മനുഷ്യജീവന്‍റെയും പ്രകൃതിയുടെയും സംരക്ഷണം ഓരോ വിശ്വാസിയുടെയും ദൗത്യം – ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്

മനുഷ്യജീവന്‍റെയും പ്രകൃതിയുടെയും സംരക്ഷണം ഓരോ വിശ്വാസിയുടെയും ദൗത്യം – ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്

മനുഷ്യജീവന്‍റെയും പ്രകൃതിയുടെയും സംരക്ഷണം ഓരോ വിശ്വാസിയുടെയും ദൗത്യമാണെന്ന് കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. നിസാരകാരണങ്ങളുടെയും അസൗകര്യങ്ങളുടെയും പേരില്‍ ഗര്‍ഭപാത്രത്തില്‍ ഉരുവായ ശിശുവിനെ നശിപ്പിക്കുവാനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി വായുവും മണ്ണും ജലവും മലിനമാക്കുവാനും മടിക്കാത്ത കാഴ്ചപ്പാട് വിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്‍റെ മധ്യസ്ഥതയില്‍ ലോകസമാധാനത്തിനുവേണ്ടിയും മനുഷ്യനന്മയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി ക്രൈസ്റ്റ് നഗറില്‍ ഫിയാത്ത് മിഷന്‍റെ നേതൃത്വത്തില്‍ മിഷന്‍ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന അഖിലകേരള പ്രൊ-ലൈഫ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. സഭയോടൊപ്പം രൂപതകളിലെ പ്രൊ-ലൈഫ് സമിതിയില്‍ പങ്കാളികളായി ജീവന്‍റെ സമഗ്ര സംരക്ഷണ ദൗത്യം ഏറ്റെടുക്കുവാന്‍ പ്രൊ-ലൈഫ് പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വക്താക്കളാകുവാനുള്ള ഉത്തരവാദിത്വം പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് തന്‍റെ പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍ പറഞ്ഞു. ഈറ്റാനഗര്‍ ബിഷപ് റൈറ്റ് റവ. ഡോ. ജോണ്‍ തോമസ് കട്രുകുടിയില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

'പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും കര്‍മ്മപദ്ധതികളും' എന്ന വിഷയത്തെ ആസ്പദമാക്കി കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്‍റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്‍റ് യുഗേഷ് തോമസ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. അബ്രാഹം പുത്തന്‍കുളം, ജോര്‍ജ് ഇ.സി., അഡ്വ. ചാര്‍ളി പോള്‍, മാര്‍ട്ടിന്‍ ന്യൂനസ്, റോണ റിബെയ്റോ, ഷൈനി തോമസ്, ഫ്രാന്‍സിസ്ക ചിറ്റൂര്‍, ജോസ് ഓലിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 31 രൂപതകളിലെ പ്രൊ- ലൈഫ് സമിതി നേതാക്കന്‍മാരും വിവിധ പ്രൊ ലൈഫ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org