മനുഷ്യാവകാശസംരക്ഷണത്തിന് എല്ലാ വ്യക്തികളും പോരാടണം -ഫ്രാന്‍സിസ് മാര്‍പാപ്പ

മനുഷ്യാവകാശസംരക്ഷണത്തിന്  എല്ലാ വ്യക്തികളും പോരാടണം -ഫ്രാന്‍സിസ് മാര്‍പാപ്പ

മനുഷ്യവ്യക്തികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ വ്യക്തിയും തനിക്കു ലഭിച്ചിരിക്കുന്ന സവിശേഷദാനങ്ങള്‍ക്കനുസരിച്ചു പോരാടണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിശേഷിച്ചും, "കാണപ്പെടാത്തവരുടെയും" വിശക്കുന്നവരുടെയും രോഗികളുടെയും തടവുകാരുടെയും സമൂഹത്തിന്‍റെ പാര്‍ശ്വങ്ങളില്‍ കഴിയുന്നവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്രസമ്മേളനത്തിനയച്ച സന്ദേശത്തിലാണു മാര്‍പാപ്പയുടെ വാക്കുകള്‍. മനുഷ്യാവകാശങ്ങളുടെ ആഗോളപ്രഖ്യാപനത്തിന്‍റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം.

നീതിയും മാനവൈക്യവും വര്‍ദ്ധിപ്പിക്കുക എന്നത് ക്രൈസ്തവരെ സംബന്ധിച്ചു പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കാരണം നമ്മുടെ സഹോദരങ്ങളില്‍ എളിയവരായവരുടെ പക്കലേയ്ക്ക് ദൃഷ്ടി തിരിക്കാന്‍ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നു. അവരോട് നാം അനുകമ്പ പ്രകടിപ്പിക്കുകയും അവരുടെ സഹനം ലഘൂകരിക്കാന്‍ മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം – മാര്‍പാപ്പ പറഞ്ഞു.

വികസനമുള്‍പ്പെടെ എല്ലാ നയങ്ങളുടെയും കേന്ദ്രസ്ഥാനത്ത് മനുഷ്യാവകാശങ്ങളെ പ്രതിഷ്ഠിക്കണമെന്ന് സ്ഥാപനപരമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരോടു മാര്‍പാപ്പ നിര്‍ദേശിച്ചു. എല്ലാ മനുഷ്യര്‍ക്കും തുല്യ അന്തസ്സ് ഉറപ്പുവരുത്തുന്നതില്‍ ഇന്നത്തെ സമൂഹം വീഴ്ച വരുത്തുന്നുണ്ട്. നിരവധി അനീതികള്‍ സമൂഹത്തില്‍ തുടരുന്നു. സമ്പത്തിന്‍റെ വിതരണത്തിലുള്ള അനീതിയാണ് അതില്‍ മുഖ്യം. സമൂഹത്തിലെ ഒരു വിഭാഗം ദാരിദ്ര്യത്തിലും മറ്റൊരു വിഭാഗം ധാരാളിത്തത്തിലും ജീവിക്കുന്നു. അജാതശിശുക്കളാണ് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മറ്റൊരു വിഭാഗം. സഹോദരങ്ങളുടെ രക്തത്തിന്‍റെ വില കൊണ്ടു മരണവ്യാപാരികള്‍ ധനികരാകുമ്പോള്‍ സായുധസംഘര്‍ഷങ്ങള്‍ മൂലം മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരേയും സ്മരിക്കേണ്ടതുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org