ലോകത്തിന്‍റെ ഭാവി കുടുംബങ്ങളുടെ നന്മയെ ആശ്രയിച്ചിരിക്കുന്നു : ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകത്തിന്‍റെ ഭാവി കുടുംബങ്ങളുടെ നന്മയെ ആശ്രയിച്ചിരിക്കുന്നു : ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകത്തിന്‍റെയും സഭയുടെയും ഭാവി കുടുംബത്തിന്‍റെ നന്മയെ ആശ്രയിച്ചിരിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം ഏറ്റവും ഉദാത്തമായ മനുഷ്യാനുഭവങ്ങളിലൊന്നാണ്. വിവാഹത്തില്‍ നിന്നുണ്ടാകുന്ന കുടുംബം ഫലദായകമായ മനുഷ്യബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്നു ശക്തമായിരിക്കുന്ന വ്യക്തിവാദത്തിനെതിരെയുള്ള ഏറ്റവും കാര്യക്ഷമമായ മറുമരുന്നും അതുതന്നെയാണ് – മാര്‍പാപ്പ പറഞ്ഞു. തന്‍റെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലെത്തീസ്യയെ കുറിച്ച് ഇറ്റാലിയന്‍ മെത്രാന്‍ സംഘം നടത്തുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ കുടുംബങ്ങളുടെ പ്രസക്തി ആവര്‍ത്തിച്ചു വിശദീകരിച്ചത്.

മനഃസാക്ഷിയുടെ പ്രാധാന്യം ഇന്നത്തെ ലോകം വിസ്മരിക്കുന്നുണ്ടെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വ്യക്തിയുടെ പരമാധികാരം ഇതിനു പകരമായി സ്വാധീനം നേടുന്നു. അതിനാല്‍ മനഃസാക്ഷിരൂപീകരണത്തിന് ഇന്നു പ്രാധാന്യം നല്‍കേണ്ടതുണ്ട്. കുടുംബത്തിന്‍റെയും വൈവാഹിക സ്നേഹത്തിന്‍റെയും യാഥാര്‍ത്ഥ്യലോകത്ത് ശരിയായ തീരുമാനങ്ങളെടുക്കേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. അതു നീതിപൂര്‍വം ചെയ്യാനാകണം. അതിനു ദൈവികകൃപ ആവശ്യമാണ്. വൈവാഹിക സ്നേഹത്തിനും രക്ഷാകര്‍തൃ ദൗത്യത്തിനും അതു വെളിച്ചം പകരുന്നു.

യൂറോപ്യന്‍ യൂണിയന്‍റെ ഭാവിയെക്കുറിച്ചുള്ള ഒരു സുപ്രധാന സമ്മേളനത്തില്‍ ഈയിടെ നല്‍കിയ സന്ദേശത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെ പറഞ്ഞ വാക്കുകള്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു. കുടുംബത്തെക്കുറിച്ചുള്ള സഭയുടെ സങ്കല്‍പം യൂറോപ്യന്‍ വന്‍കരയുടെ ഭാവിക്കുള്ള ഒരു അടിസ്ഥാന മാതൃകയായി വര്‍ത്തിക്കാന്‍ പര്യാപ്തമാണെന്നു മാര്‍പാപ്പ അതില്‍ വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org