ആരോഗ്യമേഖലയില്‍ പുതിയ മുന്നേറ്റമായി ‘ആയുസ് ക്ലബുകള്‍’

ആരോഗ്യമേഖലയില്‍ പുതിയ മുന്നേറ്റമായി ‘ആയുസ് ക്ലബുകള്‍’

എറണാകുളം- അങ്കമാലി അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സംരംഭം

ചിത്രം അടിക്കുറിപ്പ്: എറണാകുളം- അങ്കമാലി അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ആയുസ് ഹെല്‍ത്ത് ക്ലബുകളുടെ ഉദ്ഘാടനം ടി. ജെ. വിനോദ് എംഎല്‍എ നിര്‍വഹിക്കുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍, റോജി എം. ജോണ്‍ എംഎല്‍എ, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍ എന്നിവര്‍ സമീപം.

കൊച്ചി: രോഗീപരിചരണ, ആരോഗ്യസേവന മേഖലകളില്‍ പുതിയ മുന്നേറ്റമായി എറണാകുളം- അങ്കമാലി അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആയുസ് ഹെല്‍ത്ത് ക്ലബുകള്‍ക്കു തുടക്കം. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി. ജെ. വിനോദ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
3000 കുടുംബ കൂട്ടായ്മകളുള്ള അതിരൂപതയില്‍ ആയുസ് ക്ലബുകളിലൂടെ നല്‍കുന്ന പരിശീലനം പൊതുജനങ്ങള്‍ക്കു പ്രയോജനം ചെയ്യുമെന്നും ആരോഗ്യരംഗത്തു സമൂഹത്തില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞു.
സഭയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായ ആയുസ് ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതയുടെ കീഴിലുള്ള ആതുരാലയങ്ങളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നു മാര്‍ കരിയില്‍ പറഞ്ഞു. ക്ലബ്ബിന്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു.
ആരോഗ്യമുള്ള കുടുംബവും സമൂഹവും രൂപപ്പെടുത്താന്‍ സഹായകമാകുന്ന തരത്തിലാണ് ആയുസ് ക്ലബുകള്‍ക്കു രൂപം നല്‍കിയിട്ടുള്ളതെന്നു മുഖ്യസാരഥ്യം വഹിക്കുന്ന അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. രാജന്‍ പുന്നക്കല്‍ അറിയിച്ചു. കുടുംബ കൂട്ടായ്മകള്‍ വഴി മതഭേദമെന്യേ എല്ലാ കിടപ്പുരോഗികളുടെയും വൃദ്ധ ജനങ്ങളുടെയും വീടുകളിലെ പരിചരണം ലക്ഷ്യം വച്ചുള്ളതാണു പദ്ധതി. അതതു വീടുകളിലെ അഭ്യസ്തവിദ്യരും ആരോഗ്യവാന്മാരുമാണു പരിശീലനം നല്കുക. അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിസി, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രികളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ കൈപ്പുസ്തകവും, വീഡിയോകളും, ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന മഹാമാരികളെ ഉചിതമായി നേരിടാനും രോഗീശുശ്രൂഷകര്‍ സുരക്ഷിതരാകാനും സമയവും പണവും ലാഭിക്കാനും, ആവശ്യസമയത്ത് സഹായവും ശരിയായ നിര്‍ദേശങ്ങളും ലഭ്യമാക്കാനും ആയുസ് ക്ലബുകളിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലന സഹായി റോജി എം. ജോണ്‍ എംഎല്‍എയും, പരിശീലന വീഡിയോകള്‍ കൊച്ചി മേയര്‍ അഡ്വ .എം അനില്‍കുമാറും പ്രകാശനം ചെയ്തു. പരിശീലന സഹായിയുടെ കവര്‍ ചിത്രം തയാറാക്കിയ ഫാ. എബി ഇടശേരിയെ ചടങ്ങില്‍ ആദരിച്ചു.
അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ഹോര്‍മിസ് മൈനാട്ടി, അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റെജു കണ്ണമ്പുഴ, ലിസി ആശുപത്രി അസി. ഡയറക്ടര്‍ ഫാ. ജെറി ഞാളിയത്ത്, ആത്മയോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുത്തനത്തില്‍, ഫാമിലി അപ്പസ്‌തോലേറ്റ് അസി.ഡയറക്ടര്‍ ഫാ. ജിജു തുരുത്തിക്കര, ജനറല്‍ സെക്രട്ടറി ജിജോ ചിറ്റിനപ്പിള്ളി എ്ന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org