മൃതദേഹസംസ്കാരത്തിനു സ്ഥലമില്ല; മംഗലാപുരം രൂപതയില്‍ ദഹിപ്പിക്കല്‍ തിരഞ്ഞെടുക്കുന്നു

മൃതദേഹസംസ്കാരത്തിനു സ്ഥലമില്ല; മംഗലാപുരം രൂപതയില്‍ ദഹിപ്പിക്കല്‍ തിരഞ്ഞെടുക്കുന്നു

മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലത്തിന്‍റെ അപര്യാപ്തതമൂലം മംഗലാപുരം രൂപതയിലെ വിശ്വാസികള്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതി തിരഞ്ഞെടുക്കുന്നു. ഈയടുത്ത് അഞ്ചു മൃതദേഹങ്ങളാണ് ഇത്തരത്തില്‍ ദഹിപ്പിച്ചത്. ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നു സഭാവൃത്തങ്ങള്‍ പറഞ്ഞു.

1963 മുതല്‍ സഭയില്‍ മൃതദേഹം ദഹിപ്പിക്കുന്ന തിനുള്ള അനുമതി ഉണ്ടെങ്കിലും ഈ രീതി സ്വീകരിക്കുന്നവര്‍ പൊതുവെ കുറവാണ്. മൃതദേഹം ദഹിപ്പിച്ചശേഷം ലഭിക്കുന്ന ചാരാവശിഷ്ടങ്ങള്‍ നശിപ്പിക്കാനോ നദിയില്‍ ഒഴുക്കാനോ പാടില്ലെന്നും അതു സിമിത്തേരിയില്‍ അടക്കം ചെയ്യണമെന്നുമാണ് സഭ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ സംസ്കരിക്കുന്നതിനോടാണ് ഭൂരിപക്ഷം വിശ്വാസികള്‍ക്കും താത്പര്യമെന്ന് മംഗലാപുരം രൂപതയിലെ പിആര്‍ഒ ഫാ. വില്യം മെനേസിസ് പറഞ്ഞു.

സിമിത്തേരികളില്‍ ശാശ്വത കല്ലറകള്‍ കൂടുന്നതിനാലാണ് മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ സ്ഥലം തികയാതെ വരുന്നതെന്ന് ഉഡുപ്പി രൂപതാധ്യക്ഷന്‍ ബിഷപ് ജെറാള്‍ഡ് ഐസക് ലോബോ വ്യക്തമാക്കി. ഉഡുപ്പി രൂപതയില്‍ ശാശ്വത കല്ലറകള്‍ നല്‍കുന്നില്ലെന്നും കല്ലറകളില്ലാതെ സാധാരണ രീതിയില്‍ മൃതദേഹസംസ്ക്കാരത്തിന് എണ്‍പതു ശതമാനം വിശ്വാസികളും സമ്മതം അറിയിച്ചിട്ടുണ്ടെന്നും ബി ഷപ് ജെറാള്‍ഡ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org