മലങ്കര സഭയ്ക്ക് പാറശാല രൂപത

മലങ്കര സഭയ്ക്ക് പാറശാല രൂപത
ഡോ. ജോര്‍ജ് കാലായില്‍ പുത്തൂര്‍ ബിഷപ്, കൂരിയാ ബിഷപ്പായി ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ 

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പാറശാല കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. രണ്ടു പുതിയ ബിഷപ്പുമാരെയും പ്രഖ്യാപിച്ചു.
അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതയുടെ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസാണ് പുതിയ പാറശാല രൂപതയുടെ പ്രഥമ മെത്രാന്‍. അമേരിക്കയിലെ രൂപതയില്‍ വന്ന ഒഴിവിലേക്കു തിരുവല്ല അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസിനെ നിയമിച്ചു. കര്‍ണാടകത്തിലെ പുത്തൂര്‍ രൂപതയുടെ പുതിയ ബിഷപ്പായി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. ജോര്‍ജ് കാലായിലിനെയും, സഭാ ആസ്ഥാനത്തു കൂരിയ ബിഷപ്പായി തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടിലിനെയും നിയമിച്ചു.

ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തി. സഭയുടെ എപ്പിസ്കോപ്പല്‍ സൂനഹദോസ് എടുത്ത തീരുമാനങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി.

സെപ്റ്റംബര്‍ 21-ന് അടൂരില്‍ നടക്കുന്ന മലങ്കര സഭാ സംഗമത്തില്‍ നിയുക്ത ബിഷപ്പുമാരുടെ അഭിഷേകചടങ്ങു നടക്കുമെന്നു കര്‍ദിനാള്‍ അറിയിച്ചു. സെപ്റ്റംബര്‍ 23-ന് പാറശാല രൂപതയുടെ ഉദ്ഘാടനം നടക്കും.

തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ചാണു പാറശാല രൂപതയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. ബിഷപ് തോമസ് മാര്‍ അന്തോണിയോസ് പൂന എക്സാര്‍ക്കേറ്റിന്‍റെ ഇടയനായി നേരത്തെ നിയമിതനായ ഒഴിവിലാണു സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററില്‍ കൂരിയാ ബിഷപ്പായി റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ നിയമിതനാകുന്നത്. ഇതിനു പുറമേ യൂറോപ്പിലെയും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലെയും മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശക ചുമതലയും നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിലെ സൗത്ത് കാനറ പുത്തൂര്‍ രൂപത കേന്ദ്രമായിട്ടുള്ള രൂപതയുടെ പ്രഥമ ഇടയന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായ റവ. ഡോ. ജോര്‍ജ് കാലായില്‍ നിയമിതനായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org