കടലില്‍ കുടുങ്ങിയവര്‍ക്ക് ഒടുവില്‍ മാള്‍ട്ടയിലഭയം

കടലില്‍ കുടുങ്ങിയവര്‍ക്ക് ഒടുവില്‍ മാള്‍ട്ടയിലഭയം

യൂറോപ്പിലേയ്ക്കു കുടിയേറാന്‍ ഉദ്ദേശിച്ചു നടത്തിയ കടല്‍യാത്രയ്ക്കൊടുവില്‍ ബോട്ടടുപ്പിക്കാന്‍ കര കിട്ടാതെ കടലില്‍ അലയേണ്ടി വന്ന 49 പേര്‍ക്ക് മാള്‍ട്ടയിലിറങ്ങാന്‍ ഒടുവില്‍ അനുമതി. ഇവരെ സ്വീകരിക്കാന്‍ യൂറോപ്പ് തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെയും മാള്‍ട്ടയിലെയും കത്തോലിക്കാസഭാനേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിഷേധാത്മകമായിരുന്നു ഭരണകൂടങ്ങളുടെയും ജനങ്ങളുടേയും പ്രതികരണം. ഒടുവില്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടനയാണ് സ്വന്തം കപ്പലയച്ച് ഇവരെ രക്ഷപ്പെടുത്തിയത്. ഈ സംഘടന തന്നെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായി നടത്തിയ ആശയവിനിമയങ്ങള്‍ക്കൊടുവിലാണ് ഇവരെ മാള്‍ട്ടയിലിറക്കാന്‍ തീരുമാനമായത്. മാള്‍ട്ടയില്‍ നിന്നു 8 യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഇവരെ പിന്നീടു മാറ്റും.

സന്നദ്ധസംഘടനയുടെ കപ്പലില്‍നിന്ന് ഇവരെ ഏറ്റെടുക്കാന്‍ ഇറ്റലിയുടെ സൈനികക്കപ്പലുകള്‍ തയ്യാറായില്ല. ലിബിയയില്‍ നിന്നു പുറപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍. ഇവരെ തിരികെ ലിബിയയുടെ തീരസംരക്ഷണസേനയ്ക്കു കൈമാറണമെന്ന യൂറോപ്യന്‍ ഭരണകൂടങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സന്നദ്ധസംഘടനയും തയ്യാറായില്ല. തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നത്. ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, ഐര്‍ലണ്ട്, റുമേനിയ, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇവരെ സ്വീകരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org