Latest News
|^| Home -> National -> മാധ്യമങ്ങള്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം: ജസ്റ്റീസ് കുര്യന്‍ ജോസഫ്

മാധ്യമങ്ങള്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം: ജസ്റ്റീസ് കുര്യന്‍ ജോസഫ്

Sathyadeepam

മാധ്യമങ്ങള്‍ നന്മയ്ക്കും സത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും സമഗ്രമായ അപഗ്രഥനത്തിലൂടെ ക്രിയാത്മകവും പൊതുനന്മ തേടുന്നതുമാവണം മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങളെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. സത്യദീപം വാരികയുടെ നവതിയാഘോഷ സമാപ നസമ്മേളനം കലൂര്‍ റിന്യുവല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഹസിച്ച് അവസാനിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. സത്യം അറിയിക്കാനും സത്യത്തിലേക്കു ലോകത്തെ നയിക്കാനുമുള്ള മാധ്യമധര്‍മം കാര്യക്ഷമമായി നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. സത്യത്തേക്കാള്‍ സത്യത്തെക്കുറിച്ചുള്ള പാര്‍ശ്വവീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന മാധ്യമശൈലി പുനരവലോകനത്തിനു വിധേയമാക്കണം. അര്‍ദ്ധസത്യങ്ങളോ വികലസത്യങ്ങളോ അസത്യങ്ങളോ മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കില്‍ അപകടകരമാണ്. പാര്‍ശ്വവീക്ഷണങ്ങളില്ലാതെ സത്യം പറയുന്നുവെന്നതാണു സത്യദീപത്തിന്‍റെ തനിമയെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.

സമൂഹത്തില്‍ മതവിശ്വാസങ്ങള്‍ തമ്മിലും മറ്റു പലവിധത്തിലുള്ള അകല്‍ച്ചയും അസ്വസ്ഥതയും സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തില്‍ സഹിഷ്ണുതയ്ക്കായി മാധ്യമങ്ങള്‍ ഏറെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും എഴുത്തിന്‍റെയും മാധ്യമപ്രവര്‍ത്തനത്തിന്‍റെയും ശൈലികളെ പുതിയ തലമുറ എത്തരത്തിലാണു സമീപിക്കുന്നതെന്നു പരിശോധിക്കപ്പെടണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തൊണ്ണൂറു വര്‍ഷമായി മാധ്യമശുശ്രൂഷകള്‍ക്കു ദിശാബോധവും പ്രകാശവും പരത്തിയ സത്യദീപം, എല്ലാ കാലഘട്ടങ്ങളിലും അതിന്‍റെ ധര്‍മം കാര്യക്ഷമമായി നിര്‍വഹിച്ചുവന്നിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

ലളിതസുന്ദരവും വസ്തുനി ഷ്ഠവുമായി സത്യത്തെ പ്രകാശിപ്പിക്കുന്നതാണു സത്യദീപത്തിന്‍റെ സവിശേഷതയെന്നു കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബി ഷപ് ഡോ. എം. സൂസപാക്യം അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍ സാങ്കേതികതയുടെ ആധുനികയുഗത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കേരളത്തില്‍ കൂടിയിട്ടേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ല രൂപത സഹായമെത്രാന്‍ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, സത്യദീപം ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ. ഡോ. പോള്‍ തേലക്കാട്ട്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ. സെന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കര്‍ദിനാള്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡുകള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയില്‍ നിന്നു ദേശാഭിമാനി കോട്ടയം യൂണിറ്റിലെ സ്പെഷല്‍ കറസ്പോണ്ടന്‍റ് ആര്‍. സാംബന്‍, ബാലസാഹിത്യകാരന്‍ ഷാജി മാലിപ്പാറ എന്നിവര്‍ ഏറ്റുവാങ്ങി. സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം, സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി എന്നിവര്‍ അവാര്‍ഡു ജേതാക്കളെ പരിചയപ്പെടുത്തി. നവതി സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വിതരണം ചെയ്തു.

നേരത്തെ റിന്യുവല്‍ സെന്‍റര്‍ ചാപ്പലില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. “സത്യദീപത്തിന്‍റെ ദര്‍ശനപാരമ്പര്യവും ഭാവിനിയോഗവും” എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. പോള്‍ തേലക്കാട്ട്, ഫാ. വര്‍ഗീസ് തൊട്ടിയില്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. “സത്യദീപത്തിന്‍റെ ദൗത്യം: സഭയിലും സമൂഹത്തിലും” എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, പ്രഫ. ലിറ്റി ചാക്കോ, മാര്‍ഷല്‍ ഫ്രാങ്ക് എന്നിവര്‍ പങ്കെടുത്തു. മോണ്‍. ആന്‍റണി നരികുളം മോഡറേറ്ററായിരുന്നു.

Leave a Comment

*
*