ലോക റേഡിയോ ദിനാഘോഷം

മാനന്തവാടി: വയനാട് ജില്ലയിലെ കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന മാധ്യമമാണ് റേഡിയോ മാറ്റൊലി എന്ന് ജില്ല കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പി ശാന്തി പറഞ്ഞു. മാറ്റൊലിയില്‍ സംഘടിപ്പിച്ച ലോക റേഡിയോ ദിന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു സം സാരിക്കുകയായിരുന്നു അവര്‍. പരിപാടിയുടെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാവിജയന്‍ നിര്‍വ്വഹിച്ചു. മനുഷ്യ ഹൃദയങ്ങളിലേക്ക് പോസീറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്ന മാധ്യമമാണ് റേഡിയോ മാറ്റൊലി എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ റേഡിയോ മാറ്റൊലി ചെയര്‍മാന്‍ ഫാ. അബ്രാഹം നെല്ലിക്കല്‍ അഭിപ്രായപ്പെട്ടു.

റേഡിയോയും വൈവിധ്യങ്ങളും എന്ന ഈ വര്‍ഷത്തെ പ്രമേയം അടിസ്ഥാനമാക്കി റേഡിയോ മാറ്റൊലി 11-ാം വര്‍ഷത്തില്‍ ആരംഭിക്കുന്ന വൈവിധ്യങ്ങളായ പുതിയ 11 പ്രോഗ്രാമുകളുടെ ഉദ്ഘാടനം ണടടട ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാലയും പ്രോഗ്രാമുകളുടെ ഓഡിയോ ലോഞ്ചിംഗ് മോണ്‍. അബ്രാഹം നെല്ലിക്കലും നിര്‍വ്വഹിച്ചു. നഴ്സുമാരെ പരിചയപ്പെടുത്തുന്ന പരിപാടിയായ കരസ്പര്‍ശം, ആശാരിമാര്‍, മേസ്തിരിമാര്‍ തുടങ്ങിയവരുടെ തൊഴില്‍ അനുഭവങ്ങളും വെല്ലുവിളികളും പരിചയപ്പെടുത്തുന്ന പരിപാടി ശില്പചാരുത, എഴുത്തുകാരെയും സൃഷ്ടികളെയും പരിചയപ്പെടുത്തുന്ന പരിപാടി തൂലിക, ഭിന്ന ശേഷിക്കാരെയും അവരിലെ സര്‍ഗ്ഗശേഷിയേയും അടയാളപ്പെടുത്തുന്ന പരിപാടിയായ കിരണങ്ങള്‍, പാലിയേറ്റീവ് സംഘങ്ങളെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന സാന്ത്വനം, ഗ്രന്ഥശാലകളെ പരിചപ്പെടുത്തുന്ന അക്ഷരഗോപുരങ്ങള്‍, ആനുകാലിക സാഹിത്യ സൃഷ്ടികള്‍ പരിചയപ്പെടുത്തുന്ന ആഴ്ചവട്ടം, തനത് കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന തനിമ, പാട്ടുവണ്ടി, എന്നീ പരിപാടികളാണ് മാറ്റൊലി ഈ വര്‍ഷം ശ്രോതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കൂടാതെ റേഡിയോ മാറ്റൊലി എക്സ്പെര്‍ട്ട് വൊളണ്ടിയറായിരുന്ന എം.പി. ജോസഫ് മാസ്റ്ററുടെ അനുസ്മരണാര്‍ത്ഥം നടത്തുന്ന അന്താരാഷ്ട്ര നാടകോത്സവം, മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള പുരസ്കാരം എന്നിവയുടെ പ്രഖ്യാപനവും റേഡിയോ ദിനത്തോടനുബന്ധിച്ചു നടത്തി. വിവിധ അവാര്‍ഡ് ജേതാക്കളെ ആദരിക്കലും നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org