ലോക്ഡൗണില്‍ 95 ശതമാനം അതിഥി തൊഴിലാളികളും ദുരിതത്തില്‍ : സര്‍വ്വേ

ലോക്ഡൗണില്‍ 95 ശതമാനം അതിഥി തൊഴിലാളികളും ദുരിതത്തില്‍ : സര്‍വ്വേ
Published on

ഡല്‍ഹി: ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ 95 ശതമാനം അതിഥി തൊഴിലാളികളുടെയും ജീവിതം വഴിമുട്ടിയതായി സിബിസിഐയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ പതിനെട്ടു സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 28.7 ശതമാനം അതിഥി തൊഴിലാളികളും നഗരങ്ങളിലേക്കു വീണ്ടും തിരിച്ചു പോകില്ലെന്നു അഭിപ്രായപ്പെട്ടു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരിച്ചുപോകുമെന്നു 32.18 ശതമാനം പേര്‍ പ്രതികരിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ അനിശ്ചിതത്വത്തില്‍ കഴിയുന്നവരാണ് 31.3 ശതമാനം.

കാരിത്താസ് ഇന്ത്യ നടത്തിയ സര്‍വ്വേയുടെ വിശദാംശങ്ങള്‍ സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ ചര്‍ച്ചകളും നടന്നു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുര, പ്രാദേശിക മെത്രാന്‍ സമിതി പ്രസിഡന്റുമാര്‍, സമിതി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് പകര്‍ച്ചവ്യാധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിച്ചെങ്കിലും അതിഥി തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവരാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നതെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടക്കാട്ടി. ചെറുകിട പിന്നോക്ക കര്‍ഷക കുടുംബങ്ങളില്‍ 80 ശതമാനത്തിന്റെയും വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. കുട്ടികളെയും ലോക്ഡൗണ്‍ സാരമായി ബാധിച്ചു. സര്‍വ്വേയുടെ കണ്ടെത്തല്‍ പ്രകാരം 46.4 ശതമാനം കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.

അതേസമയം, ലോക്ഡൗണ്‍ കാലയളവില്‍ ഇതുവരെ വിവിധ തലങ്ങളിലായി 11 ദശലക്ഷത്തില ധികം പേര്‍ക്ക് കത്തോലിക്കാ സഭയുടെ സഹായം ലഭ്യമാക്കിയതായി കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org