Latest News
|^| Home -> Letters -> എന്താണ് ഒരാളെ വിശുദ്ധ(ന്‍)യാക്കുന്നത്?

എന്താണ് ഒരാളെ വിശുദ്ധ(ന്‍)യാക്കുന്നത്?

ഒരു വിശുദ്ധ(ന്‍)യാകണമെന്ന ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകാം. മനസ്സിന്റെ ആഗ്രഹങ്ങളാണ് മനുഷ്യനെ നയിക്കുന്നത്. മനസ്സു ണ്ടെങ്കില്‍ വഴിയുമുണ്ട്. പുണ്യാത്മാക്കളുടെ ജീവചരിത്രം നാം വായി ക്കാറുണ്ട്. അവ ചിലപ്പോള്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. കാരണം, വിശുദ്ധരുടെ ജീവിതത്തിലെ ചില അസാധാരണ സംഭവങ്ങള്‍ അടുത്തു കാണിക്കുകയല്ലാതെ അവരുടെ ജീവിതത്തിലെ യഥാര്‍ത്ഥ സ്ഥിതി യും സുപ്രധാനമായ കാര്യങ്ങളും അനുവാചകര്‍ക്കായി അധികമാരും വ്യക്തമാക്കാറില്ല. അതുകൊണ്ടു വിശുദ്ധജീവിതം നമുക്ക് അപ്രാപ്യമാണെന്ന ചിന്ത വരാം.

എന്താണ് ഒരാളെ വിശുദ്ധ പദവിയിലെത്തിക്കുന്നത്? അല്‍ഫോന്‍ സാമ്മയെ നോക്കാം. പലവിധ രോഗങ്ങളാല്‍ വേദനിച്ചിരുന്നു, അല്‍ഫോന്‍സാമ്മ. കൂടാതെ അവഗണന, ആക്ഷേപം, അവജ്ഞ എന്നിവയാല്‍ മാനസീകമായി പീഡിപ്പിക്കപ്പെട്ടു. ഈ സഹനങ്ങളാണോ അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത്? കഠിന പീഡനങ്ങള്‍ സഹിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വിശുദ്ധരായില്ല. മദര്‍ തെരേസ തെരുവോരങ്ങളില്‍ നിന്നു കുഞ്ഞുങ്ങളെയും വൃദ്ധരേയും സംരക്ഷിച്ചതുകൊണ്ടാണോ വിശുദ്ധയായത്?

ഉത്തരം അതെയെന്നും അല്ലായെന്നുമാണ്. അതായത് പ്രധാന കാരണം വേറെയുമുണ്ട്. സാധാരണ കാര്യങ്ങള്‍ അസാധാരണമാം വിധം നിര്‍വ്വഹിക്കാന്‍ വിശു ദ്ധര്‍ക്കു പ്രചോദനം നല്‍കിയ ഒരു ഡൈനാമിസം അവരില്‍ ഉണ്ടായിരിക്കണം. അതാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്‌നേഹം. ഈ വികാരം ദ്വിമു ഖിയാണ്: ദൈവത്തോടും അപരനോടുമുള്ള സ്‌നേഹം. ഇതില്‍ ഒന്നേയുള്ളൂവെങ്കില്‍ അവര്‍ വിശുദ്ധരല്ല, പിശുക്കരാണ്.

സ്‌നേഹം ഒരു ശക്തിയാണ്. കാരണം സ്‌നേഹം ദൈവത്തില്‍ നിന്നു പരിശുദ്ധാത്മാവു വഴി മനുഷ്യരിലേക്കു വരുന്നു (റോമാ 5:5). അതുകൊണ്ട് അപരനെ സ്‌നേഹിക്കാന്‍ ബാധ്യതയും കടപ്പാടും ഉണ്ടാകുന്നു. നിരീശ്വരനും പരസ്‌നേഹം കാണിക്കുമല്ലോ എന്ന ചോദ്യം വരാം. പക്ഷെ ആ പരസ്‌നേഹത്തിനു ദൈവശാസ്ത്രപരമായ അടിത്തറ അല്ലെങ്കില്‍ കാരണം ഇല്ല. അതു താത്ക്കാലികമായൊരു നീക്കുപോക്കായേ കാണാനാകൂ. അതു സ്ഥായിയാരിക്കില്ല.

