക്വമാര്‍ന്ന സമീപനത്തിലേക്ക് മറ്റുള്ളവരെ കൂടി ആകര്‍ഷിക്കുകയാണ് വേണ്ടത്. അതാണ് നമ്മുടെ പാരമ്പര്യം എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന വര്‍ഗ്ഗീയ ശക്തികളില്‍ നമ്മളും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകും. അത് ഒരു നിലയ്ക്കും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് പൊതുവിലും, സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേകിച്ചും ഭൂഷണമാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org