വെനിസ്വേലാ: മാര്‍പാപ്പ മാദ്ധ്യസ്ഥ്യം വഹിക്കണമെന്നു മാദുറോ

വെനിസ്വേലാ: മാര്‍പാപ്പ  മാദ്ധ്യസ്ഥ്യം വഹിക്കണമെന്നു മാദുറോ

രാഷ്ട്രീയസാഹചര്യം സങ്കീര്‍ണമായിരിക്കുന്ന വെനിസ്വേലായിലെ പ്രശ്നപരിഹാരത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ മാദ്ധ്യസ്ഥം വഹിക്കണമെന്നഭ്യര്‍ത്ഥിച്ചു നിക്കോളാസ് മാദുറോ കത്തയച്ചു. വെനിസ്വേലായുടെ ഇടക്കാല പ്രസിഡന്‍റായി ജുവാന്‍ ഗ്വയിദോ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ അമേരിക്ക ഉള്‍പ്പെടെ ഒരു ഡസനിലേറെ പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ റഷ്യ, ചൈന, ബൊളീവിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ മാദുറോ തന്നെയാണു പ്രസിഡന്‍റെന്ന നിലപാടിലാണ്.

താന്‍ ഒരു സജീവവിശ്വാസിയാണെന്നു പാപ്പായ്ക്കറിയാമെന്നും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനിയാണു താനെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും മാദുറോ ഒരു ഇറ്റാലിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹ്യൂഗോ ഷാവേസിന്‍റെ പിന്‍ഗാമിയായി വെനിസ്വേലായില്‍ അധികാരമേറ്റ മാദുറോയുടെ ഭരണകാലത്ത് രാജ്യത്തിന്‍റെ സ്ഥിതി സങ്കീര്‍ണമാകുകയാണ് ഉണ്ടായത്. സംഘര്‍ഷങ്ങളും ദാരിദ്ര്യവും പെരുകിയതിനെ തുടര്‍ന്ന് ലക്ഷകണക്കിനു വെനിസ്വേലാക്കാര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്തു. രണ്ടാമതും അധികാരത്തിലേറാനുള്ള ആഗ്രഹത്തിന്‍റെ ഫലമായി അദ്ദേഹം കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പല പ്രതിപക്ഷസ്ഥാനാര്‍ത്ഥികളുടെയും സ്ഥാനാര്‍ത്ഥിത്വം വിലക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പാര്‍ലിമെന്‍റ് അദ്ധ്യക്ഷനായിരുന്ന ഗ്വയിദോ സ്വയം ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. എപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പയെ വിലമതിച്ചു സംസാരിക്കാറുള്ള മാദുറോ പാപ്പായുടെ സമാധാനാഹ്വാനം ശ്രവിച്ച് അധികാരം ത്യജിക്കണമെന്നു ആര്‍ച്ചുബിഷപ് ഹോര്‍ഹെ ലി ബെറാത്തോ ആവശ്യപ്പെട്ടു.

മാദുറോയുടെ കത്തു കിട്ടിയതു സ്ഥിരീകരിച്ച വത്തിക്കാന്‍ അധികാരികള്‍, മാര്‍പാപ്പ ഇതില്‍ ഇടപെടുമോ എന്നു വ്യക്തമാക്കിയില്ല. യൂറോപ്യന്‍ യൂണിയനും വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി മാദ്ധ്യസ്ഥ്യ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org