ഉള്ളു നിറഞ്ഞ സ്‌നേഹത്തിന്റെ ബഹിര്‍സ്ഫു രണമാണ് പുണ്യാത്മാക്കളില്‍ കാണുന്ന വിസ്മയകരമായ പ്രവര്‍ത്തികള്‍. ഒരു ഉദാഹരണം പറയാം. പെരുനാളിന്റെ ആഘോഷഭാഗമായി രാത്രിയില്‍ അമിട്ടു പൊട്ടിക്കും. അത് ആകാശ വിതാനത്തില്‍ പൊട്ടിവിരിഞ്ഞു വിവിധ വര്‍ണ്ണപ്പൊലിമയോടെ ആകാശത്തെ ശോഭയാനമാക്കുന്നു. കാരണം അമിട്ടു കുറ്റിയില്‍ സാന്ദ്രതയോടെ വെടിമരുന്നു നിറച്ചിരിക്കുന്നു. വിശുദ്ധരുടെ മനസ്സാകുന്ന കുറ്റിയില്‍ നിറച്ചിരിക്കുന്ന മരുന്നാണ് സ്‌നേഹം. നമുക്കും ചെയ്യാവുന്നതേയുള്ളൂ. മനസ്സാകണം എന്നുമാത്രം.

ഈ പറഞ്ഞതില്‍ ഒരു വ്യത്യാസം മനസ്സിലാക്കണം. അമിട്ടിന്റെ വര്‍ണ്ണപ്പൊലിമ എല്ലാവരെയും കാണിക്കാന്‍ വേണ്ടിയാണ്. വിശുദ്ധരുടെ ജീവിതപ്രഭ അവരുടെ ജീവിതകാലത്തു കണ്ടെന്നു വരില്ല. ചിന്തിച്ചാല്‍ അതിനു രണ്ടു കാരണങ്ങള്‍ കാണാം. 1) വിശുദ്ധരുടെ എളിമ. പ്രദര്‍ശനം (show) അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ തിരിച്ചറിയപ്പെടുന്നില്ല. 2) മറ്റുള്ളവരിലെ നന്മ കാണാന്‍ പലരും താത്പര്യപ്പെടു ന്നില്ല.

വി. അല്‍ഫോന്‍സായുടെ ജീവിതം സഹനബലിയായിരുന്നു എന്നാണു പൊതുവേ പറയപ്പെടുന്നത്. അതു മുഴുവന്‍ ശരിയല്ല. സഹനബലിയായെങ്കില്‍ എന്തുകൊണ്ട് അങ്ങനെയായി? കാരണം അവളുടെ ജീവിതം ആദ്യമേതന്നെ ഒരു സ്‌നേഹബലിയായിരുന്നു. അല്‍ഫോന്‍സാ മ്മയുടെ ആത്മീയോപദേ ഷ്ടാവ് അവളുടെ ജീവിതത്തെ വിശേഷിപ്പിച്ചത് ‘സ്‌നേഹബലി’ എന്നാണ്. ഈ പറഞ്ഞതിന്റെയെല്ലാം പ്രയോഗിക നിഗമനം ഇതുമാത്രം: നമുക്കും സ്‌നേഹത്തില്‍ വളര്‍ന്ന് വിശുദ്ധരാകാം, ആകണം. അതൊരു ദൈവവിളിയാണ്.

ഡോ. സി. വെള്ളരിങ്ങാട്ട്, പ്രീസ്റ്റ്‌സ് ഹോം, പാല