ധാര്‍മികത തകര്‍ന്നടിയുമ്പോള്‍

ധാര്‍മികത തകര്‍ന്നടിയുമ്പോള്‍

മാനുഷികമൂല്യങ്ങള്‍ക്ക് ഇന്നത്തേതുപോലെ വിലയിടിഞ്ഞ ഒരു കാലഘട്ടം മുമ്പെങ്ങുമുണ്ടായിട്ടില്ല. സത്യം, നീതി, ന്യായം, ദയ, അനുകമ്പ, കരുണ, പരസ്‌നേഹം തുടങ്ങിയ നന്മകളും പുണ്യങ്ങളും നാള്‍ക്കുനാള്‍ സമൂഹത്തില്‍ ക്ഷയിച്ചുവരുന്നു. മാത്രമല്ല അസത്യം, അനീതി, അന്യായം, ക്രൂരത, വെറുപ്പ്, പരദ്രോഹം, ചതി, കൊല, കൊള്ള ആദിയായ തിന്മകളും ദോഷങ്ങളും അടിക്കടി പെരുകി വരികയും ചെയ്യുന്നു. വര്‍ത്തമാനപത്രങ്ങളുടെ പേജുകളും ആധുനികവാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കങ്ങളും നാട്ടില്‍ നടമാടുന്ന കൊള്ളരുതായ്മകളുടെ വിവരണങ്ങള്‍കൊണ്ട് നിറയുകയാണ്.
ആര്‍ത്തികളില്‍ പ്രധാനം ധനാര്‍ത്തിതന്നെ. എന്തു കടുംകൈ ചെയ്തിട്ടായാലും അന്യന്റെ കീശയിലെ കാശ് സ്വന്തം മേശയിലെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ധനമോഹികള്‍ ഒത്തിരിയുണ്ട് സമൂഹത്തില്‍. രോഗി മരിച്ചെന്ന് ഉറപ്പ് വരുത്തിയിട്ടും വില കൂടിയ മരുന്ന് ആ ശരീരത്തില്‍ കുത്തിവെക്കുന്ന ഭിഷഗ്വരനും കൊലക്കയറോ ജീവപര്യന്തമോ ശിക്ഷ കിട്ടേണ്ട കേസ്സുകളില്‍ കള്ള ക്കഥകളും ഇല്ലാത്തെളിവുകളുമുണ്ടാക്കി കുറ്റവാളിയെ മോചിപ്പിച്ചുകൊണ്ടുവരുന്ന അഭിഭാഷകനും അക്കൂട്ടത്തിലുണ്ട്. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് വിലപേശി കാശുവാങ്ങി കൂറുമാറി ജനാധിപത്യത്തെ പച്ചയ്ക്ക് ചുട്ടുതിന്നുന്ന രാഷ്ട്രീയക്കോമരങ്ങളുള്ള നാടാണിത്. നിത്യോപയോഗവസ്തു ക്കള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്ന വ്യാപാര പ്രമുഖനും പുറമ്പോക്ക് കയ്യേറി റിസോര്‍ട്ട് പണിയുന്ന കോടീശ്വരനും ഇവിടെ സുഖിച്ച് വാഴുന്നു. അമ്പത് രൂപ കൈക്കൂലി വാങ്ങുന്ന ശിപായി മുതല്‍ അഞ്ചു ലക്ഷത്തിന് വില പേശുന്ന അഖിലേന്ത്യന്‍ വരെ സമൂഹത്തിലെ പുഴുക്കുത്തുകളായി നമ്മുടെ ഇടയിലുണ്ട്.
ധനാര്‍ത്തി പോലെതന്നെ, ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായി, ധാര്‍മികതയെ ചവിട്ടിയരയ്ക്കുന്ന മറ്റൊരു ദുരവസ്ഥയാണ് കാമാര്‍ത്തി. ലോകത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം തിന്മകളുടേയും പ്രഭവസ്ഥാനമാണിത്. മാനവകുലത്തിന്റെ നിലനില്‍പിനായി സൃഷ്ടികര്‍ത്താവ് മനുഷ്യനില്‍ നിക്ഷേപിച്ച പരിപാവനമായ വിശേഷവികാരത്തെ ഭ്രാന്തമായ ആസക്തികളുടെ പൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മനുഷ്യന്‍ കാണുന്നിടത്ത് ലൈംഗിക അരാജകത്വവും തന്മൂലം ഭയാനകമായ അധാര്‍മികതയും രൂപപ്പെടുന്നു.
