ലോക്ക്ഡൗണില്‍ പങ്കുവയ്ക്കലിന്‍റെ ‘മധുരക്കനി’ ശ്രദ്ധേയമാകുന്നു

ലോക്ക്ഡൗണില്‍ പങ്കുവയ്ക്കലിന്‍റെ ‘മധുരക്കനി’ ശ്രദ്ധേയമാകുന്നു

മൂക്കന്നൂര്‍: പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളിലേക്കെത്തിക്കുന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ 'മധുരക്കനി' പദ്ധതി ശ്രദ്ധേയമാകുന്നു.

അതിരൂപതയില്‍ പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങള്‍ ധാരാളമായി ഉല്പാദിപ്പിക്കുന്ന മേഖലകളില്‍നിന്നു ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച്, അത്തരം വിളകള്‍ കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങളിലേക്കെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി അങ്കമാലിയിലെയും പരിസരങ്ങളിലെയും വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചാണു പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. വിശ്വാസികളും മറ്റു കര്‍ഷകരും പള്ളിയിലേക്കെത്തിക്കുന്ന ഉല്പന്നങ്ങള്‍ തരംതിരിച്ചു വാഹനങ്ങളിലാക്കി അതിരൂപതയുടെ തെക്കന്‍ മേഖലകളിലേക്ക് എത്തിച്ചു സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം മൂക്കന്നൂര്‍ ഫൊറോന പള്ളി കേന്ദ്രീകരിച്ച് കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ചു. ചക്ക, മാങ്ങ, പപ്പായ, വിവിധ പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങ്, ഏത്തക്കായ എന്നിവയെല്ലാം ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്നെത്തിച്ചു. വിശ്വാസികള്‍ക്കു പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും തങ്ങള്‍ ഉല്പാദിപ്പിച്ച ചെറുതും വലുതുമായ വിളകളുമായി പള്ളിയിലേക്കെത്തി. മണിക്കൂറുകള്‍കൊണ്ടു പള്ളിമുറ്റം കാര്‍ഷിക ഉല്പന്നങ്ങള്‍ കൊണ്ടു നിറഞ്ഞു. വികാരി ഫാ. ജോസ് പൊള്ളയിലും ഇടവകാംഗങ്ങളും ചേര്‍ന്നു സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന് ഉല്പന്നങ്ങള്‍ കൈമാറി. ചേര്‍ത്തല തണ്ണീര്‍മുക്കം ഇടവകാതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്കാണ് ഈ വിഭവങ്ങള്‍ സൗജന്യമായെത്തിച്ചത്.

നമ്മുടെ വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും അധികമായി വരുന്ന കാര്‍ഷിക വിളകള്‍, അനേകരുടെ വിശപ്പകറ്റാന്‍ പര്യാപ്തമാണെന്ന ചിന്തയാണു പദ്ധതിക്കു പിന്നിലെന്നു ഫാ. കൊളുത്തുവള്ളില്‍ പറഞ്ഞു. പലയിടത്തും ശേഖരിക്കുക പോലും ചെയ്യാതെ നശിച്ചുപോകുന്ന വിളകള്‍ നിരവധിയുണ്ട്. ഇതെല്ലാം കൃത്യസമയത്തു ശേഖരിച്ച് ആവശ്യക്കാരിലേക്കു സൗജന്യമായി എത്തിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ അമ്പതോളം ഇടവകകളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് ഇടവകകളില്‍ നിന്നും ജനങ്ങളില്‍നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org