റോസ് മേരി ജിജി ലോഗോസ് പ്രതിഭ

റോസ് മേരി ജിജി ലോഗോസ് പ്രതിഭ

കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ റോസ് മേരി ജിജി 2018-ലെ ലോഗോസ് പ്രതിഭയായി. ആറു പ്രായവിഭാഗങ്ങളിലായി അഞ്ചു ലക്ഷത്തിനാല്പത്തേഴായിരം പേര്‍ പങ്കെടുത്ത മത്സരത്തിനൊടുവിലാണ് കോതമംഗലം രൂപതാംഗമായ റോസ് മേരി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ പത്തൊമ്പതു വര്‍ഷമായി തുടരുന്ന ലോഗോസ് ക്വിസ് മത്സരത്തിന്‍റെ ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു ബധിരര്‍ക്കായുള്ള ടിവി ബൈബിള്‍ ക്വിസ്. തലശ്ശേരി അതിരൂപതയില്‍ നിന്നുള്ള പോള്‍ ഡേവിഡാണ് ഈ വിഭാഗത്തില്‍ മികവ് തെളിയിച്ചത്. ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനു പുറത്തുനിന്നുമുള്ള 39 രൂപതകളില്‍നിന്ന് 5,46,700 പേര്‍ പങ്കെടുത്തു.

ലോഗോസ് ബൈബിള്‍ ക്വിസില്‍ രൂപതാതല പരീക്ഷകളില്‍ നിന്ന് ആറു പ്രായ വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മേഖലാ തലങ്ങളില്‍ മത്സരം നടത്തി സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയവര്‍ക്കായി നവംബര്‍ 22-24 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ ഗ്രൂപ്പു ഫൈനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ ആറു ഗ്രൂപ്പുകളുടെ ഫൈനല്‍ മത്സരങ്ങളിലെ ഡി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് റോസ് മേരി ജിജി. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ-മെറ്റില്‍ഡ ജോണ്‍സണ്‍ (ഇരിഞ്ഞാലക്കുട), ബി-അന്നു മാത്യൂസ് (പാല), സി-ലിനീന വിബിന്‍ (തൃശൂര്‍), ഇ-ജെസ്സി ജോസ് (ചങ്ങനാശ്ശേരി), എഫ്-മേരി പോള്‍ (പാലാ). കേരളത്തിനു പുറത്തുനിന്നുള്ളവര്‍ക്കുള്ള ഒന്നാം സമ്മാനത്തിന് മാണ്ഡ്യ രൂപതയിലെ നിമ ലിന്‍റോ അര്‍ഹത നേടി.

സമാപന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മോസ്റ്റ് റവ. ഡോ. പീറ്റര്‍ അബീര്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. മോസ്റ്റ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹി ച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി, വൈസ് ചെയര്‍ മാന്‍ ആന്‍റണി പാലിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org