ധാര്‍മികതയെ തകിടം മറിക്കുന്ന മറ്റൊരു ഘടകം തീനാര്‍ത്തിയാണ്. പാനാര്‍ത്തിയും ഇതിലുള്‍പ്പെടുന്നു. വയറും ചോറും കള്ളും ലഹരിയുമാണ് ഈ ആര്‍ത്തിക്കാരുടെ സര്‍വ്വവും. മാമ്മോദീസയ്ക്ക് മുതല്‍ മരിച്ചടക്കിനുവരെ ബാറുകളായി മാറുന്ന ഭവനങ്ങള്‍ നമുക്കിടയിലുണ്ട്. തലയെടുപ്പും താന്‍പോരിമയും നാലു പേരെ അറിയിക്കാന്‍ അനാവശ്യമായ ജാടയും ധൂര്‍ത്തും ആര്‍ഭാടങ്ങളും ആഡംബരങ്ങളും നിരത്തി ആഘോഷിക്കുന്ന മനസ്സമ്മതവും കെട്ടുകല്യാണവും സര്‍വസാധാരണമായി. മൂന്ന് തലമുറ സ്ത്രീകളോടും കൊച്ചുമക്കളോടുമൊപ്പമിരുന്ന് ലഹരി കഴിച്ചാഹ്‌ളാദിക്കുന്ന കുടുംബങ്ങളും ഏറെയുണ്ടിന്ന്.
പിന്നാലെ വരുന്നു താനാര്‍ത്തി എന്ന അഹംഭാവം എന്നില്‍ അല്ലെങ്കില്‍ ഞങ്ങളില്‍ കവിഞ്ഞ് ആരുമുണ്ടാകരുത് എന്ന ദുര്‍വാശിയാണ് ഇതിന്റെ പിന്നില്‍. ഫോട്ടോയില്‍ ഇടം പിടിക്കാന്‍ ഇടിച്ചുകയറുന്ന അല്പന്മാര്‍ മുതല്‍ ജാഥ നടത്തുന്നതും റാലി നയിക്കുന്നതും മറ്റാരു മാകരുതെന്ന് ചിന്തിക്കുന്ന അനല്പന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അങ്ങേ വീട്ടിലെ കാറ് 80 ലക്ഷത്തിന്റേതാണെങ്കില്‍ ഈ വീട്ടിലേത് 90 ലക്ഷത്തിന്റേതായിരിക്കണം.
സുനാമി മുതല്‍ കോവിഡ് വരെ നമ്മെ വേട്ടയാടുന്നു. ലോകനിയന്താവ് സര്‍വതും അടച്ചുപൂട്ടിച്ചു. മാസങ്ങള്‍ എട്ട് കഴിഞ്ഞിരിക്കുന്നു. തൊഴില്‍ നഷ്ടമായി. വരുമാനം നിലച്ചു. പട്ടിണി പതിന്മടങ്ങായി. സര്‍വത്ര മാന്ദ്യം. മരവിപ്പും അനിശ്ചിതത്വവും. ലോകരാജ്യങ്ങള്‍ ഒന്നടങ്കം വിറങ്ങലിച്ച് നില്‍ക്കുന്നു. ഇത് കുറിക്കുന്ന നാള്‍വരെ രോഗം ബാധിച്ചവര്‍ ആറുകോടികഴിഞ്ഞു. മരണസംഖ്യ പതിനാറര ലക്ഷം. ദൈവത്തെപ്പോലും വിറ്റ് കാശാക്കാനുള്ള മനുഷ്യന്റെ ത്വര ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നു. ഇതിനേക്കാള്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ അധാര്‍മികതയുടെ അന്ധകാരത്തില്‍നിന്ന് ധാര്‍മികതയുടെ വെള്ളി വെളിച്ചത്തിലേയ്ക്ക് കടന്നു കയറാനുള്ള സല്‍ബുദ്ധി ഇനിയെങ്കിലും മാനവരാശിക്ക് ഉണ്ടാകട്ടെ എന്നാശിക്കാം.

കൊഴുവനാല്‍ ജോസ്, ഈസ്റ്റ് മാറാടി പി.ഒ., മൂവാറ്റുപുഴ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org