നാടിനഭിമാനമായ മാലാഖയ്ക്ക് എല്‍.എഫില്‍ ആദരം

ഫോട്ടോ അടിക്കുറിപ്പ് : ഒക്കല്‍ ലക്ഷം വീട് കോളനിയില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ പ്രസവമെടുത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച സ്റ്റാഫ് നഴ്‌സ് ജോയ്‌സിയെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഡയറക്ടര്‍ ഫാ. സെബസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ ബൊക്കെ നല്‍കി ആദരിച്ചപ്പോള്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, വാര്‍ഡ് മെമ്പര്‍ സാബു മൂലന്‍, മുന്‍ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വര്‍ഗ്ഗീസ്, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഷിജു കോനുപറമ്പന്‍ എന്നിവര്‍ സമീപം.

അങ്കമാലി : പ്രസവവേദന തുടങ്ങി യഥാസമയം പരിചരണം കിട്ടാതെ ഒടുവില്‍ വീട്ടില്‍ തന്നെ പ്രസവിച്ച് ആംബുലന്‍സില്‍ കയറ്റാനാകാത്ത അവസ്ഥയിലായ ലക്ഷംവീട് കോളനിയിലെ നിര്‍ദ്ദന യുവതിയുടെ പ്രസവം എടുത്ത് അമ്മയ്ക്കും നവജാത ശിശുവിനും രക്ഷകയായി മാറിയ മാലാഖയ്ക്ക് നാടിന്റെയും വീടിന്റെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും സ്‌നേഹാദരങ്ങള്‍! അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഹൃദയ പരിചരണ വിഭാഗം നഴ്‌സും ഒക്കല്‍ കൂടാലപ്പാട് ആന്റോപുരം മാണിക്കത്താന്‍ ജോബി സേവ്യറുടെ ഭാര്യയുമായ ജോയ്‌സി ജോബി അങ്ങനെ ഈ ക്രിസ്മസ് സീസണില്‍ നാട്ടിലും ജോലി സ്ഥലത്തും സ്‌നേഹാദരങ്ങള്‍ ഏറ്റ് വാങ്ങുന്ന മാലാഖ നക്ഷത്രമായി!
കഴിഞ്ഞ ആറാം തീയതി പുലര്‍ച്ചെയാണ്, ലക്ഷം വീട് കോളനിയില്‍ കെ. എസ്. ചിത്രയ്ക്ക് (31) പ്രസവവേദന തുടങ്ങുന്നത്. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നല്‍കിയിരുന്ന പ്രസവസാധ്യത തീയതി ഡിസംബര്‍ 25 ആയിരുന്നതിനാല്‍ പ്രസവവേദന തുടങ്ങിയിട്ടും കാര്യമാക്കിയില്ല, ഒടുവില്‍ വേദന അധികരിച്ചപ്പോള്‍ ചിത്രയുടെ കരിച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. മുന്‍ വാര്‍ഡ്‌മെമ്പര്‍ ജെസ്സി സാജു ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തിയപ്പോഴേയ്ക്കും പ്രസവം കഴിഞ്ഞതിനാല്‍ ആംബുലന്‍സില്‍ കയറ്റാനാകാത്ത അവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ അയല്‍ക്കാരിലൊരാള്‍ ഓടിച്ചെന്ന് ജോയ്‌സിയെ വിളിച്ചുകൊണ്ടുവന്നു. ജോയ്‌സിയാണ് പ്രസവമെടുത്തതും കുഞ്ഞിനെ ടൗവ്വലില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയതും. അപ്പോഴേയ്ക്കും ആംബുലന്‍സും എത്തി. ആംബുലന്‍സ് ഡ്രൈവര്‍ ആസിഫിന്റെയും മുന്‍ മെമ്പര്‍ ജെസ്സിയുടെയും നേതൃത്വത്തില്‍ ആംബുലന്‍സില്‍ കയറ്റി അമ്മയേയും കുഞ്ഞിനേയും പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നു. ചിത്രയുടെ മൂന്നാമത്തെ പ്രസവമാണിത്. പ്രസവമെടുക്കുന്നതിനു മുന്‍പ് ജോയ്‌സി തനിക്ക് പരിചയമുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് സംശയ നിവാരണവും നടത്തിയിരുന്നു.
ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സിയെ അഭിനന്ദിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. റെജു കണ്ണമ്പുഴ, ഫാ.ഷിജോ കോനൂപറമ്പന്‍, വാര്‍ഡ് മെമ്പര്‍ സാബു മൂലന്‍, മുന്‍ ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഒക്കല്‍ പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ജോയ്‌സിക്ക് സ്വീകരണവും അനുമോദന യോഗവും സംഘടിപ്പിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സാബുമൂലന്‍ പറഞ്ഞു.
ജോയ്‌സി – ജോബി ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍ എവ്ജിന്‍, ജോഷ്വാ, ഇസബെല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org