കോളജുകളിലെ സംഘടനാ പ്രവര്‍ത്തനം സ്വസ്ഥമായ കലാലയാന്തരീക്ഷത്തിനു വെല്ലുവിളി: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കോളജുകളില്‍ സംഘടനാപ്രവര്‍ത്തനം നിയമപരമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വസ്ഥമായ കലാലയ അന്തരീക്ഷത്തിന് ഭീഷണിയും കോടതി വിധികളോടുള്ള വെല്ലുവിളിയുമാണെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേരളത്തില്‍ ഇതുവരെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമാസക്തവും അവസരവാദപരവുമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഏതാനും പേര്‍ക്കുവേണ്ടി ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും അപകടത്തിലാക്കിയ ചരിത്രമാണുള്ളത്. കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിട്ടുള്ള നിരവധി കേസുകളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളാണ് ഉണ്ടായിട്ടുള്ളത് എന്നത് ഉത്തരവാദിത്വമുള്ള ഭരണാധികാരികള്‍ തിരിച്ചറിയാത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കോളജുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ നിയമപരമായ എല്ലാവിധ നടപടികളും നിലനില്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരമാധികാരം നല്‍കുന്നതിനുവേണ്ടി ഇത്തരമൊരു നിയമനിര്‍മാണം കോളജുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും എറണാകുളം മഹാരാജാസ് കോളജുമുള്‍പ്പെടെയുള്ള നിരവധി കോളജുകളില്‍ ജനാധിപത്യ പരിശീലനത്തിന്‍റെ പേരില്‍ അരങ്ങേറിയ അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും അരാജകത്വത്തിന്‍റെയും ഭീകരമുഖങ്ങള്‍ കണ്ട കേരള സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. കേരള യൂണിവേഴ്സിറ്റി കോളജില്‍ രാഷ്ട്രീയത്തിന്‍റെ പിന്‍ബലത്തില്‍ നടന്ന ഏറ്റം അപലപനീയമായ വസ്തുതയാണ്, വളരെ സുതാര്യമെന്നും സ്വതന്ത്രമെന്നും കരുതിയിരുന്ന പി.എസ്.സി. പരീക്ഷയില്‍ നടന്നിരിക്കുന്ന അട്ടിമറി. ഈ അട്ടിമറി ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല. ഈ സംഭവങ്ങളൊക്കെ കോളജ് കാമ്പസുകളില്‍ പക്വമായ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇനിയും നമ്മുടെ യുവ തലമുറ വളര്‍ന്നിട്ടില്ലെന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും അമിതമായ വ്യഗ്രത കാണിക്കാതെ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാതെ കാമ്പസ്സിനു പുറത്ത് ഇത്തരം പരിശീലന പ്രവര്‍ത്തന പരിപാടികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ചെലവില്‍ ആവിഷ്കരിക്കുവാനുള്ള തീരുമാനമാണ് യുവതലമുറയോട് പ്രതിബദ്ധതയുള്ള നേതാക്കന്മാര്‍ കാണിക്കേണ്ടതെന്നു കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org