മദ്യനയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും

മദ്യനയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപിതതാത്പര്യവുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നു കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സ് ഇറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെയും സന്ദര്‍ശിച്ച ശേഷമാണ് ആര്‍ച്ച്ബിഷപ് ഇക്കാര്യം അറിയിച്ചത്. ഇരുവരുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ നേതാക്കളും ആര്‍ച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ ഗുണപരമായ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചതായി ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷയ്ക്കു വക നല്കുന്നുണ്ടെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
പഞ്ചായത്തുകള്‍ക്കുള്ള അധികാരം ഇല്ലാതാക്കാനായി പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ ജനങ്ങളുടെ അധികാരത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ബിഷ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ഇത് ഏകാധിപത്യപ്രവണതയിലേക്കുള്ള ചുവടുവയ്പാണെന്നു കരുതണം. തിന്മയില്‍നിന്ന് എങ്ങനെ നന്മയിലേക്കു നയിക്കണം എന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസി ബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് റെമീജിയൂസ് ഇഞ്ചനാനിയില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ദക്ഷിണകേരള ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, സുഗതകുമാരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസാദ് കുരുവിള, ജോണ്‍സണ്‍ ഇടയാറന്‍മുള തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org