നാലു ദേവാലയങ്ങള്‍ക്കു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി

സീറോ മലബാര്‍ സഭയിലെ നാലു ദേവാലയങ്ങളെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ഉയര്‍ത്തി. സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമതു സിനഡിന്‍റെ ഒന്നാം സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്. കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്‍റ് മേരീസ് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം (പഴയപള്ളി), തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ സെന്‍റ് തോമസ് പള്ളി, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി, ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂര്‍ ഫൊറോന പള്ളി എന്നിവയാണു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ദേവാലയത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്‍റെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. 2019 ഓഗസ്റ്റില്‍ നടന്ന സിനഡില്‍് കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോന പള്ളിക്കും മാനന്തവാടി രൂപതയിലെ നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിക്കും ഈ പദവി നല്കിയിരുന്നു.

ഒരു ദേവാലയത്തിനു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സിനഡ് നേരത്തേ രൂപപ്പെടുത്തിയിട്ടുണ്ട്. ഇടവക പൊതുയോഗത്തിന്‍റെ തീരുമാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പള്ളികള്‍ക്കുള്ള നിബന്ധനകള്‍ അംഗീകരിച്ചു കൊണ്ടുള്ള പൊതുയോഗത്തിന്‍റെ അപേക്ഷ രൂപതാധ്യക്ഷന്‍റെ ശിപാര്‍ശയോടൊപ്പം സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനാണു സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷ മൂന്ന് അംഗങ്ങളുള്ള മെത്രാന്മാരുടെ കമ്മിറ്റി പരിശോധിച്ചു സിനഡിന്‍റെ സമ്മേളനത്തില്‍ അവതരിപ്പിക്കും. സിനഡിലെ പൊതുചര്‍ച്ചയ്ക്കു ശേഷമാണ് ഈ പദവി നല്‍കാന്‍ സിനഡ് തീരുമാനമെടുക്കുന്നത്.

പാലാ രൂപതയിലെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണു സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org