പൊതുസമൂഹത്തിന് ദുരന്തം വിതയ്ക്കുന്ന മദ്യനയം

ഏപ്രില്‍ 2 നു പ്രാബല്യത്തില്‍ വരുന്ന ഇടതുസര്‍ക്കാരിന്‍റെ പുതിയ മദ്യനയം പൊതുസമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നതാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. പൊതുനന്മയെ കരുതി തുടങ്ങിവച്ച മദ്യനിരോധനത്തിന്‍റെ ഘട്ടങ്ങള്‍ അട്ടിമറിച്ച് യഥേഷ്ടം മദ്യശാലകള്‍ എവിടെയും തുടങ്ങാനാവും വിധം രൂപീകരിച്ച നയം കടുത്ത ജനവഞ്ചനയാണ്. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പൊതുജനത്തിന് നല്‍കിയ വാഗ്ദാനത്തിന്‍റെ നഗ്നമായ ലംഘനവുമാണ് ഈ നയം. മദ്യത്തിന്‍റെ ദുരിതവും ദുരന്തവും അനുഭവിക്കുന്ന ജനവിഭാഗം തിരിച്ചടി നല്‍കിയാല്‍ അതിശയിക്കാനില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിയുടെ മറവില്‍ സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു മദ്യവിരുദ്ധസമിതി നേതാക്കള്‍ പറഞ്ഞു. പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമായതുകൊണ്ട് വിവാദമായ മദ്യനയത്തില്‍ സര്‍ക്കാരുമായി ഏതു നിമിഷവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമിതി നേതാക്കള്‍ സൂചിപ്പിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമീജിയൂസ് ഇഞ്ചനാനിയില്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍., ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org