രക്തസാക്ഷിയായ ലിത്വാനിയന്‍ മെത്രാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

രക്തസാക്ഷിയായ ലിത്വാനിയന്‍ മെത്രാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

സോവ്യറ്റ് കമ്മ്യൂണിസ്റ്റ് ഏകാധിപത്യകാലത്ത് രക്തസാക്ഷിത്വം വരിച്ച ആര്‍ച്ചുബിഷപ് തെയോഫിലോസ് മാത്തുല്യോനിസിനെ വാഴ്ത്തപ്പെട്ടനായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ ബെലാറസിലായിരുന്നു 1900-ല്‍ ആര്‍ച്ചുബിഷപ് മാത്തുല്യോനിസിന്‍റെ പൗരോഹിത്യസ്വീകരണം. ഒരു കുഞ്ഞിനു ജ്ഞാനസ്നാനം നല്‍കിയതിന് 1909-ല്‍ അദ്ദേഹം തടവിലായി. ഈ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയെങ്കിലും നിരവധി പീഡനങ്ങള്‍ അദ്ദേഹം നേരിട്ടു. 1923-ല്‍ വീണ്ടും തുറുങ്കിലടയ്ക്കപ്പെട്ടു. സഭയുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതിനുള്ള അനുമതി പത്രത്തില്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 1929-ല്‍ സഭ അദ്ദേഹത്തെ രഹസ്യമായി മെത്രാനായി അഭിഷേകം ചെയ്തു. അക്കൊല്ലം വീണ്ടും ഏകാന്ത തടവിനു ശിക്ഷിക്കപ്പെട്ടു. 1933-ല്‍ ജയില്‍ മോചിതനായ അദ്ദേഹം റോമിലേയ്ക്കു യാത്ര ചെയ്ത് പയസ് പതിനൊന്നാമന്‍ പാപ്പയെ കണ്ടതും "രക്തസാക്ഷിയായ താങ്കളുടെ ആശീര്‍വാദം എനിക്കു വേണം" എന്നു പറഞ്ഞ് പാപ്പ അദ്ദേഹത്തിനു മുമ്പില്‍ മുട്ടുകുത്തിയതും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ആവേശകരമായ ഒരദ്ധ്യായമാണ്. 1943-ല്‍ അദ്ദേഹം ലിത്വാനിയായിലെ ഒരു രൂപതയു ടെ മെത്രാനായി പരസ്യശുശ്രൂഷ ആരംഭിച്ചു. ഏകാധിപത്യഭരണകൂടത്തിന്‍റെ മതമര്‍ദ്ദനത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ 1946-ല്‍ അദ്ദേഹം വീണ്ടും ജയില്‍ ശിക്ഷ അനുഭവിച്ചു. 1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ റോമില്‍ നിന്ന് അദ്ദേഹത്തിനു ക്ഷണമെത്തിയെങ്കിലും ഭരണകൂടം അനുവദിച്ചില്ല. വീട്ടുതടങ്കലില്‍ കഴിഞ്ഞ അദ്ദേഹത്തെ ആ വര്‍ഷം തന്നെ അധികാരികള്‍ വേദനാസംഹാരിയെന്ന പേരില്‍ മരുന്നു കുത്തി വച്ചു കൊലപ്പെടുത്തുകയായിരുന്നു.

ജീവിതാവസാനം വരെ വിടാതെ പിന്തുടര്‍ന്ന ജയില്‍വാസങ്ങളും അധികാരികളുടെ മാനസികപീഢനങ്ങളും ചെറുത്തുനിന്ന ആര്‍ച്ചുബിഷപ് അദ്ദേഹത്തിന്‍റെ അസാമാന്യമായ വിശ്വാസദാര്‍ഢ്യത്തിന്‍റെയും ധീരതയുടെയും പേരില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ലിത്വാനിയായുടെ തലസ്ഥാനനഗരിയില്‍ ജൂണ്‍ 25-നു വത്തിക്കാന്‍ നാമകരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ആഞ്ജലോ അമാതോ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org